തിരക്കഥ പൂർത്തിയായത് വെറും 6 ദിവസം കൊണ്ട്; കഥ കേൾക്കാത്ത മോഹൻലാൽ സമ്മതവും മൂളി; പിന്നെ നടന്നത് ചരിത്രം..!!

3,335

കഴിഞ്ഞ നാൽപ്പത് വര്ഷമായി മലയാള സിനിമയുടെ അഭിമാനമായി നിൽക്കുന്ന താരം ആണ് മോഹൻലാൽ. ലോക സിനിമയിൽ തന്നെ ഏറ്റവും മികച്ച പത്ത് നടന്മാരിൽ ഒരാൾ ആണ് മോഹൻലാൽ. ചെയ്യാത്ത കഥാപാത്രങ്ങളില്ല എന്ന് തന്നെ വേണം പറയാൻ. വില്ലനായി മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ കൂടി എത്തിയ മോഹൻലാൽ തുടർന്ന് സഹ നടനായും അവിടെ നിന്നുമാണ് നായകനായി എത്തിയത്.

ആദ്യ കാലങ്ങളിൽ കുടുംബ ചിത്രങ്ങൾ കോളേജ് വേഷങ്ങളും നർമ്മ വേഷങ്ങളും എല്ലാം ചെയ്ത മോഹൻലാലിന്റെ ജീവിതത്തിൽ വഴിത്തിരിവ് ആയത് തമ്പി കണ്ണന്താനം ഒരുക്കിയ രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. വിൻസെന്റ് ഗോമസ് എന്ന അധോലോക നായകന്റെ വേഷത്തിൽ എത്തിയ മോഹൻലാൽ ഒരേ സമയം നായകനും വില്ലനുമായിരുന്നു. 1986 ൽ ഈ സിനിമ മോഹൻലാൽ ചെയ്യുമ്പോൾ പ്രായം വെറും ഇരുപത്തിയാറ് മാത്രമായിരുന്നു.

ഇന്നും മോഹൻലാൽ ആരാധകർ അടക്കം വാഴ്ത്തുന്ന കഥാപാത്രം ആണ് വിൻസെന്റ് ഗോമസ്. അതുപോലെ തന്നെ മോഹൻലാൽ പറയുന്ന 2255 എന്ന ഡയലോഗ് എന്നും സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡാണ്. വിൻസെന്റ് ഗോമസിന്റെ ഓരോ ഡയലോഗുകളും മലയാളികൾ ആഘോഷിച്ചു. കാലമിത്ര കഴിഞ്ഞിട്ടും രാജാവിന്റെ മകനും വിൻസെന്റ് ഗോമസും മലയാളി പ്രേക്ഷകരുടെ പ്രിയപെട്ടവയായി നിൽക്കുക്കയാണ്.

ഒരു പഴയ അഭിമുഖത്തിൽ ആ ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ച ഡെന്നിസ് ജോസഫ് ആ ചിത്രം മോഹൻലാലിലേക്കു എത്തിച്ചേർന്ന കഥ വെളിപ്പെടുത്തുകയാണ്. പരാജയങ്ങളിൽ പെട്ട് നിന്ന തമ്പി കണ്ണന്താനത്തിനു വേണ്ടിയാണു ഡെന്നിസ് ജോസഫ് രാജാവിന്റെ മകൻ എഴുതുന്നത്. നായകൻ തന്നെ വില്ലനുമാകുന്ന ഒരു പ്രമേയമായിരുന്നു അത്. ആ കഥാസാരം ഏറെയിഷ്ടപെട്ട തമ്പി കണ്ണന്താനം ആ കഥയുമായി മമ്മൂട്ടിയെ സമീപിച്ചു.

പക്ഷെ പരാജയങ്ങളിൽ പെട്ട് നിന്ന തമ്പിയുമായി ചിത്രം ചെയ്യാൻ മമ്മൂട്ടി വിസമ്മതിച്ചതോടെ തമ്പി കണ്ണന്താനം ആ കഥയുമായി ചെന്നത് സൂപ്പർ താര പദവിയിലേക്ക് കുതിച്ചു കൊണ്ടിരുന്ന മോഹൻലാലിന്റെ അടുത്തേക്കാണ്. കഥ പോലും കേൾക്കാതെയാണ് മോഹൻലാൽ ആ ചിത്രം ചെയ്യാൻ സമ്മതം മൂളിയത്. തമ്പി കണ്ണന്താനത്തിനും ഡെന്നിസ് ജോസഫിനുമൊപ്പം ജോലി ചെയ്യാനുള്ള ആഗ്രഹമാണ് മോഹൻലാലിനെ അതിനു പ്രേരിപ്പിച്ചത്.

വെറും അഞ്ചോ ആറോ ദിവസം കൊണ്ടാണ് താൻ ആ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. അന്നൊക്കെ തന്റെ മുറിയിൽ എന്നും വരുന്ന മമ്മൂട്ടി താൻ എഴുതി വെച്ചിരിക്കുന്ന തിരക്കഥ എടുത്തു വായിച്ചു കൊണ്ട് വിൻസന്റ് ഗോമസ് എന്ന നായക കഥാപാത്രത്തിന്റെ ഡയലോഗ് സ്വന്തം സ്റ്റൈലിൽ അവതരിപ്പിച്ചു കേൾപ്പിക്കുമായിരുന്നുവെന്നും ഡെന്നിസ് ജോസഫ് പറയുന്നു.

ഏതായാലും കുറഞ്ഞ ചെലവിൽ തമ്പിയുടെ കാറ് വിറ്റും റബർ തോട്ടം പണയം വെച്ചുമെല്ലാം തമ്പി തന്നെ നിർമ്മിച്ച ആ ചിത്രം മലയാള സിനിമയിലെ വമ്പൻ വിജയങ്ങളിൽ ഒന്നായി തീരുകയും മോഹൻലാൽ എന്ന താരം ആ വിജയത്തോടെ മലയാള സിനിമയുടെ തലപ്പത്തു എത്തുകയും ചെയ്തുവെന്നും ഡെന്നീസ് ജോസഫ് വെളിപ്പെടുത്തുന്നു.

ഡെന്നിസ് ജോസഫ് എന്ന അതുല്യനായ എഴുത്തുകാരൻ ഇന്ന് ഇല്ല എങ്കിൽ കൂടിയും ഇതുപോലെ മലയാളികൾ എന്നും ഓർക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ വഴി ഓരോ സിനിമ പ്രേമികളുടെ മനസിലും ഡെന്നിസ് ജോസഫ് ഉണ്ടാവും.

You might also like