ഞാന്‍ മേനോനല്ല ഞാന്‍ നാഷണല്‍ അവാര്‍ഡ് വാങ്ങിയിട്ടില്ല വലിയ വിദ്യാഭ്യാസമില്ല; മതമല്ല പ്രശ്നം എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം; ബിനീഷ് ബാസ്റ്റിന്റെ പ്രതിഷേധ വാക്കുകൾ വൈറൽ ആകുന്നു..!!
പാലക്കാട് മെഡിക്കൽ കോളേജിൽ കോളേജ് ഡേയിൽ അതിഥിയായി വിളിച്ച ശേഷം അപമാനിക്കപ്പെട്ട നടൻ ബിനീഷ് ബാസ്റ്റിന്റെ പ്രതിഷേധ പ്രസംഗം വൈറൽ ആകുന്നു. ഇതേ ചടങ്ങിൽ അതിഥിയായി സംവിധായകൻ അനിൽ രാധാകൃഷ്ണമേനോനും ഉണ്ടായിരുന്നു.
എന്നാൽ ബിനീഷ് ഉള്ള വേദിയിൽ എത്തിയാൽ താൻ ഇറങ്ങി പോകും എന്നായിരുന്നു അനിലിന്റെ ഭീഷണി. ഇതുകൊണ്ടു ഹോട്ടലിൽ എത്തിയ ബിനീഷിനോട് ചടങ്ങുകൾ പൂർത്തിയായി ഒരു മണിക്കൂറിനു ശേഷം വേദിയിൽ എത്തിയാൽ മതിയെന്ന് കോളേജ് അധികൃതർ അറിയിക്കുകയായിരുന്നു. അനിൽ രാധാകൃഷ്ണമേനോൻ പറഞ്ഞ വാക്കുകൾ ഇപ്രകാരം ആയിരുന്നു.
‘തന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാൻ എനിക്ക് കഴിയില്ലെന്ന്’ എന്നായിരുന്നു.
ഇത് കോളേജ് അധികൃതർ ബിനീഷിനെ അറിയിക്കുകയും ചെയ്തു. എന്നാൽ തനിക്ക് ഏറ്റ അപമാനത്തിൽ മുഖം താഴ്ത്തി മടങ്ങാൻ ബിനീഷ് തയ്യാറായില്ല. അനിൽ പ്രസംഗിക്കുന്ന വേദിയിൽ കയറി സ്റ്റേജിൽ നിലത്തു കുത്തിയിരിക്കുകയിരുന്നു ബിനീഷ് ബാസ്റ്റിൻ.
വേദിയിൽ എത്തിയാൽ പോലീസിനെ കൊണ്ട് പിടിപ്പിക്കും എന്ന അടക്കം ഉള്ള ഭീഷണി കോളേജ് അധികൃതരിൽ നിന്നും ഉണ്ടായി. എന്നാൽ ഇതൊന്നും ബിനീഷ് വകവെച്ചില്ല. തുടർന്ന് മെെക്ക് ഇല്ലാതെയാണ് ബിനീഷ് കാര്യങ്ങൾ വിശദീകരിച്ചത്.
എഴുതി കൊണ്ടുവന്ന പ്രസംഗവും ബിനീഷ് വായിച്ചു. തന്റെ ജീവിതത്തിൽ ഏറ്റവും വലിയ അവഗണന നേരിട്ട ദിവസമാണിത്. വലിയ വിഷമം തോന്നിയ ദിവസമാണ്. ഒരു മണിക്കൂർ മുൻപ് ചെയർമാൻ എന്റെ റൂമിലെത്തി പറഞ്ഞു പരിപാടിക്ക് താമസിച്ചു വന്നാൽ മതിയെന്ന്. അനിൽ രാധാകൃഷ്‌ണമേനോനാണ് മറ്റൊരു ചീഫ് ഗസ്റ്റെന്നും സാധാരണക്കാരനായ തന്നെ ഗസ്റ്റായി വിളിച്ചാൽ അനിൽ രാധാകൃഷ്‌ണമേനോൻ സ്റ്റേജിലേക്ക് കയറില്ലെന്ന് ചെയർമാൻ തന്നോട് പറഞ്ഞെന്നും ബിനീഷ് പറഞ്ഞു.
അവനോട് ഇവിടെ വരണ്ടെന്നും തന്റെ പടത്തിൽ ചാൻസ് ചോദിച്ച ആളാണ് അവനെന്നും അനിൽ പറഞ്ഞതായി ബിനീഷ് വിവരിക്കുന്നു.
“ഞാൻ മേനോനല്ല, ഞാൻ നാഷണൽ അവാർഡ് വാങ്ങിക്കാത്ത ആളാണ്. എന്റെ ലെെഫിൽ തന്നെ ഏറ്റവും വലിയ ദുഃഖമുള്ള ദിവസമാണ് ഇന്ന്. എനിക്ക് വലിയ വേദനയുണ്ട്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കാൻ പാടില്ല. ഞാൻ ടെെലിന്റെ പണിയെടുത്ത് ജീവിച്ച ആളാണ്. വിജയ് സാറിന്റെ കൂടെ പടം ചെയ്‌തിട്ടുണ്ട്.
ഞാൻ 220 ഓളം കോളേജിൽ ഗസ്റ്റ് ആയി പോയിട്ടുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം. വലിയ വിഷമം തോന്നുന്നുണ്ട്. എനിക്ക് വിദ്യാഭ്യാസമില്ല. ഞാൻ ഒരു കാര്യം എഴുതി കൊണ്ടുവന്നിട്ടുണ്ട്. അത് വായിക്കാൻ പോകുകയാണ്. മതമല്ല മതമല്ല പ്രശ്നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം. ഏത് മതക്കാരനല്ല പ്രശ്‌നം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം. ഞാനും ജീവിക്കാൻ വേണ്ടി നടക്കുന്നവനാണ്. ഞാനും ഒരു മനുഷ്യനാണ്.”