‘ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്’ എക്സ്ക്ലൂസീവ് പ്രിവ്യൂ കൊച്ചിയിൽ നടന്നു; ചിത്രത്തിനായി ഒത്തു ചേർന്ന് മലയാള സിനിമ

5

ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ ‘ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്’ എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ നടന്നു. സൗഹൃദം, സ്വത്വം, പ്രതിരോധശേഷി, മാനുഷിക ബന്ധങ്ങളുടെ സങ്കീർണതകൾ എന്നീ പ്രമേയങ്ങൾ ആകർഷകമായി അവതരിപ്പിച്ച ചിത്രത്തിനായി മലയാള സിനിമാ വ്യവസായത്തിലെ പ്രമുഖർ കൊച്ചിയിൽ ഒത്തു ചേർന്നു.

Aചിത്രത്തിൻ്റെ സംവിധായകയായ പായൽ കപാഡിയയും കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ എന്നിവരുൾപ്പെടെയുള്ള താരങ്ങളും ഉൾപ്പെടുന്ന സംവാദവും പ്രത്യേക പ്രദർശനത്തിന് ശേഷം നടന്നു.

ഈ സംവാദം പ്രേക്ഷകർക്ക് ചിത്രത്തിന് പിന്നിലുള്ള ക്രിയേറ്റീവ് ടീമുമായി നേരിട്ട് ഇടപഴകാനുള്ള ഒരു അപൂർവ അവസരം നൽകി. ചിത്രത്തിന് വേണ്ടിയുള്ള കലാപരമായ തിരഞ്ഞെടുപ്പുകൾ, ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ് ഇന്ത്യൻ സിനിമയിലേക്ക് കൊണ്ടുവരുന്ന അതുല്യമായ ആഖ്യാന ശൈലി, നിർമ്മാതാക്കളുടെ കാഴ്ചപ്പാട്, സങ്കീർണ്ണമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ അഭിനേതാക്കളുടെ അനുഭവങ്ങൾ എന്നിവയെല്ലാം ഈ സംവാദത്തിന്റെ ഭാഗമായി.

മഹേഷ് നാരായണൻ, പാർവതി തിരുവോത്ത്, റീമ കല്ലിങ്കൽ, ഗായത്രി അശോക്, ഐശ്വര്യ ലക്ഷ്മി, സന്ധ്യ ബാലചന്ദ്രൻ, റിയാസ് സലിം, റാണി ഹരിദാസ്, അതുല്യ ആശാദം, ലെൻഡ്രിക് കുമാർ, സരിൻ ഷിബാബ്, വിഷ്ണു രാഘവ്, ശീതൾ ശ്യാം, നിമിഷ ഹക്കിം, അനഘ നാരായണൻ തുടങ്ങി മലയാള ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖർ സ്ക്രീനിങ്ങിൽ പങ്കെടുത്തു. കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ എന്നിവർ തങ്ങളുടെ പ്രകടനങ്ങളുടെ വെല്ലുവിളികളെയും അതിനു ലഭിച്ച ഫലത്തെയും കുറിച്ച് മനസ്സ് തുറന്നു.

മുംബൈ, ഡൽഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, കൊച്ചി, തിരുവനന്തപുരം, കൊൽക്കത്ത എന്നിവയുൾപ്പെടെ എല്ലാ പ്രധാന നഗരങ്ങളിലും 2024 നവംബർ 22 ന് ചിത്രം പ്രദർശനത്തിനെത്തും. ഫ്രാൻസിൽ നിന്നുള്ള പെറ്റിറ്റ് കായോസ്, ഇന്ത്യയിൽ നിന്നുള്ള ചാക്ക് ആൻഡ് ചീസ്, അനതർ ബർത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച ഔദ്യോഗിക ഇന്തോ-ഫ്രഞ്ച് സഹനിർമ്മാണമാണ് ഈ ചിത്രം. ഇന്ത്യയിൽ എല്ലാ പ്രധാന നഗരങ്ങളിലും സ്പിരിറ്റ് മീഡിയയാണ് ചിത്രം വിതരണം ചെയ്യുന്നത്. പിആർഒ- ശബരി.

You might also like