ചിരിയും പ്രണയവും ആക്ഷനും; കംപ്ലീറ്റ് എന്റർട്ടെയ്നറായി ഇരുപത്തിയൊന്നാം നൂറ്റാണ്ട്; റിവ്യൂ..!!
പ്രണവ് മോഹൻലാൽ നായകനായി എത്തിയ രണ്ടാം ചിത്രമായിരുന്നു അരുൺ ഗോപി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ടോമിച്ചൻ മുളക്പാടം ആണ് ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. സമകാലിക പ്രശ്നങ്ങളും വിവാദ വിഷയങ്ങളെ നര്മത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ അരുൺ ഗോപി ശ്രദ്ധ കൊടുത്തിട്ടുണ്ട്.
പ്രണവ് മോഹൻലാൽ, അപ്പു എന്ന ഗോവയിൽ താമസിക്കുന്ന മലയാളിയുടെ വേഷത്തിൽ ആണ് എത്തുന്നത്. പ്രണവിന്റെ നായികയായി സായ ഡേവിഡ്, സായ എന്ന വേഷത്തിൽ തന്നെ ചിത്രത്തിൽ എത്തുന്നു.
ഗോവൻ കാഴ്ചകളുമായി തുടങ്ങുന്ന ചിത്രത്തിൽ പ്രണവിന്റെ അച്ഛൻ വേഷത്തിൽ എത്തുന്നത് മനോജ് കെ ജയൻ ആണ്. ഗോവയിലെ കാഴ്‌ചകളും, റൊമാൻസും എല്ലാം കൂട്ടിയിണക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ പകുതി. പ്രണവ് സായ കൊമ്പിനേഷനിൽ ഉള്ള പ്രണയ രംഗങ്ങൾ നിറഞ്ഞ ആദ്യ പകുതി അവസാനിക്കുമ്പോൾ, ചിത്രം ഗോവയിൽ നിന്നും കേരളത്തിലേക്ക് എത്തുകയാണ്. ആദ്യ പകുതിയിൽ പ്രേക്ഷകർക്ക് നൽകുന്ന ട്വിസ്റ്റിൽ നിന്നുമാണ് ചിത്രം പുരോഗമിക്കുന്നത്.
പ്രണയത്തിൽ നേരിടുന്ന വെല്ലുവിളികളും, ആക്ഷനും ചെയ്‌സും എല്ലാം ചേർന്നതാണ് രണ്ടാം പകുതി, ഇന്നത്തെ കാലത്ത് വർഗീയത എങ്ങനെയാണ് ജനങ്ങളിലേക്ക് എത്തുന്നത് എന്നും കൊച്ചു കുട്ടികൾ നേരിടുന്ന ലൈംഗീക അതിക്രമങ്ങൾ എങ്ങനെ എന്നും സിനിമ ചർച്ച ചെയ്യുന്നു. ഒരു കുട്ടി ജനിച്ചാൽ അവരുടെ ഭാവിക്ക് വേണ്ടി പണത്തിന് പുറകെ ഓടുന്ന ഇന്നത്തെ തലമുറയുടെ ചിത്രം കൂടിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ അരുൺ ഗോപി പറയുന്നത്. നല്ല ബാല്യം ഉള്ളവർക്കെ നല്ല ഭാവി ഉണ്ടാകൂ എന്ന് ചിത്രം പറയുന്നു.
ഇരുപത് മിനിറ്റിൽ ഏറെ ദൈർഘ്യമുള്ള ട്രെയിൻ ഫൈറ്റ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആക്ഷൻ സീൻ എന്ന് പറയാം, സിനിമയോട് ചേർന്ന് നിൽക്കുന്ന സംഗീതവും സിനിമക്ക് കൂടുതൽ മധുരം നൽകുന്നു.
പ്രണവിന് ഒപ്പം, സായ ഡേവിഡ്, ടിനി ടോം, ആന്റണി പെരുമ്പാവൂർ, ധർമജൻ ബോൾഗാട്ടി, ബിജു കുട്ടൻ, സിദ്ദിഖ്, കലാഭവൻ ഷാജോണ്, ഇന്നസെന്റ്, അഭിരവ്, എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. മുളക്പാടം ഫിലിംസ് ആണ് ചിത്രത്തിന്റെ നിർമാണവും വിതരണവും.