പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു; ഇനി ആ മധുര ഗാനങ്ങളിൽ കൂടി നമുക്കോർക്കാം..!!
മലയാള സിനിമയുടെ മറ്റൊരു അതുല്യ കലാകാരൻ കൂടി വിടവാങ്ങി. മലയാള സിനിമയിലെ ഗാനരചയിതാവും കവിയും ആണ് ബി ശിവശങ്കരൻ എന്ന ബിച്ചു തിരുമല. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ എൺപതാം വയസിൽ ആണ് അന്ത്യം.
വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു ബിച്ചു തിരുമല. നാല് ദിവസങ്ങൾക്ക് മുന്നേ ആയിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1975 ൽ ആണ് മലയാള സിനിമയിലേക്ക് ബിച്ചു തിരുമല എത്തുന്നത്.
നാനൂറിലധികം സിനിമകൾക്ക് വേണ്ടി ബിച്ചു ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി ഭാസ്‌കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായി 1942 ഫെബ്രുവരി 13 നായിരുന്നു ബിച്ചു തിരുമല എന്ന ബി.ശിവശങ്കരൻ നായരുടെ ജനനം.
തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി. ഗായിക സുശീലാ ദേവി വിജയകുമാർ ഡോ. ചന്ദ്ര ശ്യാമ ദർശൻ രാമൻ എന്നിവരാണ് സഹോദരങ്ങൾ.
മുത്തച്ഛൻ വിദ്വാൻ ഗോപാലപിള്ള സ്‌നേഹത്തോടെ വിളിച്ച വിളിപ്പേരായിരുന്നു ബിച്ചു. രാകേന്ദുകിരണങ്ങൾ ഒളിവീശിയില്ല എന്ന അവളുടെ രാവുകളിലെ ഗാനം വലിയ വിജയം ആയി മാറി. അതുപോലെ തേനും വയമ്പും , പൂങ്കാറ്റിനോടും , ഓലത്തുമ്പത്തിരുന്നയലാടും തുടങ്ങി ഒട്ടേറെ സൂപ്പർഹിറ്റ് ഗാനങ്ങൾ ബിച്ചു തിരുമലയുടേത് ആയിരുന്നു.