ലോക സിനിമയിൽ തന്നെ പകരം വെക്കാൻ ഇല്ലാത്ത അഭിനയ വിസ്മയമാണ് മോഹൻലാൽ, ആരാധകരായ ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ ഒട്ടനവധിയുണ്ട്.
മലയാള സിനിമയിലെ പ്രതാപ കാലത്ത് നായികയായി തിളങ്ങി നിന്ന ഷീല, മോഹൻലാലിന് ഒപ്പം അഭിനയിച്ച ചിത്രമാണ് സ്നേഹവീട്, ചിത്രത്തിന്റെ ലൊക്കേഷനിൽ ഉണ്ടായ അനുഭവം സംവിധായകൻ സത്യൻ അന്തിക്കാട് പങ്കുവെക്കുന്നത് ഇങ്ങനെ;
മനസ്സിനക്കരെയുടെ ഷൂട്ടിങ് നടക്കുന്നതിനിടയിലൊരു ദിവസം ഷീലച്ചേച്ചി പറഞ്ഞു –
സത്യാ, എന്റെ കൂടെയുള്ള പെണ്ണിന് ഒരു സംശയം.
കൂടെയുള്ള പെണ്ണ് എന്നു പറയുന്നത് ഹെയർ ഡ്രെസ്സറാണ്. തെലുങ്കുദേശത്ത് ജനിച്ച ഒരു പാവം സ്ത്രീ. അവർ കേരളത്തിൽ വരുന്നത് ആദ്യമായാണ്. ചേച്ചിയുടെ പിറകിൽനിന്ന് മാറില്ല. ചേച്ചിയോടല്ലാതെ വേറൊരാളോടും മിണ്ടാറില്ല.
എന്താ സംശയം? ഞാൻ ചോദിച്ചു.
സംശയമല്ല. അവൾക്ക് വല്ലാത്തൊരു കൺഫ്യൂഷൻ. സത്യനും ഷീലയും ഒരുപാട് സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെന്ന് അവൾ കേട്ടിട്ടുണ്ട്. എന്നേക്കാൾ പ്രായക്കൂടുതൽ ഉള്ള ആളാണെന്നുമറിയാം. പക്ഷേ, നേരിട്ടുകണ്ടപ്പോൾ എവിടെയോ എന്തോ പന്തികേട്. ഈ തൊപ്പിയും വെച്ച് സെറ്റിൽ ഓടിനടക്കുന്ന ആളാണോ വർഷങ്ങൾക്ക് മുൻപ് കാമുകനും ഭർത്താവുമൊക്കെയായി അഭിനയിച്ചത്? വിശ്വസിക്കാൻ പറ്റുന്നില്ലത്രെ.
സത്യന്റെ സിനിമയിലേക്കാണ് പോകുന്നതെന്ന് പറഞ്ഞ് ട്രെയിൻ കയറിയപ്പോഴേ അവർ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടാകും അത് പഴയ സത്യനാണെന്ന്. സത്യൻ അന്തിക്കാട് എന്നൊരു പേര് ഈ ആന്ധ്രക്കാരി എങ്ങനെ കേൾക്കാൻ!
ഞാൻ പറഞ്ഞു : എനിക്കതിശയമില്ല ചേച്ചി. ചേച്ചിയോടൊപ്പമാണല്ലോ സഹവാസം. അവരങ്ങനെ ധരിച്ചില്ലെങ്കിലേ പ്രയാസമുള്ളൂ.
കൊച്ചുത്രേസ്യയുടെ കുടയെടുത്ത് ചേച്ചി എന്നെ അടിക്കാനോങ്ങി. ചുറ്റുമുണ്ടായിരുന്നവരൊക്കെ ചിരിച്ചു.ഹെയർ ഡ്രസ്സറെപ്പോലെ മണ്ടിയൊന്നുമല്ല ഷീലചേച്ചി. പക്ഷേ, ഇടയ്ക്ക് നിഷ്‌കളങ്കമായ ചില ചോദ്യങ്ങൾ ചോദിക്കും. കുട്ടിത്തം നിറഞ്ഞ ചോദ്യങ്ങൾ. ഒരു കാലത്ത് മലയാള സിനിമ അടക്കിവാണ മഹാനടിയാണ് മുന്നിൽ നിൽക്കുന്നതെന്ന് നമ്മൾ മറന്നുപോകും.
മെല്ലെയൊന്നു പാടി നിന്നെ
ഞാനുറക്കിയോമലേ, എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനായി മൂന്നാറിലെത്തിയപ്പോൾ ചേച്ചി ചോദിച്ചു. പാട്ടല്ലേ. അത് കളർഫുളായി എടുക്കാനാണല്ലോ, മൂന്നാറിലെത്തിയിരിക്കുന്നത്. നയൻതാരയ്ക്കും ജയറാമിനുമൊക്കെ ഡ്രസ്സ് ചേഞ്ചുണ്ട്. എനിക്ക് മാത്രമെന്തിനാ ഈ മുണ്ടും ചട്ടയും? നിറപ്പകിട്ടുള്ള മറ്റേതെങ്കിലും വസ്ത്രമിട്ടുകൂടെ?
അയ്യോ ചേച്ചീ അതു വേണ്ട. കൊച്ചുത്രേസ്യയെ തനി ക്രിസ്തീയവേഷത്തിൽ കാണുന്നതാണ് ഭംഗി. മുണ്ടും ചട്ടയും മാറ്റിയാൽ ആ കഥാപാത്രംതന്നെ മാറിപ്പോകും.”
ഗാനരംഗമായതുകൊണ്ട് ധരിക്കാൻ നിറപ്പകിട്ടുള്ള സാരിയും ആഭരണങ്ങളുമൊക്കെ ചേച്ചി കൂടെ കൊണ്ടുവന്നിട്ടുണ്ടെന്ന് ഞാൻ പിന്നീടാണറിഞ്ഞത്. മുണ്ടും ചട്ടയും മാറ്റാൻ ഞാൻ സമ്മതിക്കില്ലെന്ന് ഉറപ്പായതോടെ ചേച്ചിയുടെ അടുത്ത ചോദ്യം:
എന്നാ പിന്നെ മുണ്ടും ചട്ടയും കളറിലാക്കിക്കൂടെ? നീലമുണ്ടും ചട്ടയും അല്ലെങ്കിൽ പച്ച മുണ്ടും ചട്ടയും?
ഞാൻ ചിരിച്ചുപോയി. അത് നിഷ്‌ക്കളങ്കതയുടെ ചോദ്യമാണ്. തിരശ്ശീലയിൽ, തന്നെ ഏറ്റവും ഭംഗിയായി കാണാനാഗ്രഹിക്കുന്ന ഒരു പുതുമുഖത്തിന്റെ ചോദ്യം.
ആ മനസ്സുതന്നെയാണ് ഷീല എന്ന വലിയ നടിയുടെ മുതൽക്കൂട്ട്. ‘ഒരു പെണ്ണിന്റെ കഥ’ യിൽ സത്യൻ എന്ന മികച്ച നടനെ സ്വന്തം പ്രകടനംകൊണ്ട് വിറപ്പിക്കുന്ന ഷീലയെ കണ്ട് അന്തിക്കാട് ‘ആരാധന’ എന്ന ഓല ടാക്കീസിലിരുന്ന് ഞാൻ കൈയടിച്ചിട്ടുണ്ട്. ‘വാഴ്‌വേമായ’ത്തിലെ നിസ്സഹായയായ നായികയുടെ വൈകാരിക ഭാവങ്ങൾ കണ്ട് കരഞ്ഞിട്ടുണ്ട്. ‘കള്ളിച്ചെല്ലമ്മ’യുടെ ചുറുചുറുക്ക് കണ്ട് കൊതിച്ചിട്ടുണ്ട്. ‘കറുത്തമ്മ’ യുടെ കണ്ണിലെ പ്രണയവും വിരഹവും കണ്ട് അതിശയിച്ചിട്ടുണ്ട്. പ്രശസ്തിയുടെ അത്യുന്നതിയിൽ നിൽക്കുമ്പോഴാണ് ഒരാളോടും അഭിപ്രായം ചോദിക്കാതെ ‘മതി’ എന്ന് സ്വയം തീരുമാനിച്ച് സിനിമാരംഗത്തുനിന്ന് ഷീല പിൻമാറിയത്. പിന്നെ, നീണ്ട ഇരുപത്തിരണ്ടു വർഷം അവർ സിനിമയിൽ ഉണ്ടായിരുന്നില്ല.
ആ സമയത്തൊക്കെ ചേച്ചി എന്തു ചെയ്തു? ഞാൻ ചോദിച്ചിട്ടുണ്ട്. അപ്പോഴാണ് ഞാൻ ഞാനായി ജീവിച്ചത് ഷീലച്ചേച്ചി പറഞ്ഞു
ഇഷ്ടമുള്ളിടത്തോളം മധുരം കഴിച്ചു. കാണാനാഗ്രഹിച്ച നാടുകളൊക്കെ കണ്ടു. ഇഷ്ടംതോന്നിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചു. മദ്രാസിൽ ചൂടു കൂടുമ്പോൾ ഊട്ടിയിലെ അവധിക്കാല വസതിയിൽ പോയി താമസിച്ചു. കഥയെഴുതി, ചിത്രങ്ങൾ വരച്ചു അങ്ങനെ ജീവിതം ആഘോഷമാക്കിയ ഇരുപത്തിരണ്ടു വർഷങ്ങൾ
അപ്പോഴാണ് അനശ്വരനടനായ ബഹദൂർ പണ്ട് പറയാറുള്ള ഒരു വാചകം സത്യമായി മാറിയത് – സിനിമയ്ക്ക് അകത്തേക്കുള്ള വാതിലേയുള്ളൂ. പുറത്തേക്ക് വഴിയില്ല.
ഷീലയെത്തേടി വീണ്ടും മലയാള സിനിമയെത്തി. ആദ്യം അഭിനയിച്ചുതുടങ്ങിയത് മറ്റൊരു സിനിമയാണെങ്കിലും ‘മനസ്സിനക്കരെ’യിലൂടെ പ്രേക്ഷകരിലേക്കെത്താനായിരുന്നു യോഗം. ഒരു സംവിധായകനെന്ന നിലയിൽ അതെനിക്കു കിട്ടിയ ഭാഗ്യം!
ഷൂട്ടിങ് സെറ്റിലെത്തിയ ആദ്യദിവസം ചേച്ചി പറഞ്ഞു: എനിക്ക് പുതിയ രീതികളൊന്നുമറിയില്ല. സത്യൻ പറയുന്നതുപോലെ ഞാനഭിനയിക്കാം. ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്ന ഒരാളാണെന്നു കരുതിയാൽ മതി.
അതാണ് ആ മനസ്സിന്റെ മഹത്ത്വം.
ഇതൊക്കെ ഞാനെത്രയോ കണ്ടതാണെന്ന ഭാവത്തിൽ ഇരിക്കാവുന്ന നടിയാണ് ഷീല. ഇനിയല്പം അഹങ്കാരം കാണിച്ചാലും ആരും കുറ്റം പറയില്ല. പക്ഷേ, സിനിമയെന്ന കലയുടെ മുന്നിൽ എന്നും വിനയത്തോടെ നിൽക്കാനേ ഷീല പഠിച്ചിട്ടുള്ളൂ.
‘മനസ്സിനക്കരെ’ വീണ്ടും കാണാനവസരമുണ്ടായാൽ അതിലൊരു ഭാഗം നിങ്ങളൊന്നു ശ്രദ്ധിച്ചുനോക്കണം.
‘മെല്ലെയൊന്നു പാടി’ എന്ന പാട്ടിലൊരിടത്ത് ജയറാം നിലത്തുനിന്നൊരു പൂവ് പറിച്ചെടുത്ത് അതിന്റെ നേരിയ ഇതളുകളിൽ ഊതുന്നുണ്ട്. അപ്പൂപ്പൻതാടിപോലെയുള്ള ചെറിയൊരു പൂവാണ്. ഷോട്ട് എടുക്കും മുമ്പ് ചേച്ചി ജയറാമിനോട് പറഞ്ഞു: ആ പൂവ് എന്റെ മുഖത്തേക്ക് ഊതിയാൽ മതി ജയറാം. അതെന്തിനാ ചേച്ചീ? അല്ല, അപ്പൊ സത്യൻ ചിലപ്പോൾ അതിന്റെ ക്ലോസപ്പ് എടുക്കും. എന്റെ മുഖത്തിനു മുന്നിലൂടെ പൂ പറക്കുന്നതുപോലെ.
ഞാനത് അങ്ങനെത്തന്നെയാണ് ചിത്രീകരിച്ചത്. നല്ലൊരു ക്ലോസപ്പ് ഷോട്ട് കിട്ടാൻ കൊതിയുള്ള ഒരു പുതുമുഖം ഇപ്പോഴും ഷീലച്ചേച്ചിയുടെ ഉള്ളിലുണ്ട്.
‘സ്‌നേഹവീട്’ എന്ന സിനിമയിലുമുണ്ട് അത്തരം ഒരുപാട് ഓർമകൾ. ഉച്ചകഴിഞ്ഞേ ചേച്ചിയുടെ സീൻ എടുക്കുന്നുള്ളൂ. അതുവരെ മുറിയിൽ വിശ്രമിച്ചോളൂ എന്നുപറഞ്ഞാലും അതിരാവിലെ ഞങ്ങളെത്തും മുൻപ് ലൊക്കേഷനിലെത്തും. ചോദിച്ചാൽ പറയും, മോഹൻലാൽ അഭിനയിക്കുന്നത് കണ്ടുകൊണ്ട് നിൽക്കാമല്ലോ
ലാൽ സിനിമയെന്ന മാധ്യമത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലാത്ത കാലത്ത് അന്നത്തെ സൂപ്പർ താരങ്ങൾക്കൊപ്പം മത്സരിച്ചഭിനയിച്ച നടിയാണ്. പക്ഷേ, കൗതുകത്തോടെ, ആരാധനയോടെ മോഹൻലാൽ അഭിനയിക്കുന്നതും നോക്കി നിൽക്കും. രാവിലെ ആറുമണിക്ക് ഷൂട്ടിങ് തുടങ്ങുമെന്നു പറഞ്ഞാൽ അതിനും പത്തുമിനിറ്റ് മുൻപുതന്നെ സെറ്റിലെത്തിയിരിക്കും. ഒരു പരാതിയുമില്ലാതെ. സമയം ഏറെ വിലപിടിച്ചതാണെന്ന് അവർക്കറിയാം.
ഇന്ന്, മലയാള സിനിമയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ പുരസ്‌കാരം ഷീലച്ചേച്ചിയെ തേടിയെത്തിയിരിക്കുന്നു ജെ.സി. ഡാനിയേൽ അവാർഡ് ! കെ.എസ്. സേതുമാധവൻസാറും നെടുമുടി വേണുവുമടങ്ങിയ ജൂറിയാണ് അതിനായി അവരെ തിരഞ്ഞെടുത്തത്.
തീർച്ചയായും അർഹിക്കുന്ന അംഗീകാരമാണത്. കാരണം, ഷീല മലയാളത്തിന്റെ സ്വന്തം നടിയാണ്, കഥാകൃത്താണ്, ചിത്രകാരിയാണ്. ‘യക്ഷഗാനം’ എന്ന മനോഹരമായ സിനിമയുടെ സംവിധായികയാണ്.
എല്ലാത്തിനുമുപരിയായി കാപട്യമില്ലാത്ത ഒരു നല്ല മനസ്സിന്റെ ഉടമയാണ്.
– ചിത്രഭൂമി, മാതൃഭൂമി (ജൂൺ 8, 2019)
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…