അന്ന് മോഹൻലാൽ ഫാൻസ് വിളിച്ച തെറി; മറ്റൊരു നടനും ഇത്രയും കാലം കൊണ്ട് കേട്ടിട്ടുണ്ടാവില്ല; ഷമ്മി തിലകൻ..!!
മോഹൻലാൽ ആരാധകർ എന്തോ എങ്ങനെയാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ഡൈ ഹാർഡ് ആരാധകർ ഉള്ള നടൻ ആണ് മോഹൻലാൽ. മോഹൻലാലിനെ സിനിമയിൽ തെറി വിളിച്ചതിനും ഇടിച്ചതിനും ഇത്രെയേറെ തെറി മറ്റൊരു നടനും കേൾക്കേണ്ടി വന്നു കാണില്ല എന്ന് ഷമ്മി തിലകൻ പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ..
കുത്തിപ്പൊക്കൽ പരമ്പര. (Chenkol-1993. Script : A.K.LohithDas. Direction : SibiMalayil
1985ൽ ഇരകൾ എന്ന സിനിമയിലൂടെ ആരംഭിച്ച ചലച്ചിത്രലോകത്തെ എൻറെ പ്രയാണത്തിന് ഒരു വഴിത്തിരിവായ സിനിമ.
ചെങ്കോൽ..!! ഒരു നാടക, സിനിമാ സംവിധായകൻ ആകുക എന്ന ആഗ്രഹത്തിന്, താൽക്കാലിക വിരാമമിട്ട്..; ഒരു മുഴുവൻ സമയ അഭിനേതാവായി ഞാൻ മാറുവാൻ ഇടയായത്, 1993ൽ ശ്രീ.A.K.ലോഹിത ദാസിന്റെ തൂലികയിൽ പിറവിയെടുത്ത ഈ സിനിമയിലെ സബ്-ഇൻസ്പെക്ടർ വേഷത്തോടെയാണ്..!
ഈ വേഷം ചെയ്യുന്നതിനായി പ്രൊഡക്ഷൻ കൺട്രോളർ ഷണ്മുഖ അണ്ണൻ വിളിക്കുമ്പോൾ, മദിരാശിയിൽ ഓ ഫാബി എന്ന ചിത്രത്തിൻറെ തിരക്ക് പിടിച്ചുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലിയിലായിരുന്നു ഞാൻ. ആ സിനിമയിൽ ഫാബി എന്ന കാർട്ടൂൺ കഥാപാത്രത്തിന് ശബ്ദം നൽകുകയായിരുന്നു അപ്പോൾ ഞാൻ..! ആനിമേഷൻ സാങ്കേതികവിദ്യ അത്രത്തോളം പുരോഗതി കൈവരിച്ചിട്ടില്ലാത്ത ആ സമയത്ത് വളരെ ശ്രമകരമായിരുന്നു എൻറെ ജോലി.
റിലീസ് തീയതി തീരുമാനിച്ചു കഴിഞ്ഞിരുന്നതിനാൽ അത് നിർത്തി വെച്ചിട്ട് ചെങ്കോലിന്റെ വർക്കിന് പോകാൻ മനസ്സാക്ഷി അനുവദിച്ചില്ല. അതിനാൽ ഷണ്മുഖ അണ്ണന്റെ ക്ഷണം മനസ്സില്ലാമനസ്സോടെ നിരസിക്കുകയായിരുന്നു അപ്പോൾ ഞാൻ..!
എന്നാൽ, എന്റെ വിഷമം മനസ്സിലാക്കിയ ഫാബിയുടെ സംവിധായകൻ ശ്രീക്കുട്ടൻ സ്വന്തം റിസ്കിൽ എന്നെ വിട്ടുനൽകാൻ തയ്യാറായതിനാലും..; ആ വേഷം ഞാൻ തന്നെ ചെയ്യണം എന്ന കടുംപിടുത്തം ലോഹിയേട്ടന്റെ ഭാഗത്തുനിന്ന് ഉണ്ടായതിനാലും ആ പോലീസ് തൊപ്പി എൻറെ തലയിൽ തന്നെ വീണ്ടും എത്തിച്ചേരുകയായിരുന്നു. അതിന്, ലോഹിയേട്ടനോടെന്ന പോലെ തന്നെ ഫാബിയുടെ സംവിധായകൻ ശ്രീക്കുട്ടനോടും ഞാൻ കടപ്പെട്ടിരിക്കുന്നു..! അങ്ങനെ മദിരാശിയിൽ നിന്നും ”പറന്നു വന്ന്” അന്ന് ഞാൻ ചെയ്ത സീനാണ് ഇവിടെ ചേർത്തിരിക്കുന്നത്..!
എന്ത് കളി..? എന്ത് കളിയായിരുന്നെടാ ഒരുമിച്ചു കളിച്ചിരുന്നത്..?! ഈ ഡയലോഗ് എനിക്ക് ഒത്തിരി ജനപ്രീതി സമ്മാനിച്ചു എങ്കിലും..; ലാലേട്ടനെ ലോക്കപ്പിലിട്ട് മർദ്ദിക്കുന്ന സീൻ, അദ്ദേഹത്തിൻറെ ആരാധകരുടെ അപ്രീതി സമ്പാദിക്കാനും ഇടയാക്കി. അന്നവർ എന്നെ വിളിച്ച തെറി മലയാളസിനിമയിലെ ഒരു നടനേയും ഒരാളും, ഒരുകാലത്തും വിളിച്ചിട്ടുണ്ടാവില്ല..!! അന്നത് ഒരുപാട് സങ്കടം ഉണ്ടാക്കി എങ്കിലും, ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അഭിമാനബോധമാണ് എന്നിൽ ഉണ്ടാകുന്നത്..!