ഇന്ന് ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ ദിവസം, ദേവാസുരത്തിലെ സൂര്യ കിരീടം ഗാനം പിറന്നത് ഇങ്ങനെ; എം ജി ശ്രീകുമാറിന്റെ വാക്കുകൾ..!!
മലയാളത്തിന്റെ അനുഗ്രഹീത കലാകാരൻ ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ ദിവസമാണ് ഇന്ന്. 2010 ഫെബ്രുവരി 10നാണ് അദ്ദേഹം മലയാള സിനിമയിലെ ഓർമയിൽ മാത്രം ആയത്.
ഏറെക്കാലമായി പ്രമേഹവും രക്താതിമർദ്ദവും അനുഭവിച്ചിരുന്ന ഗിരീഷിനെ 2010 ഫെബ്രുവരി 6-ന് മസ്തിഷ്കാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട്ടെ മിംസ് (മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരി 2-ന് അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയെക്കുറിച്ച് അനുസ്മരണ കുറിപ്പ് എഴുതുന്നതിനിടയിൽ പെട്ടെന്ന് അദ്ദേഹത്തിന് കടുത്ത തലവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിയ ഉടനെ അദ്ദേഹം അബോധാവസ്ഥയിലായി.
രണ്ടു തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായില്ല. ഒടുവിൽ ഫെബ്രുവരി 10-ന് രാത്രി എട്ടേമുക്കാലോടെ അദ്ദേഹം തന്റെ 49-ആമത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞത്.
മംഗലശ്ശേരി നീലകണ്‌ഠനെ സിനിമാ പ്രേമികള്‍ ഒരിക്കലും മറക്കില്ല. മോഹന്‍ലാല്‍ എന്ന നടനെ സൂപ്പർ താരമാക്കിയതില്‍ വലിയ ഒരു പങ്ക് ഐ വി ശശി ഒരുക്കിയ ദേവാസുരത്തിനും നീലകണ്‌ഠനുമുണ്ട്.
മുണ്ടയ്ക്കല്‍ ശേഖരനെ വെല്ലുവിളിയ്ക്കുന്ന നീലന്റെ മാനസികാവസ്ഥകളെ മനോഹരമായി അവതരിപ്പിച്ച ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം മനോഹരമായിരുന്നു. ഗിരീഷ് പുത്തഞ്ചേരി എംജി രാധാകൃഷ്ണന്‍ ടീമായിരുന്നു സംഗീതം കൈകാര്യം ചെയ്തത്.
സിനിമയിലെ സൂര്യകിരീടമെന്ന ഗാനത്തിന് പിന്നിലെ രസകരമായ അനുഭവം വെളിപ്പെടുത്തുകയാണ് ഗായകന്‍ എം ജി ശ്രീകുമാര്‍.
എം ജി ശ്രീകുമാറിന്റെ വാക്കുകൾ ഇങ്ങനെ,
”തന്റെ കുടുംബത്തിലെ എല്ലാവരും ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായിരുന്നു. ചേട്ടനും ചേച്ചിയുമൊക്കെയി സീമ ചേച്ചിയുടെ വീട്ടില്‍ പോയതും അവിടെ നിന്ന് നല്ല ഭക്ഷണം കഴിച്ച് കംപോസിങ്ങിന് പോവുക ഇതൊക്കെയായിരുന്നു അന്നത്തെ അനുഭവം.
അന്ന് മേടയില്‍ വീടിന്റെ പൂമുഖത്ത് എല്ലാവരും ഒരുമിച്ചിരിക്കാറുണ്ട്.
തൊഴാന്‍ വരുന്നവരൊക്കെ അമ്മയോട് കുശലം പറയാറുണ്ട്. അപ്പോഴാണ് ഗിരീഷ് പുത്തഞ്ചേരി ആദ്യമായി വീട്ടിലേക്കെത്തിയത്.
സ്വയം പരിചയപ്പെടുത്തിയതിന് ശേഷമാണ് അദ്ദേഹം ഐവി ശശി പറഞ്ഞിട്ടാണ് വന്നതെന്ന് അറിയിച്ചത്. അങ്ങനെ ഞങ്ങളെല്ലാവരും കൂടി ഒരു ഹോട്ടലില്‍ പോയി.
അവിടെ വെച്ചാണ് നീയങ്ങോട്ട് എഴുതെന്ന് അദ്ദേഹം പറഞ്ഞത്. ചേട്ടനൊന്ന് മൂളിത്താ. താനെഴുതാമെന്നായിരുന്നു ഗിരീഷ് പറഞ്ഞത്. ഒന്ന് മൂളിയതിന് ശേഷം ഇതൊക്കെ മതിയെന്നും അദ്ദേഹം പറഞ്ഞു. വിത്തിന്‍ സെക്കന്‍ഡ് സൂര്യകിരീടം പിറന്നു.” എം ജി ശ്രീകുമാറിന്റെ വാക്കുകൾ.
344 ചിത്രങ്ങളിലായി 1599-ലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട് ഗിരീഷ് പുത്തഞ്ചേരി.
7 തവണ സംസ്ഥാന സർക്കാറിന്റെ ഏറ്റവും മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള അവാർഡ് കരസ്ഥമാക്കി .
മേലേ പറമ്പിൽ ആൺവീട്, ഇക്കരെയാണെന്റെ മാനസം, പല്ലാവൂർ ദേവനാരായണൻ, വടക്കുംനാഥൻ, അടിവാരം, ഓരോ വിളിയും കാതോർത്ത്, കേരളാ ഹൗസ് ഉടൻ വിൽപ്പനക്ക് എന്നീ ചിത്രത്തിന് കഥയും,
വടക്കുനാഥൻ, പല്ലാവൂർ ദേവനാരായണൻ, കിന്നരിപ്പുഴയോരം, ബ്രഹ്മരക്ഷസ്സ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും രചിച്ചു.
അവസാന കാലത്ത് സ്വന്തം തിരക്കഥയിൽ രാമൻ പോലിസ് എന്ന പേരിൽ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഗിരീഷ് പുത്തഞ്ചേരി.