അമ്മക്ക് പുതിയ പ്രതിസന്ധി; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി പുതിയ തർക്കം..!!
പ്രളയം നേരിട്ട കേരളത്തിന് കൈതാങ്ങാകാൻ മലയാള സിനിമയിലെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ, ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കുന്നതിനായി സ്റ്റേജ് ഷോ നടത്താൻ തീരുമാനിച്ചത്. അബുദാബിയിൽ വെച്ചു ഡിസംബർ 7ന് ആണ് ഷോ നടത്തുന്നത്.
എന്നാൽ, സ്റ്റേജ് ഷോക്ക് മുന്നോടിയായി ഉള്ള റിഹേഴ്സലിനും മറ്റുമായി താരങ്ങൾക്ക് 7 ദിവസത്തെ അവധി എല്ലാ സിനിമകളിൽ നിന്നും നൽകണം എന്നും അമ്മ സംഘടന വാട്ട്‌സ് ആപ്പ് വഴി പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷനോട് ആവശ്യപ്പെട്ടിരുന്നു.
അമ്മ സംഘടന മറ്റാരോടും ആലോചിക്കാതെ സ്വമേധയാ എടുക്കുന്ന തീരുമാനങ്ങൾക്ക് നഷ്ടം സഹിക്കാൻ തങ്ങൾക്ക് ആവില്ല എന്നും താരങ്ങളെ വിട്ട് നൽകാൻ കഴിയില്ല എന്നുമാണ് അറിയിച്ചിരിക്കുന്നത്.
കേരള ഫിലിം ചേംബറിനോടോ പ്രൊഡ്യൂസേഷ്‌സ് അസോസിയേഷനോ അലോചിക്കാതെ ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനമെടുത്തത് പ്രതിഷേധാര്‍ഹമാണ്. ഷോ സംഘടിപ്പിക്കാതെ തന്നെ അഞ്ചു കോടിയുണ്ടാക്കാന്‍ സംഘടനക്ക് കഴിയും. തങ്ങളോട് ആലോചിക്കാതെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയ നടപടി തെറ്റാണെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു.
പ്രളയക്കെടുതികള്‍ സിനിമാ മേഖലയേയും ബാധിച്ച സാഹചര്യത്തില്‍ ഷൂട്ടിങ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടു നല്‍കാന്‍ ആവില്ലെന്നാണ് അസോസിയേഷന്‍ വ്യക്തമാക്കിയത്. സിനിമാ വ്യവസായത്തിലെ അംഗങ്ങളടക്കം ഒട്ടനവധി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും തിയേറ്ററുകള്‍ പോലും പ്രദര്‍ശനയോഗ്യമല്ലാതാകുകയും ചെയ്തു. ഓണത്തിന് പോലും സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. വിഷുവരെയുള്ള റിലീസും ചിത്രീകരണവും കഷ്ടപ്പെട്ട് ക്രമീകരിച്ച സാഹചര്യത്തില്‍ താരങ്ങളെ വിട്ടു തരാന്‍ കഴിയില്ലെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.
ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകുന്നത് സ്വാഗതം ചെയ്യുന്നു എങ്കിലും താരങ്ങളെ വിട്ട് നൽകിയ വലിയ നഷ്ടം നിര്മാതാക്കൾക്ക് ഉണ്ടാകും എന്നാണ് നിർമാതാക്കളുടെ സംഘടന വാദിക്കുന്നത്. വിവാദങ്ങളുടെ മുൾമുനയിൽ നിൽക്കുന്ന അമ്മ ഈ വിഷയം കൂടി എത്തുമ്പോൾ കൂടുതൽ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്.