അപ്പായ്ക്കിപ്പോ കാശിനോടാണ് ഇഷ്ടം. ഞങ്ങളോട് ഒരു ഇഷ്ടവുമില്ല. ഞങ്ങളുടെ അടുത്ത് ഇരിക്കാൻ പോലും സമയമില്ല; ഒമ്പത്കാരി മകളുടെ പരിഭവങ്ങൾ ഒരച്ഛന്റെ കുറിപ്പ്..!!

മക്കളെയും കടുംബത്തെയും കൂടെപിറപ്പുകളോടും ഒന്നിനും മിണ്ടാൻ സമയമില്ലാത്ത, പണത്തിന് പുറകെ മാത്രം ഓടുന്ന, ഓടിത്തീർക്കുകയാണ് ഓരോരുത്തരും അവരുടെ ജീവിതങ്ങൾ, പുറകോട്ട് നോക്കുമ്പോൾ പണം മാത്രമേ ഉള്ളൂ, ബന്ധങ്ങൾ ഉണ്ടാകുമോ എന്നു തന്നെ സംശയമാകും. ഒരു നിമിഷം ചിന്തിക്കാൻ ബിനിഷ് പാമ്പക്കൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറൽ ആകുന്നത്. അദ്ദേഹത്തിന്റെ ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

“അപ്പായ്ക്കിപ്പോ കാശിനോടാണ് ഇഷ്ടം. ഞങ്ങളോട് ഒരു ഇഷ്ടവുമില്ല. ഞങ്ങളുടെ അടുത്ത് ഇരിക്കാൻ പോലും സമയമില്ല…”

ഒൻപത് വയസ്സുകാരിയായ എന്റെ മൂത്തപുത്രി ഏകദേശം ഒന്നര വർഷം മുൻപ് അവരുടെ അമ്മയോട്, എന്റെ ഭാര്യയോട് പറഞ്ഞതാണ് ഈ വാക്കുകൾ.

കേട്ടപ്പോൾ ആദ്യം മനസ്സിൽ വന്നത് നിരാശയാണ്. ഇവർക്ക് വേണ്ടി ഇങ്ങനെ കിടന്ന് ഓടിയിട്ട് ഇതാണല്ലോ കിട്ടിയത് എന്നാണു ആദ്യം മനസ്സിൽ തോന്നിയ വികാരം. പക്ഷെ, നിമിഷങ്ങൾക്കകം ആ വികാരം സങ്കടത്തിലേക്ക് മാറുകയായിരുന്നു. അവൾ പറഞ്ഞതെത്ര ശരിയാണ്. ഏകദേശം 6 മാസത്തോളം വീട്ടിൽ തന്നെ ഇരിപ്പില്ലായിരുന്നു. ഭാര്യ പൂർണ്ണ ഗർഭിണിയായിരുന്നെങ്കിലും വീട്ടിൽ എന്റെ അപ്പനും അമ്മയും ഉണ്ടല്ലോ എന്ന് വിചാരിച്ച് ഓട്ടമായിരുന്നു. അതിന്റെ കലിപ്പ് ഭാര്യക്ക് ഇപ്പോഴും ഉണ്ടെന്നത് വേറൊരു സത്യം.

എന്തിനാണെന്നോ, എവിടെ ചെന്ന് നിൽക്കുമെന്നോ ഒരു വ്യക്തതയും ഇല്ലായിരുന്നെങ്കിലും ഒരു വല്ലാത്ത ഓട്ടം. വിചാരിച്ച കാര്യങ്ങൾ നടന്നുവെങ്കിലും എന്ത് നേടി എന്നത് ഇപ്പോഴും ഒരു ചോദ്യ ചിഹ്നമായി തന്നെ അവശേഷിക്കുന്നു. മിക്കവാറും ദിവസങ്ങളിൽ രാത്രി വൈകി വീട്ടിൽ വരുമ്പോൾ കുഞ്ഞുങ്ങൾ ഉറങ്ങിയിട്ടുണ്ടാകും. രാവിലെ എഴുന്നേറ്റ് നേരത്തെ പോകുന്നത് കാരണം അപ്പോഴും കാണില്ല. പലപ്പോഴും എന്നെ വിളിച്ച് “അപ്പാ, എപ്പോഴാ വരുന്നത്?” എന്ന ചോദ്യത്തിന് “ഉടനെ വരാമെടാ” എന്ന ഉത്തരം.

എന്തായാലും, കുഞ്ഞ് അത് പറഞ്ഞതിന് ശേഷമാണ് ചിന്തിച്ചത്? എന്തിനു വേണ്ടിയാണ് ഈ ഓടുന്നത്? ആർക്കു വേണ്ടിയാണ് ഈ ഓട്ടം? ഈ കാശെല്ലാം കൂട്ടി വച്ചിട്ട് വീട്ടിൽ വരുമ്പോൾ കുട്ടികളുടെ ചിരിക്കുന്ന മുഖം കാണാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് വിലയാണ് ഈ സമ്പാദ്യത്തിനൊക്കെ? അവരുടെ കൂടെ അൽപനേരം ചിലവഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് ജീവിതമാണിത്?

പുറകോട്ട് വലിഞ്ഞപ്പോൾ പലതും നഷ്ടമായെങ്കിലും എനിക്ക് സന്തോഷമായിരുന്നു. ആ കുഞ്ഞു മുഖങ്ങളിൽ വിരിയുന്ന ചിരിയ്ക്ക് കോടികളുടെ വിലയാണെന്ന് മനസ്സിലായപ്പോൾ ഞാൻ സത്യത്തിൽ ജയിക്കുകയായിരുന്നു. ഈ ഒരു പ്രായത്തിൽ അവർക്ക് വേണ്ടത് എന്റെ സാമീപ്യമാണെന്ന് ഞാൻ തിരിച്ചറിയാൻ ഒരു ഒൻപത് വയസ്സുകാരിയുടെ വാക്കുകൾ വേണ്ടി വന്നു. എത്ര നിസ്സാരരാണ് നമ്മളെന്ന് എന്നെ പഠിപ്പിച്ച വാക്കുകൾ.

ചെറുപ്പത്തിൽ, ഏകദേശം 10 വയസ്സ് വരെ ഒന്നോ രണ്ടോ വർഷത്തിൽ ഒരിക്കൽ മാത്രം അവധിക്ക് വീട്ടിൽ വരുമ്പോൾ കണ്ടിരുന്ന അതിഥിയായിരുന്നു എനിക്കെന്റെ അപ്പൻ. ഇരുപത്തൊന്നാമത്തെ വയസ്സിൽ എന്റെ അപ്പനെ കിലോമീറ്ററുകൾക്കപ്പുറത്ത് നിന്ന് ഫോൺ വിളിച്ച് ഞാൻ കരഞ്ഞപ്പോൾ, പിറ്റേദിവസം വണ്ടി പിടിച്ച് എന്റെ അടുത്തെത്തിയ സ്നേഹമായിരുന്നു എന്റെ അപ്പൻ. ബിരുദാനന്തര ബിരുദത്തിനു പഠിക്കുമ്പോൾ, അപ്പനെ കെട്ടിപ്പിടിച്ച് കിടന്നപ്പോൾ എന്റെ അപ്പൻ പറഞ്ഞ വാക്കുകൾ ഇന്നും കണ്ണുകളെ ഈറനണിയിക്കും.

“ചെറുപ്പത്തിൽ നിന്നെയൊക്കെ കെട്ടിപ്പിടിച്ച് കിടക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ സങ്കടം ഇപ്പോ മാറിയെടാ മോനേ…”

അതുവരെ കർക്കശക്കാരനായ, പട്ടാളച്ചിട്ടയോടെ ഞങ്ങളെ വളർത്തിയ അപ്പന്റെ, നല്ലവണ്ണം തല്ലി തന്നെ വളർത്തിയ അപ്പന്റെ വേറൊരു മുഖമാണ് ഞാനന്ന് കണ്ടത്. അപ്പൻ കനപ്പിച്ച് നോക്കിയപ്പോൾ നിക്കറിൽ മൂത്രമൊഴിച്ചിട്ടുള്ള ഞാൻ അപ്പന്റെ മുഖത്ത് പൊടിഞ്ഞ കണ്ണുനീർ തുടച്ചിട്ട് “ഇതിപ്പോ അപ്പനാണോ ഞാനാണോ മകൻ?” എന്ന് ചോദിക്കുമ്പോഴും എന്റെ ഉള്ളിൽ ആശ്ചര്യമായിരുന്നു. ഇത്രയ്ക്ക് സ്നേഹം ഉള്ളിൽ എങ്ങനെ ഒളിപ്പിച്ച് വെയ്ക്കാൻ കഴിയും ഒരാൾക്ക്? എന്തിനാണീ സ്നേഹമെല്ലാം ഒളിപ്പിച്ച് വെച്ചിരുന്നത്? ചോദിച്ചില്ല, കാരണം ഉള്ളതെല്ലാം പോരട്ടെ എന്ന സ്വാർത്ഥത അപ്പോഴേയ്ക്കും തലയ്ക്ക് പിടിച്ചിരുന്നു.

എന്റെ മകൾ എന്നെപ്പറ്റി പറഞ്ഞപ്പോൾ എന്റെ അപ്പനെ എനിക്കോർമ്മ വന്നത്, എന്റെ അപ്പന് കുട്ടികളായിരുന്ന ഞങ്ങളുടെ കൂടെ ചിലവഴിക്കാൻ പറ്റാത്തതിന്റെ പേരിൽ ഇന്നും മനസ്സിൽ അടക്കിവെച്ചിരിക്കുന്ന, പ്രകടിപ്പിക്കാൻ പറ്റാതിരുന്ന സ്നേഹത്തെകുറിച്ചാണ്. അത് പ്രകടിപ്പിക്കാൻ നീണ്ട 12 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്ന അപ്പന്റെ ദയനീയമായ അവസ്ഥയെക്കുറിച്ചാണ്. പ്രകടിപ്പിക്കാൻ കഴിയാത്ത സ്നേഹം ഹൃദയത്തിനുള്ളിൽ ഒതുക്കി വെച്ചിരിക്കുന്ന ഒരു മനുഷ്യന്റെ വിഹ്വലതകൾ അന്നാണെനിക്ക് വ്യക്തമായത്.

ഇപ്പൊ ഒരു വ്യക്തതയുണ്ട്. ജീവിതത്തിൽ സ്നേഹമുണ്ട്. എങ്ങോട്ടാണെന്ന ലക്ഷ്യബോധമുണ്ട്. കുഞ്ഞുങ്ങൾ തള്ളിപ്പറയില്ലെന്ന ആത്മവിശ്വാസമുണ്ട്.

അപ്പനും അമ്മയും പണത്തിനു പിന്നാലെ, കൂടുതൽ കൂടുതൽ കാശ് ഉണ്ടാക്കാൻ വേണ്ടി ഓടുന്ന ഒരു ജീവിതമാണ് പല മക്കളും കണ്ട് വളരുന്നത്. എന്തിനാണെന്നോ, എവിടെ ചെന്ന് നിൽക്കുമെന്നോ അറിയില്ലാത്ത ഓട്ടം. ഒന്ന് നിന്ന് ചുറ്റുമുള്ളവരെ സ്നേഹിച്ചു നോക്കിയാൽ നമുക്ക് തന്നെ മനസ്സിലാകും ഈ ഓട്ടത്തിന്റെ വ്യർത്ഥത.

പലപ്പോഴും നമ്മളെല്ലാം മറന്നു പോകുന്ന വലിയ സത്യമാണ് – കാശിനേക്കാളും, സമ്പത്തിനേക്കാളുമൊക്കെ വിലയുള്ളതാണ് സ്നേഹമെന്ന സത്യം. ആർക്കും, ഒരിക്കലും, ഒരിടത്തും ഒളിച്ചു വെക്കാനാവാത്ത സത്യം.

News Desk

Recent Posts

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

15 hours ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

15 hours ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

15 hours ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

5 days ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

2 weeks ago

‘ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്’ എക്സ്ക്ലൂസീവ് പ്രിവ്യൂ കൊച്ചിയിൽ നടന്നു; ചിത്രത്തിനായി ഒത്തു ചേർന്ന് മലയാള സിനിമ

ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…

2 weeks ago