ആരാണ് കുമ്പളങ്ങി നൈറ്റ്‌സിലെ സൈക്കോ ഷമ്മി; മനശാസ്ത്രജ്ഞന്റെ കുറിപ്പ് വൈറൽ ആകുന്നു..!!

വേറിട്ട വേഷങ്ങൾ ചെയ്യുന്നതിലൂടെ ഏറെ ആരാധകരെ നേടിയ നടനാണ് ഫഹദ് ഫാസിൽ, ഫഹദ് പ്രധാന വേഷത്തിൽ എത്തിയ കുമ്പളങ്ങി നൈറ്റ്സിൽ ഇതുവരെ ആരും പ്രതീക്ഷിക്കാത്ത അഭിനയ മുഹൂർത്തങ്ങൾ തന്നെയാണ് ഫഹദ് കാഴ്ച വെക്കുന്നത്. ഫഹദിന്റെ കഥാപാത്രത്തെ കുറിച്ച് മനശാസ്ത്ര വിദഗ്ധനായ ഡോക്ടർ ബോബൻ ഇറനിമോസ് എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറൽ ആകുന്നത്. കുറിപ്പ് ഇങ്ങനെ,

കുമ്പളങ്ങി നൈറ്റ്സ്: മനശാസ്ത്ര വായന

കുമ്പളങ്ങി നൈറ്റ്സിനെ കുറിച്ച്‌ കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റ് ചില കാരണങ്ങളാൽ പിൻവലിക്കേണ്ടി വന്നിരുന്നു. പ്രിയ സുഹൃത്തുക്കൾ ഇത് വായിക്കുമെന്ന് കരുതുന്നു.

ഷേവ് ചെയ്ത് മുഖം മിനുക്കി, മീശയുടെ അരികുകൾ കൃത്യമായി വെട്ടി ഒതുക്കി, അലക്കി തേച്ച വസ്ത്രവുമിട്ട് ചുണ്ടിൽ കള്ള ചിരിയുമായിയാണ് കുമ്പളങ്ങിയിലെ ഷമ്മി കടന്നു വരുന്നത്. പുറമെ മാന്യനായി പെരുമാറുന്ന ഷമ്മി, ഉപദേശം കൊണ്ട് മറ്റുള്ളവരെ കീഴ്പ്പെടുത്തി സ്തീകളെ വരച്ച വരയിൽ നിർത്തി അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന ആൺകോയ്മയുടെ പ്രതിനിധി എന്ന നിർവ്വചനത്തിന് അർഹനാണ്. താൻ പറയുന്നത് മാത്രമാണ് ശരിയെന്ന് കടും പിടുത്തം പിടിക്കുന്ന ,സ്ത്രീയുടെ ശബ്ദം വീട്ടിൽ ഉയർന്ന് കേൾക്കരുതെന്ന് കരുതുന്ന മലയാളിയുടെ ആണധികാരത്തിന്റെ പ്രതിനിധി മാത്രമാണോ അയാൾ ? അധികാരം കൈയ്യേറുന്ന പുരുഷൻ എന്ന നിർവ്വചനങ്ങൾക്കപ്പുറത്ത് രോഗാതുരമായ വ്യക്തിത്വത്തിന്റെ ചില അടയാളങ്ങൾ ഷമ്മിയിൽ കാണാൻ കഴിയും.

തേച്ചെടുത്ത വസ്ത്രത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന വ്യക്തിത്വ വൈകല്യത്തിന്റെ / പേഴ്സണാലിറ്റി ഡിസോഡേഴ്സിന്റെ ചില ലക്ഷണങ്ങൾ വളരെ ശ്രദ്ധയോട് കൂടി നോക്കിയാൽ കണ്ടെത്താനാകും.

മാനസികാരോഗ്യ ചികിത്സകരെ വല്ലാതെ കുഴക്കുന്ന ഒന്നാണ് പേഴ്സണാലിറ്റി ഡിസോഡേഴ്സ്.( Personality Disorders) ഒരു കാർഡിയോളജിസ്റ്റ് തന്റെ രോഗിയിൽ ഇലക്ട്രോ കാർഡിയോഗ്രാം ഉപയോഗിച്ച് ഹൃദയത്തിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന താളപ്പിഴകൾ കണ്ടെത്തുന്നത് പോലെയോ ഒരു പൾമോണോളജിസ്റ്റ് സ്പൈറോമട്രി ടെസ്റ്റ് ഉപയോഗിച്ച് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കണ്ടെത്തുന്ന പോലെയോ രോഗം നിർണ്ണയം (Diagnosis) നടത്തി അത്ര പെട്ടെന്ന് കണ്ടെത്താവുന്ന ഒന്നല്ല ഇത്. ഈ രോഗമുള്ളവർ നോർമൽ ആണെന്നു സ്വയം വിശ്വസിക്കുകയും മറ്റുള്ളവർക്കാണ് പ്രശ്നമെന്ന് പറയുകയും ചെയ്യും. അതു കൊണ്ട് തന്നെ ചികിത്സക്കായി മാനസികാരോഗ്യ ചികിത്സകരെ ഇത്തരക്കാർ സമീപിക്കാറില്ല. ഷമ്മിയുടെ കഥാപാത്രം തന്നെ തന്നെ വിലയിരുത്തുന്നത് ആ തരത്തിലാണ്. രോഗമുള്ള വ്യക്തി തന്നെ പെർഫെക്ടായി കാണുന്നതു കൊണ്ട് തന്നെ രോഗിയുടെ കൂടെ ജീവിക്കുന്നവർക്ക് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വരുന്നു. വ്യക്തിത്വത്തിലെ പ്രശ്നങ്ങൾ മറ്റുള്ളവരേക്കാൾ കൂടുതൽ മനസ്സിലാകുന്നത് വീട്ടിലുള്ളവർക്കാണ്. മീശയുടെ അരിക് പോലെ ഉള്ളിലേയ്ക്ക് തുളഞ്ഞ് കയറുന്ന നോട്ടവും,ഭീതിജനിപ്പിക്കുന്ന ചിരിയുമൊക്കെച്ചേർന്ന ഷമ്മിയുടെ പെരുമാറ്റത്തെ ഭയത്തോടെയാണ് കുട്ടികളും, കുടുംബാഗങ്ങളും കാണുന്നത്. ഷമ്മി ഉളളപ്പോഴോ ഷമ്മിയുടെ വരവോടെയോ കുമ്പളങ്ങിയിലെ വീട് ശബ്ദമുയർത്താനാകാതെ നിശബ്ദതയിലേക്ക് ആണ്ടുപോകുന്നുണ്ട്‌.

പുറമെ മാന്യനായി പെരുമാറുന്ന ഷമ്മിയിൽ അസാധാരണത്വം ഒന്നു പെട്ടെന്ന് കണ്ടെത്താനാകുന്നില്ല. കുടുംബം നോക്കുന്ന, മറ്റുള്ളവർക്ക് സംരക്ഷണം നല്കുന്ന, ജോലി ചെയ്യാൻ താല്പര്യമുള്ള ഷമ്മി, നെപ്പോളിയന്റെ മക്കളിൽ നിന്നും വ്യത്യസ്തനാണ്.
ഏതൊരു അമ്മായി അമ്മയും ആഗ്രഹിക്കുന്ന മരുമകനായി തന്റെ കുടുംബ വേഷം ഭംഗിയാക്കുമ്പോൾ മറുവശത്ത് ഒളിഞ്ഞിരിക്കുന്ന രോഗാതുരമായ വ്യക്തിത്വ വൈകല്യത്തിന്റെ ലക്ഷണങ്ങൾ തലപൊക്കുന്നത് കാണാൻ കഴിയും. കല്യാണ കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ കഴിക്കുന്ന പ്ലെയിറ്റ് ഭാര്യവീട്ടിലേയ്ക്ക് കൊടുത്തയക്കുന്ന ഷമ്മിക്ക് ഒരു പക്ഷേ കുട്ടിക്കാലത്തോ, കൗമാരകാലഘട്ടത്തിലോ കുടുംബാഗങ്ങൾ ഇല്ലാതെ ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നിട്ടുള്ള സാഹചര്യങ്ങളിലാണോ ജീവിച്ച് വന്നിട്ടുണ്ടാവുക? അസാധാരണമായ ഇത്തരം പല ശീലങ്ങളും പിന്നീടങ്ങോട്ട് കാണാൻ കഴിയും. വൃത്തിക്ക് അപ്പുറത്ത് ഉള്ള പരിപൂർണ്ണത (Perfection) വസ്ത്രാധാരണത്തിലും, മുഖത്തു, മീശയുടെ അരികുകളിലും കഥാപാത്രം നിലനിർത്തുന്നുണ്ട്. അത് ഷമ്മി ബാർബർ ആയത് കൊണ്ടല്ല. വരത്തനിലെ ആദ്യ പകുതിയിൽ പാറ്റയെ കൊന്നതിൽ വിഷമിക്കുന്ന വ്യക്തിയാകുമ്പോൾ
കുമ്പളങ്ങിയിലെ ഷമ്മിയാകട്ടെ കണ്ണാടിയിൽ കാണുന്ന പൊട്ട് പോലും സ്വന്തം പ്രതിരൂപത്തിന്റെ പൂർണ്ണതയെ ഹനിക്കുന്നുണ്ടെന്ന ചിന്തയോടെ ബ്ലയിഡ് കൊണ്ട് ചുരണ്ടി ചിരിയോടെ വാഷ് ബെയിസനിലേയ്ക്ക് ഇട്ട് കളയുന്നു. സ്വന്തം ശരീരം നോക്കിക്കൊണ്ട് ”എ കംപ്ലീറ്റ് മാൻ” എന്ന റെയ്മണ്ട്‌സിന്റെ പരസ്യ വാചകം പറയുന്ന കഥാപാത്രം താൻ എല്ലാ തരത്തിലും പരിപൂർണ്ണനാണെന്ന് സ്വയം ബോധ്യപ്പെടുത്തുന്നു.

മാന്യമായവസ്ത്രാധാരണവും ,”മോളൂ” എന്ന പതിഞ്ഞ വിളികൾക്കും പുറകിൽ പെരുമാറ്റത്തിലും,സ്വഭാവത്തിലും എവിടെയെക്കെയോ ചില അസ്വഭാവികതകൾ നിഴലിച്ച് നിൽക്കുന്നത് കാണാനാകും.

പേഴ്സണാലിറ്റി ഡിസോഡറോ, വ്യക്തിത്വ വൈകല്യങ്ങളാ ഉള്ളവർ പൊതുവേ മാന്യമായി വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്നവരാണ്. പുറമെ നിന്ന് നോക്കിയാൽ ഷമ്മിയേപ്പോലെ ഇവരിൽ രോഗാതുരമായ ഒന്നു പെട്ടെന്ന് കണ്ടെത്താൻ കഴിയില്ല. അമിതമായി ദേഷ്യപ്പെടുന്ന, അല്പം കടും പിടുത്തം പിടിക്കുന്ന, ചില പ്രത്യേക ശീലങ്ങൾ ഉള്ള വ്യക്തി എന്ന തരത്തിൽ സമൂഹം ഇവരെ വിലയിരുത്തുന്നു. ഒട്ടുമിക്കവരും ആകഷകമായ സംസാര ശൈലി ഉള്ളവരായിരിക്കും.

മറ്റുള്ളവരെ കൗശലം കൊണ്ട് സ്വാധീനിക്കാൻ കഴിയുന്ന ഇവർ പൊതുസമൂഹത്തിന് മുന്നിൽ ഞാൻ ഒരു പ്രശ്നക്കാരനല്ല എന്ന് മറ്റുള്ളവരെ കൊണ്ട് പറയിക്കുന്ന തരത്തിലാകും പെരുമാറുക. നല്ല ശീലങ്ങൾ ഉള്ള വ്യക്തി എന്ന അഭിപ്രായം നേടി എടുക്കാൻ അത്തരക്കാർക്ക് അധികം ബുദ്ധിമുട്ടേണ്ടി വരുന്നില്ല. എന്നാൽ കൂടെ താമസിക്കുന്നവർക്ക് അധികം വൈകാതെ തന്നെ പെരുമാറ്റത്തിലും, സ്വഭാവത്തിലുമുള്ള രോഗാതുരതയെ കണ്ടെത്താനോ, മനസ്സിലാക്കാനോ കഴിയും. എന്നാൽ അവർ ഇത് മറ്റുള്ളവരോട് പറഞ്ഞാൽ അവർ ചിരിച്ച് തള്ളുകയും, ഒക്കെ തോന്നലാണ്, മാന്യനായ ഒരു വ്യക്തിയെ കുറിച്ച് അപവാദം പറയരുത് എന്നൊക്കെ പറഞ്ഞ് ഗുണദോഷിച്ച്‌ വിടുകയും ചെയ്യാം.

കല്യാണം കഴിഞ്ഞതിന്റെ പിറ്റേനാൾ ബുള്ളറ്റിന്റെ ആക്സിലേറ്റർ കൂട്ടി ചിരിച്ച് കൊണ്ട് ഷമ്മി സംസാരിക്കുമ്പോൾ സിമിയുടെ നെഞ്ച് കിടുങ്ങിയിട്ടുണ്ടാകാം. അവൾ വല്ലാതെ ഭയപ്പെട്ട് പിന്നോട്ട് മാറുന്നുണ്ട്. മറ്റുള്ളവരെ ഭയപ്പെടുത്തി നിർത്തി അതിൽ രസം കണ്ടെത്തുന്ന ആളാണ് ഷമ്മി എന്ന് അവിടം മുതൽ കാഴ്ച്ചക്കാരന് മനസ്സിലായി തുടങ്ങും. വീടിനു മുന്നിൽ കളിക്കാൻ വരുന്ന കുട്ടികളും ആ പ്രത്യേക സ്വഭാവത്തെ മനസ്സിലാക്കി എടുക്കുന്നുണ്ട്. “ആളത്ര വെടിപ്പല്ല” എന്ന് ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ ചർച്ച ചെയ്യുന്നു. അടിച്ചിട്ട പന്ത് എടുക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം പേടിപ്പെടുത്തുന്ന ഒന്നായി തീരുന്നു. ഭയപ്പാടോടെയാണ് കാണാതായ പന്ത് തേടി അവർ വീട്ടിലേയ്ക്ക് വരുന്നത് .സിമിയുടെ മുന്നിൽ നിന്നു കൊണ്ട് സ്നേഹത്തോട് കൂടി ഷമ്മി അവരോട് സംസാരിക്കുന്നു. ഉള്ളിൽ തികട്ടിവരുന്ന അമർഷത്തെ ചിരിയിൽ ഒതുക്കി കൊണ്ട് നല്കുന്ന നിർദ്ദേശങ്ങൾ കുട്ടികളെക്കൊണ്ട്‌ സാധിക്കില്ല എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാകാം. ഒറ്റ പ്രാവിശ്യം പറയും അനുസരിച്ചില്ല എങ്കിൽ പിന്നീട് ചോദ്യമോ, പറച്ചിലോ ഉണ്ടാകില്ല എന്ന് ഷമ്മി തന്റെ ക്രൂരമായ പ്രവർത്തിയിലൂടെ കുട്ടികളെ ഓർമ്മിപ്പിക്കുന്നു.

ബാർബർ ഷോപ്പിലും, കല്യാണ വീട്ടിലും തികച്ചും മാന്യനായി പെരുമാറി, പ്രതികരിക്കാനുള്ള തന്റെ മനസ്സിനെ അടക്കി തനൊരു പാവമാണെന്ന ധാരണ വരുത്താൻ ശ്രമിക്കുന്ന കഥാപാത്രം പൊതു സമൂഹത്തിന് മുന്നിൽ ഭാര്യയുടെ അനിയത്തിയുടെ വിവാഹ കാര്യത്തിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്യം അമ്മായി അമ്മക്ക് വിട്ടുകൊടുക്കുന്നുണ്ട്. വാടകയ്ക്ക് കൊടുത്ത കോട്ടേജിലേയ്ക്ക് ഒളിഞ്ഞ് നോക്കാൻ അയാളെ പ്രേരിപ്പിക്കുന്നത് അയാളുടെ സംശയമാണ് മറിച്ച് ആഗ്രഹ പൂർത്തികരണമേയല്ല. അടുക്കളയുടെ വാതിലിന് പിന്നിൽ മറഞ്ഞ് നിന്ന് നിങ്ങൾ എന്നേ കുറിച്ചല്ലേ സംസാരിക്കുന്നത് (Suspiciousness) എന്ന് ചോദിക്കുന്നു. ഭാര്യയുടെ മറുപടിയിൽ അയാൾ തൃപ്തനാകുന്നില്ല. മറുപടി പറയുന്ന ആളുടെ ക്ഷമ നശിക്കുവരെ ഒരു ഭാവഭേദവുമില്ലാതെ വീണ്ടും വീണ്ടും വീണ്ടും വീണ്ടും അയാൾ ചോദിച്ച് കൊണ്ടേയിരിക്കുന്നു. മൂർച്ചയുള്ള വാക്കുകളെ വളരെ സൗമ്യമായി ഉപയോഗപ്പെടുത്തുന്ന കഥാപാത്രം കുടുംബത്തിൽ മൊത്തം ഭയം സൃഷ്ടിക്കുന്നു.

തുറന്ന് പറയാൻ ആണയിട്ട് പറയുകയും പറഞ്ഞ് കഴിയുമ്പോൾ വിധം മാറുകയും ചെയ്യുമെന്ന് ഉറപ്പുള്ളതുകൊണ്ട് “ഒന്നുമില്ല ചേട്ടാ” എന്ന് മറുപടി പറയാൻ സിമി തയ്യാറാക്കുന്നു. ബെഡ്‌റൂമിലേയ്ക്ക് കടന്നാൽ മാനസിക പീഡനത്തിലൂടെ ഉള്ളിലുള്ള എന്തിനേയും പുറത്ത് കൊണ്ട് വരാൻ ഷമ്മിക്ക് കഴിയും എന്ന് അവൾക്കറിയാം. ഉള്ളിൽ ഉള്ള രോഗാതുരമായ സംശയത്തിന്റെ പ്രതിഫലനം ഇവിടെ ഒക്കെ കാണാൻ കഴിയും.

കസേര വലിച്ച് അധികാരം കൈയ്യേറിയതിന് ശേഷം അനിയത്തിയെ ചീത്ത പറയുന്ന ഷമ്മിക്ക് സിമി നല്കുന്ന മറുപടി താങ്ങാൻ ആകുന്നല്ല. മുഖമടച്ച് അടി കിട്ടിയ പോലെ ഭാര്യയുടേയും മറ്റുള്ളവരുടേയും മുന്നിൽ ഷമ്മി ചെറുതായി പോകുന്നു. റൂമിന്റെ മൂലയിൽ പോയി കുട്ടികളേപ്പോലെ പുറം തിരിഞ്ഞ് നിൽക്കുന്ന ഷമ്മിക്ക് ഒരു പക്ഷേ ശിക്ഷകളും, ശാസനകളും കേട്ട് ക്ലാസ് മുറിയുടേയോ, വീടിന്റെയോ മൂലയിൽ കരഞ്ഞുകൊണ്ട് നിന്ന ഒരു കുട്ടിക്കാലം ഉണ്ടാകാം?

മിണ്ടാതെ പുറംതിരിഞ്ഞ് നിന്ന് ഭയപ്പെടുത്തി മറ്റുള്ളവരെ വല്ലാത്ത മാനസിക സമ്മർദ്ദത്തിലാഴ്ത്തുന്ന അയാൾ കളളച്ചിരിയോടെ വീണ്ടും പഴയ അവസ്ഥയിലേക്ക് എത്തുന്നു. വൈകാരിക അവസ്ഥകളുടെ ഏറ്റക്കുറച്ചിലുകൾ വലിയ തോതിൽ ( Emotional Unstability) ഈ സമയത്ത് കാണാൻ കഴിയും. ഇത് ആദ്യമായി ഉണ്ടാകുന്ന സംഭവമല്ല എന്ന് അല്പം കഴിയുമ്പോൾ മാറിക്കൊള്ളും എന്ന സുഹൃത്തിന്റെ സംഭാഷണത്തിൽ നിന്നും കല്യാണത്തിന് മുമ്പും പല തവണ ഷമ്മി ഇങ്ങനെ പെരുമാറിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും.

വാക്കുകൾക്കപ്പുറത്ത് കായബലത്തിലൂടെ മറ്റുള്ളവരെ കീഴ്പ്പെടുത്തുന്നത് ഗയിം കളിക്കുന്നത് പോലെ ഒരു രസമായി കാണുന്ന, ജസ്റ്റ് മിസ്സ് എന്ന് ചിരിച്ച് കൊണ്ട് ഷമ്മി പറയുന്നതൊക്കെ രോഗാതുരതയുടെ ലക്ഷണങ്ങൾ ആയി കണക്കാക്കാം. മറ്റ് കഥാപാത്രങ്ങൾ ആക്രമണത്തിന്റെ രീതി കണ്ട് പതറിപ്പോകുന്നുന്നത് ഭയം കൊണ്ടാണ്. കൈക്കരുത്തിലൂടെ ജയിക്കാനാകില്ല എന്ന് എപ്പോഴെക്കെയോ തിരിച്ചറിയുന്നുണ്ട് അവർ.

ഷമ്മിയുടെ കുടുംബത്തെ കുറിച്ചോ, കുട്ടിക്കാലത്തെ കുറിച്ചോ നമ്മുക്ക് ഒന്നു അറിയില്ല. എങ്കിലും സന്തോഷകരമായ ഒരു കുട്ടിക്കാലമാകാൻ സാധ്യത ഇല്ല. ഷമ്മിയിൽ വ്യക്തിത്വ വൈകല്യത്തിനുള്ള കാരണങ്ങൾ ഉണ്ടായത് കുട്ടിക്കാലത്തെയും കൗമാരകാലഘട്ടങ്ങളിലേയും വിഷമിപ്പിക്കുകയും, ഭയപ്പെടുത്തുകയും, പീഡിപ്പിക്കുകയും ചെയ്ത അനുഭവങ്ങളിൽ നിന്നും ആകാം.? അസുഖകരമായ അനുഭവങ്ങളിലൂടെ വളർന്ന് വന്നിട്ടുള്ള വ്യക്തിത്വ വൈകല്യമുള്ള ഒരു പാട് ഷമ്മിമാർ നമ്മുക്ക് ഇടയിലുണ്ട് എന്ന് കുമ്പളങ്ങി നൈറ്റ്സ് നമ്മെ ഓർമ്മപ്പെടുത്തുന്നു.

News Desk

Recent Posts

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

7 days ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

7 days ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

7 days ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

2 weeks ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

2 weeks ago

‘ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്’ എക്സ്ക്ലൂസീവ് പ്രിവ്യൂ കൊച്ചിയിൽ നടന്നു; ചിത്രത്തിനായി ഒത്തു ചേർന്ന് മലയാള സിനിമ

ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…

2 weeks ago