മാധവി ആകാശദൂത് എന്ന ഒറ്റ ചിത്രത്തിൽ കൂടി മലയാളികളുടെ കണ്ണുകൾ നിറച്ച താരം മലയാളത്തിൽ മാത്രം അല്ല ഇന്ത്യൻ സിനിമയിലെ ഒട്ടേറെ ഭക്ഷകളിൽ അഭിനയിച്ചിട്ടുള്ള തരാം നീണ്ട 17 വർഷം അഭിനയ ലോകത്തിൽ നിന്ന താരം കൂടി ആണ്.
17 വർഷത്തോളമുള്ള തന്റെ അഭിനയ ജീവിതത്തിൽ തെലുഗു തമിഴ് മലയാളം കന്നട ചിത്രങ്ങൾക്ക് പുറമേ ഹിന്ദി ബംഗാളി ഒറിയ ചിത്രങ്ങളിലും മാധവി അഭിനയിച്ചു. 1996 ൽ ബിസ്സിനസ്സുകാരനായ റാൽഫ് ശർമ്മ എന്ന പകുതി ഇന്ത്യനെ ഗുരുവിന്റെ ഉപദേശ പ്രകാരം വിവാഹം ചെയ്തു. വിവാഹത്തിനു ശേഷം ചലച്ചിത്ര രംഗത്ത് നിന്നും വിടവാങ്ങി.
സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്താൽ ചിലരെയൊക്കെ പ്രേക്ഷകർ മറക്കും. നടിമാരെയാണെങ്കിൽ പ്രത്യേകിച്ചും. എന്നാൽ മാധവി എന്ന നായികയെ മലയാളി ഒരിക്കലും മറക്കില്ല കാരണം ആകാശദൂത് എന്ന ഒറ്റ സിനിമ തന്നെ. ആകാശദൂത് എന്ന ചിത്രത്തിൽ മാധവി അഭിനയിച്ച അമ്മക്കഥാപാത്രം അത്രമേൽ പ്രേക്ഷകരെ വേദനിപ്പിച്ചിട്ടുണ്ട്.
ഒരു വടക്കൻ വീരഗാഥ ഓർമ്മക്കായ് നവംബറിന്റെ നഷ്ടം എന്നിങ്ങനെ നിരവധിയായ മലയാള ചിത്രങ്ങളിൽ വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ തുടിക്കുന്നത് ആകാശദൂത് എന്ന ചിത്രത്തിലെ അവർ അവതരിപ്പിച്ച ആനി എന്ന അമ്മ വേഷമാണ്.
നടി ഗീത ചെയ്യേണ്ട വേഷമായിരുന്നു ആകാശദൂതിലേത്. എന്നാൽ വാത്സല്യം എന്ന ചിത്രത്തിന്റെ തിരക്ക് മൂലം അവർക്ക് അഭിനയിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് മാധവിക്ക് നറുക്ക് വീണത്. ആകാശദൂത് എന്ന ഒറ്റ സിനിമ മാത്രം മതി മാധവി എന്ന ഈ നടിയെ എക്കാലവും ഓർത്തിരിക്കാൻ. ഒരുവട്ടം ഈ സിനിമ കണ്ടവർ പോലും മാധവിയെ ജീവിതത്തിൽ മറക്കില്ല.
അത്രമേലാണ് ഈ സിനിമയിലൂടെ ഇവർ പ്രേക്ഷകരെ സ്വാധീനിച്ചത്. ഇതോടെ ഹൈദരാബാദ് സ്വദേശിനിയായ മാധവി മലയാളത്തിന്റെ വിഷാദ നായികയായി മാറുകയും ചെയ്തു. ഗോവിന്ദസ്വാമിയുടെയും ശശിരേഖയുടെയും മൂന്നു മക്കളിലൊരാളായി 1962 ൽ ഹൈദരാബാദിലാണ് മാധവി ജനിച്ചത്.
സ്റ്റാൻലി ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ഹൈദരാബാദ് ഡാൻസ് കോളേജിൽ നിന്ന് ഭരതനാട്യവും നാടോടി നൃത്തവും ശാസ്ത്രീയമായി അഭ്യസിച്ചു. 1976 ൽ പുറത്തിറങ്ങിയ തൂർപു പഡമര എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് മാധവി ചലച്ചിത്ര മേഖലയിലേക്ക് എത്തുന്നത്. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങൾ.
തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പം ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ മാധവിക്കായി. തെലുങ്കിൽ അവരുടെ ആദ്യ സിനിമയും അവസാന സിനിമയും ചിരഞ്ജീവിക്കൊപ്പമായിരുന്നു. കെ. ബാലചന്ദർ സംവിധാനം ചെയ്ത മാരോ ചരിത്ര എന്ന തെലുങ്ക് സിനിമയുടെ ഹിന്ദി പതിപ്പായ ഏക് ദുജെ കേലിയെ എന്ന സിനിമ അവരുടെ തലവര ശരിക്കും മാറ്റി മറിച്ചു.
കമലഹാസനൊപ്പം അഭിനയിച്ച ഈ സിനിമ വൻഹിറ്റായി. ഉയിരുള്ളവരൈ എന്ന സിനിമയിലൂടെയാണ് മാധവി തമിഴിൽ അരങ്ങേറുന്നത്. എന്നാൽ രജനികാന്തിന് ഒപ്പമുള്ള തില്ല് മുള്ള് എന്ന സിനിമയാണ് മാധവിയെ തമിഴിൽ ശ്രദ്ധേയാക്കിയത്. രജനിക്കൊപ്പം പിന്നീടും നിരവധി സിനിമകളിൽ മാധവി അഭിനയിക്കുകയുണ്ടായി.
( തമ്പിക്ക് ഇന്ത ഊര് വിടുതലൈ ഗർജനൈ ഉൻ കണ്ണിൽ നീര് വിഴുന്താൽ ) കമലഹാസനൊപ്പവും കുറെയേറെ ചിത്രങ്ങളിൽ അവർ അഭിനയിച്ചു. ( ടിക് ടിക് ടിക് സട്ടം രാജപാർവൈ…ലരേ) കന്നഡയിൽ അംബരീഷ് അനന്തനാഗ് വിഷ്ണുവർധൻ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പവും മാധവി അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അവർ 1990 ൽ അമിതാഭ് ബച്ചനൊപ്പം അഗ്‌നിപഥ് എന്ന സിനിമയിലും അഭിനയിച്ചു.
ലാവ എന്ന ഹരിഹരൻ ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കുള്ള മാധവിയുടെ അരങ്ങേറ്റം. മലയാളത്തിൽ കുറേയേറെ നല്ല വേഷങ്ങൾ അവർക്ക് ലഭിച്ചു. ചങ്ങാത്തം നൊമ്പരത്തിപ്പൂവ് ഓർമ്മക്കായി പൂച്ചസന്യാസി വളർത്തു മൃഗങ്ങൾ കുറുക്കന്റെ കല്യാണം അക്കരെ ഒരു കുടക്കീഴിൽ എന്നിവ അവയിൽ ചിലത് മാത്രം.
ജോഷി ഹരിഹരൻ ഭരതൻ പത്മരാജൻ ശശികുമാർ ഭദ്രൻ സത്യൻ അന്തിക്കാട് സിബി മലയിൽ തുടങ്ങിയ മികച്ച സംവിധായകർക്കൊപ്പമെല്ലാം പ്രവർത്തിക്കാൻ മാധവിക്ക് സാധിച്ചിട്ടുണ്ട്. ഒരു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ( വളർത്തു മൃഗങ്ങൾ ) രണ്ട് തവണ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്‌കാരവും ( ഓർമ്മക്കായി ആകാശദൂത് ) മാധവിക്ക് മലയാളത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
17 വർഷം നീണ്ട കരിയറിൽ ഏതാണ്ട് 300 ൽ അധികം സിനിമയിൽ അവർ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ ഏതാണ്ട് എല്ലാ സൂപ്പർ താരങ്ങളുടെയും നായികയാകാൻ അവർക്ക് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം ആയിരം നാവുള്ള അനന്തൻ ആയിരുന്നു അവരുടെ അവസാന സിനിമ. വിവാഹ ശേഷമാണ് അവർ ഈ സിനിമ അഭിനയിച്ചു പൂർത്തിയാക്കിയത്.
1996 ൽ റാൽഫ് ശർമ്മ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തതോടെ അഭിനയം നിർത്തിയ മാധവി ഭർത്താവിനോടൊപ്പം ഇപ്പോൾ ന്യൂജഴ്‌സിയിൽ താമസിക്കുന്നു. മാധവിയുടെ ആത്മീയ ഗുരുവായ സ്വാമി രാമയുടെ നിർദേശപ്രകാരമാണ് അദ്ദേഹത്തിന്റെ ശിഷ്യൻ കൂടിയായ റാൽഫ് ശർമ്മയെ മാധവി വിവാഹം കഴിച്ചത്. പാതി ഇന്ത്യനും പാതി ജർമ്മനുമായ ബിസിനസ്സുകാരനാണ് റാൽഫ്.
ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സയൻസ് ആൻഡ് ഫിലോസഫിയിൽ വെച്ചാണ് തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ റാൽഫ് ശർമ സ്വാമിയെ ഗുരുവായി സ്വീകരിക്കുന്നത്. 1995 ലാണ് മാധവി ഗുരുവിന്റെ ശിഷ്യയായത്. ഗുരുവാണ് ഇരുവരെയും പരസ്പരം പരിചയെപ്പെടുത്തിയത്. അധികം വൈകാതെ ഗുരുവിന്റെ നിർദേശപ്രകാരം അവർ വിവാഹിതരാവുകയും ചെയ്തു.
ഇപ്പോൾ ഭർത്താവിനും മൂന്ന് പെൺമക്കൾക്കുമൊപ്പം 44 ഏക്കറിൽ പരന്ന് കിടക്കുന്ന കൊട്ടാര സദൃശ്യമായ വീട്ടിൽ സർവസമ്പത്തിനും സൗഭാഗ്യങ്ങൾക്കും നടുവിൽ ആഡംബര ജീവിതമാണ് മാധവി നയിക്കുന്നത്. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിടവാങ്ങിയ താരത്തിന്റെ കൂടുതൽ വിവരങ്ങൾ ആർക്കുമറിയില്ലായിരുന്നു.
എന്നാൽ നാം മറന്നു പോയ മാധവി വിമാനത്തിലേറിയാണ് അടുത്തിടെ പ്രേക്ഷകരുടെ മനസ്സിൽ ലാൻഡ് ചെയ്തത്. വിമാനം പറത്താനുള്ള ലൈസൻസും സ്വന്തമായി വിമാനവുമുള്ള സ്ത്രീ എന്ന തലക്കെട്ടോടെയാണ്
അടുത്തിടെ മാധവി വാർത്തകളിൽ നിറഞ്ഞത്.
സിനിമയുടെ ഗ്ലാമർ ലോകം വിട്ട് വീട്ടമ്മയായി ജീവിക്കുന്ന മാധവിയുടെ പുതിയ രൂപംകണ്ട് അക്ഷരാർത്ഥത്തിൽ ആരാധകരുടെ കണ്ണുതള്ളിയെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഇല്ല. മാധവിയുടെ ഇപ്പോഴത്തെ പ്രധാനയിഷ്ടം വിമാനം പറത്തലാണത്രെ.
ഭർത്താവിന്റെ വിമാനം പറത്തുന്ന മാധവി വിമാനം പറത്താനുള്ള ലൈസൻസും ഇപ്പോൾ സ്വന്തമാക്കിയിട്ടുണ്ട്. മൂന്നു പെൺമക്കളുടെ അമ്മയാണെങ്കിലും വീട്ടമ്മ എന്ന റോളിനപ്പുറം ഭർത്താവിനെ ബിസിനസ്സ് കാര്യങ്ങളിൽ സഹായിക്കുന്ന മിടുക്കിയായ ഭാര്യയുമാണ് ഇപ്പോൾ അവർ.
ആകാശദൂതിലെ കണ്ണീർ കഥാപാത്രത്തെപ്പോലെ ദുർബലയല്ലെന്നും വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ചയെപ്പോലെ വീര്യവും വീറുമുള്ള സ്ത്രീയാണെന്ന് ജീവിതംകൊണ്ടു തെളിയിച്ച അപൂർവ വ്യക്തിത്വമാണ് മാധവിയുടേത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…