സ്വന്തം മകനെ സംസ്കരിക്കാൻ പോലും ആറടി മണ്ണില്ലാത്ത ഈ പാവങ്ങളോട് നിങ്ങളിത് എന്തിന് ചെയ്തു; കുറിപ്പ് വൈറൽ..!!
മലയാളികളെ വീണ്ടും ഞെട്ടലിൽ ആഴ്ത്തിയ അരുംകൊല വീണ്ടും, കൃപേഷും ശരത് ലാലും. കൃപേഷിന്റെ വീട് ഓല മേഞ്ഞത്. കേറിക്കിടക്കാൻ പോലും സ്ഥലമില്ല, പട്ടിണി, അതിലേറെ സ്വന്തം മകന്റെ ചേതനയറ്റ ശരീരം സംസ്കരിക്കാൻ പോലും ആറടി മണ്ണില്ലാത്ത പാവങ്ങൾ, കണ്ണീരിൽ ആഴ്ത്തിയ കുറിപ്പ് ഇങ്ങനെ,
കൃപേഷിന്റെ പ്രായമുള്ള എന്നെ വായിക്കുന്ന അനിയന്മാരോട്.
അനിയാ,
താഴെ ചിത്രത്തിൽ കാണുന്നത് കൃപേഷിന്റെ വീടാണ് (അങ്ങിനെ വിളിക്കാമോ എന്നെനിക്കറിയില്ല). മറ്റൊരു കാര്യം, കൃപേഷിൻറെ മൃതദേഹം സംസ്‌കരിക്കാൻ അവർക്ക് ആറടിഭൂമി പോലുമില്ല. കൂടെകൊല്ലപ്പെട്ട ശരത്‌ലാലിൻ്റെ അച്ഛന്റെ സഹോദരൻ നൽകുന്ന ഭൂമിയിലാണ് കൃപേഷിന്റെ മൃതദേഹവും കൂടെ സംസ്കരിക്കുന്നത്. സമാനമായ ജീവിതസാഹചര്യമുള്ള ആരെങ്കിലും എന്നെ വായിക്കുന്നുവെങ്കിൽ ഞാൻ എന്റെ നിലപാട് പറയട്ടെ-
മക്കളെ, എന്താണ് നിങ്ങൾ രാഷ്ട്രീയപ്രവർത്തനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ആറടിമണ്ണുപോലും സ്വന്തമായില്ലാത്ത, വീടെന്നുപറയാൻ കഴിയാത്ത ഓലക്കുടിലിൽ ജീവിക്കുന്ന, മൂന്നുനേരം ഭക്ഷണം കഴിക്കുവാൻ ശേഷിയില്ലാത്ത, അതേനിലയിൽ പട്ടിണിക്കിരിക്കുന്ന മാതാപിതാക്കളും സഹോദരങ്ങളുമുള്ള, പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുവാൻ പോലും സൗകര്യങ്ങളില്ലാത്ത ഒരു ജീവിത സാഹചര്യത്തിൽ നിന്നും നിങ്ങളിറങ്ങുന്നത് കൊടിപിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും മാത്രമല്ല യുവാക്കളെ. മറിച്ചു വധശ്രമത്തിനും, കേസിൽ പ്രതിയാകാനും, ജയിലിൽ കിടക്കാനും, അന്യ രാഷ്ട്രീയപ്പാർട്ടിക്കാരനെ വെട്ടിക്കൊല്ലാനും, ഒടുവിൽ, സ്വയം മുഖംപോലും ഉറ്റവർക്കും അമ്മയ്ക്കും കാണാനാവാത്ത രൂപത്തിൽ വെട്ടിവികൃതമാക്കപ്പെട്ട മരവിച്ച ശരീരമായി നിങ്ങൾ സ്വന്തം വീട്ടുമുറ്റത്തെത്തുന്നു. ഇതാണോ സത്യത്തിൽ യുവജനരാഷ്ട്രീയ പ്രവർത്തനം, നിങ്ങൾ അങ്ങിനെ തെറ്റിദ്ധരിച്ചുവോ
ഇതേസമയം സംഘടനയ്ക്കുവേണ്ടി വെട്ടാനും ചാവാനും തയ്യാറാകുന്ന നിങ്ങൾക്കുവേണ്ടി നിങ്ങളുടെ പാർട്ടികൾ, നേതാക്കൾ എന്തൊക്കെ ചെയ്തു.? ചിന്തിച്ചിട്ടുണ്ടോ സഹോദരന്മാരെ? നിങ്ങളുടെ സംഘടന നിങ്ങൾ ചാവാൻ തയ്യാറായി വീടും, വീട്ടിലെ പട്ടിണിയും ഉപേക്ഷിച്ചു വന്നപ്പോഴെങ്കിലും നിങ്ങൾക്കായി ഒരു കൂരപണിയാൻ സഹായിച്ചോ? പ്രാഥമിക കൃത്യങ്ങൾക്ക് കക്കൂസ് നിർമ്മിക്കാനെങ്കിലും നിങ്ങളുടെ സംഘടനാ സഹപ്രവർത്തകർ ശ്രമദാനമെങ്കിലും നടത്തിയോ? കുടുംബത്തിലെ പട്ടിണിമാറ്റാനെങ്കിലും പാർട്ടി സഹായിച്ചോ, ഒരു ജോലിതരപ്പെടുത്തി തന്നോ.? ഇതൊന്നുമില്ലെങ്കിൽ നിങ്ങൾ രാഷ്ട്രീയപ്രവർത്തനം തുടങ്ങേണ്ടത് വീട്ടിൽനിന്നാണ്. അതെ സഹോദരാ സ്വന്തംവീട്ടിൽ നിന്ന്. അറിവ് നേടണം, മാതാപിതാക്കളെ സഹായിക്കാനാകണം, അവരുടെ പട്ടിണിമാറ്റാൻ ജോലിനേടാൻ കഴിയണം. അവർക്ക് വിശ്രമിക്കാൻ ഒരു കൂരയോ/ വാടകവീടെങ്കിലും സ്വന്തമാക്കാൻ നിങ്ങൾക്ക് കഴിയണം.! ഇല്ലെങ്കിൽ നിങ്ങളുടെ ജന്മംതന്നെ ഒരു ദുരന്തമാണ്; അപശകുനമാണ്.!
നിങ്ങൾ അദ്ധ്വാനിച്ചുകൊണ്ടുവരുന്ന വിഭവങ്ങൾ പാചകംചെയ്തു സന്തോഷത്തോടെ വിളമ്പിത്തരുന്ന അമ്മയുടെ കണ്ണിലെ സന്തോഷം കണ്ടിട്ടുണ്ടോ? ഒരു സാരിയോ ഷർട്ടോ, ചുരിദാറോ സമ്മാനമായി ലഭിക്കുമ്പോൾ നിങ്ങളുടെ അമ്മയുടെ, അച്ഛൻറെ, പെങ്ങളുടെ, വല്ല്യമ്മയുടെ, അപ്പൂപ്പന്റെ കണ്ണിലെ തിളക്കം കണ്ടിട്ടുണ്ടോ? സത്യത്തിൽ ഇതൊക്കെയാണ് സഹോദരന്മാരെ രാഷ്ട്രീയപ്രവർത്തനം. എന്നിട്ട്, ഇതെല്ലാം കഴിഞ്ഞിട്ടും നിങ്ങൾക്ക് സമയമുണ്ടെങ്കിൽ, അടുപ്പുപുകയുന്ന വീടും, ആഹ്‌ളാദത്തോടെ ജീവിക്കുന്ന അമ്മയും അച്ഛനും ഉറ്റവരുമെല്ലാം വീട്ടിൽ സുരക്ഷിതമായുള്ള അവസ്ഥയുണ്ടാകുമ്പോൾ നിങ്ങൾക്ക് വിശ്വാസവും താല്പര്യവുമുള്ള ഒരു പ്രസ്ഥാനത്തിന്റെ പ്രവർത്തകരാകൂ. യുവജനരാഷ്ട്രീയം നന്മയ്ക്കുവേണ്ടി എന്ന ആത്മബോധത്തിൽമാത്രം പ്രസ്ഥാന പ്രവർത്തകരാകൂ. അവിടെയും വെട്ടലും കൊല്ലലുമല്ല രാഷ്ട്രീയപ്രവർത്തനം എന്നും മനസ്സിലാക്കൂ. നിങ്ങളെ ഉപയോഗിച്ച് രക്തസാക്ഷി/ കൊലയാളി നിർമ്മാണം നടത്തുന്ന രാഷ്ട്രീയ ചെന്നായ്ക്കളായ നേതാക്കന്മാരെ തിരിച്ചറിയൂ. അത്തരം രാഷ്ട്രീയവഴികളിൽ നിന്ന് ആർജ്ജവത്തോടെ മാറിനിൽക്കാൻ നിങ്ങളുടെ ചിന്തകൾ ഉണരട്ടെ.!
രക്തവും കണ്ണുനീരും, അമ്മമാർക്കുപോലും കാണാനാവാത്ത രൂപത്തിൽ വികൃതമാക്കപ്പെട്ട കബന്ധങ്ങളും നിർമ്മിക്കുന്ന പൈശാചിക രാഷ്ട്രീയ കൗടില്യങ്ങളുടെ തീജ്വാലയിലേക്ക് ചാടുന്ന ഈയാംപാറ്റകളാവരുത് എന്ന്, കേരളത്തിൻറെ യുവജനത തീരുമാനിക്കാൻ വൈകിയിരിക്കുന്നു എന്ന് മാത്രം ഓർമ്മിപ്പിക്കട്ടെ ഇനിയും വൈകരുത്, പ്ലീസ്.!
അഡ്വ. ജഹാംഗീർ റസാഖ് പാലേരി
കൃപേഷിന്റെ പ്രായമുള്ള എന്നെ വായിക്കുന്ന അനിയന്മാരോട്…!***********************അനിയാ,താഴെ ചിത്രത്തിൽ കാണുന്നത്…
Posted by അഡ്വ. ജഹാംഗീർ പാലേരി on Monday, 18 February 2019