ചേട്ടാ ഞാൻ നിങ്ങളുടെ കാമുകിയല്ല, ഭാര്യയാണ്; വല്ലാതെ മനസിൽ തട്ടിയ ഒരു കുറിപ്പ്..!!

226

മൊബൈലിൽ മുപ്പത് മിസ്ഡ് കാൾ കഴിഞ്ഞു മുപ്പത്തി ഒന്നാമത്തെ അടിക്കുന്നു…
ഉറക്കാത്ത കാൽ തുഴഞ്ഞു വേഗം വീട്ടിലേക്ക് നടന്നു. സമയം 12 കഴിഞ്ഞു. കൂട്ടുകാരുമായി മദ്യപിച്ചു സമയം പോയത് അറിഞ്ഞില്ല.. ഇന്ന് വീട്ടിൽ അടി നടക്കും… ഇന്ന് ഞാൻ അവളെ വലിച്ചു കീറും…..കല്യാണം കഴിഞ്ഞ നാൾ മുതൽ ഒരു സ്വാതന്ത്ര്യം ഇല്ല. എങ്ങോട്ട് തിരിഞ്ഞാൽ ഉടൻ ഫോൺ വരും.. ചേട്ടൻ എവിടാ, ചേട്ടൻ വരുന്നില്ലേ…… ഒരു സ്വസ്ഥത തരില്ല…. ഒരു കുട്ടി ഉണ്ടായാൽ അത് മാറും കരുതി.. എവിടുന്ന്, വീണ്ടും കൂടി… കൂട്ടുകാരുമായി രാത്രി ഒന്നു കറങ്ങാൻ പോലും പറ്റാത്ത അവസ്ഥ ആയി… കല്യാണം കഴിക്കേണ്ടായിരുന്നു….

മിക്കവാറും ഇന്ന് രാത്രി തന്നെ അവളുമായുള്ള ബന്ധം ഞാൻ ഉപേക്ഷിക്കും.. കുട്ടിയെ ഓർത്ത് ക്ഷമിച്ചു.. ഇനി അത് പറ്റില്ല….. ഇന്ന് എന്റെ കയ്യുടെ ചൂട് അവൾ അറിയും……

വീടിന്റെ മുന്നിൽ എത്തി, ഗേറ്റ് ചവിട്ടി തുറന്ന് രണ്ട് ദിശയിലേക്ക് പായിച്ചു. മുറ്റത്തൂടെ താളത്തിൽ നടന്നു വാതിലിൽ എത്തി. മുറ്റത്ത് നിന്ന തുളസി ചെടിയിൽ നിന്നും ഇല അടർത്തി വായിൽ ഇട്ടു ചവച്ചു. ചുമരിൽ കയ്യ് കുത്തി ബെൽ അടിച്ചു നേരെ നിവർന്നു ശ്വാസം പിടിച്ചു നിന്നു…..

വാതിൽ തുറന്ന് അവൾ വന്നു. അവളുടെ മുഖത്ത് നോക്കാതെ അകത്തേക്ക് നുഴഞ്ഞു കയറി .

“ചേട്ടന് എന്തേലും ബോധം ഉണ്ടോ, ഞാനും കുട്ടിയും മാത്രമേ ഇവിടെ ഉള്ളൂ എന്ന് അറിയാലോ…. ഒന്നും വേണ്ട ആ ഫോൺ എടുത്തിട്ട് എവിടെ ആണെന്ന് ഒന്ന്‌ പറഞ്ഞൂടെ, സമയം ഇത്ര ആയി, ഇവിടെ ഒരാൾ ടെൻഷൻ കയറി ഇരിക്കും എന്ന് ഓർത്തൂടെ…… ”

അവൾക്ക് ഇപ്പോൾ മറുപടി കൊടുത്താൽ ശരിയാവില്ല….

” നീ ചോർ എടുത്ത് വെയ്ക്ക്, ഞാനൊന്നു കുളിച്ചിട്ട് വരാം…. ”

അവളിൽ നിന്നും മറുപടി വരുന്നതിനു മുൻപ് ഞാൻ കുളിക്കാൻ ആയി ഓടി……

കുളി കഴിഞ്ഞു തീൻ മേശയുടെ മുന്നിലേക്ക് കസേര നീക്കി ഇട്ട് ഇരുന്നു.അവൾ ഭക്ഷണം എന്റെ പാത്രത്തിലേക്കും അവളുടെ പാത്രത്തിലേക്കും വിളമ്പി….

” ആഹാ, നീ ഇതുവരെ കഴിച്ചില്ലേ… നിനക്കു നേരത്തേ കഴിച്ചൂടെ,, എന്നെ നോക്കി ഇരിക്കണോ….. ”

അവൾ രൂക്ഷമായി എന്നെ നോക്കി,,,… ഞാൻ മുഖം മാറ്റി ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ കൊടുത്തു…….

“ചേട്ടന് ഇനി എങ്കിലും ഈ പിള്ളേര് കളി നിർത്തിക്കൂടെ, ഒരു മകളുടെ അച്ഛൻ അല്ലെ ചേട്ടൻ…. ”

” പണ്ട് പുസ്തക താളുകൾക്കിടയിൽ മയിൽപ്പീലി വെച്ച് തീറ്റി കൊടുത്താൽ അത് പ്രസവിക്കും എന്ന് പറഞ്ഞു എന്നെ കൊണ്ട് ചെയ്യിച്ചു നീ പറ്റിച്ചു… ഇന്ന് നിന്നെ എന്റെ ഭാര്യ ആക്കി എന്റെ കുട്ടിയെ നിന്നെ കൊണ്ട് ഞാൻ പ്രസവിപ്പിച്ചു… ആ എനിക്ക് അറിയാം ഒരു ഭാര്യയേയും കുഞ്ഞിനെയും എങ്ങനെ നോക്കണം എന്ന്.. നീ പഠിപ്പിക്കേണ്ട……. ”

എന്റെ ഈ മറുപടിയിൽ അവൾ തണുക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു…അവളുടെ ചുണ്ടിൽ ചിരി വിടരുന്നുണ്ട്…എന്റെ ചുണ്ടിലും……..

” ശ്രീ ,എനിക്ക് കുറച്ചു സ്വാതന്ത്ര്യം വേണം… നീ ഇങ്ങനെ എന്റെ എല്ലാ കാര്യത്തിലും കയ്യ് കടത്തരുത്….”

” ചേട്ടാ ഞാൻ നിങ്ങളുടെ കാമുകി അല്ല, ഭാര്യ ആണ്….. ”

പിണക്കവും പരിഭവവും നിറഞ്ഞു ഓരോ ദിവസവും കടന്നു പോയി….. അങ്ങനെ ഒരു ദിനം, അവൾ കുഞ്ഞിനേം കൊണ്ട് അവളുടെ വീട്ടിലേക്ക് പോയി അനിയത്തിയുടെ ഏഴാം മാസ പ്രസവ വിളിച്ചു കൊണ്ടുപോകൽ പ്രമാണിച്ചു….ഞാൻ ബുദ്ധി പൂർവ്വം ഒഴിഞ്ഞു മാറി കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോകാൻ….. ഇന്ന് എനിക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസം ആണ്…

പകൽ മുഴുവൻ അടിച്ചു പൊളിച്ചു സന്ധ്യയോടെ ഞാൻ വീട്ടിലേക്ക് പോന്നു. വീട്ടിൽ വെളിച്ചം തെളിഞ്ഞിട്ടില്ല. ഇരുട്ടടച്ച മുറ്റത്തൂടെ കടന്നു ചുമരിൽ കയ്യ് എത്തി പുറത്തെ ലൈറ്റിന്റെ സ്വിച്ച് ഇട്ടു… വാതിൽ മെല്ലെ താക്കോൽ ഇട്ട് തുറന്നു.മുറി മാത്രം അല്ല, അവൾ ഇല്ലാത്തോണ്ടു മനസിലും ആകെ ഇരുട്ട് പോലെ… അവളില്ലെങ്കിൽ ഈ വീട് ശൂന്യം ആണ്.
ഫോൺ എടുത്ത് അവളെ വിളിച്ചു…. അവൾ ഓട്ടോയിൽ ആണ്, വന്നു കൊണ്ടിരിക്കുവാണെന്നു പറഞ്ഞു…..
കയ്യിൽ ഉണ്ടായിരുന്ന ഭക്ഷണ പൊതി തീൻമേശയിലേക്ക് വെച്ചു….

കുപ്പിയിൽ നിന്നും വെള്ളം കുടിച്ചു മെല്ലെ ഇറക്കി… വീണ്ടും ഫോൺ എടുത്തു അവളെ വിളിച്ചു…. വന്നു കൊണ്ടിരിക്കുകയാണെന്നു പറഞ്ഞു. ഞാൻ ഞങ്ങളുടെ മുറിയിലേക്ക് കടന്നു.. മനസ്സ് ആകെ അസ്വസ്ഥം. അവളുടെ ഒപ്പം പോയാൽ മതിയായിരുന്നു. മെല്ലെ മേശ തുറന്നു, അതിൽ അവൾ പണ്ട് ഞങ്ങളെ പറ്റി എഴുതുന്ന അവളുടെ സ്വകാര്യ ഡയറി ഉണ്ടായിരുന്നു… ഒഴിഞ്ഞു കിടന്ന താളുകളിൽ എല്ലാം ഇപ്പോൾ പലചരക്കു കടയിലേയും മറ്റും കണക്കുകൾ ആണ്, കാമുകിയിൽ നിന്നും ഭാര്യയിലേക്ക് ഉള്ള ദൂരം…… ഞാൻ പണ്ട് അവൾ ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ തെക്കേ പറമ്പിലെ വർഗ്ഗീസ് അച്ചായന്റെ ചകിരി നിർമ്മാണ പറമ്പിൽ മറഞ്ഞു നിൽക്കുമായിരുന്നു അവൾക്ക് നൽകാൻ.. അവൾ മെല്ലെ അത് വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ എന്റെ കയ്യിൽ തരാതെ എനിക്ക് കഴിഞ്ഞ ദിവസത്തെ കത്തിനുള്ള മറുപടി മടക്കി ഇടും…….

ഇവൾ ഈ സൂക്ഷിച്ചു വെച്ചപോലെ ഞാനും അതൊക്കെ സൂക്ഷിച്ചു വെച്ചതാ, ഇടവപാതിയുടെ മുറ്റം നിറഞ്ഞ മഴയിൽ പെങ്ങളുടെ കുരുത്തം കെട്ട മോൻ അതെല്ലാം എടുത്ത് കപ്പൽ ഉണ്ടാക്കി ഒഴുക്കി പറഞ്ഞയച്ചു…..

ഞാൻ വീണ്ടും മൊബൈൽ എടുത്ത് അവളെ വിളിച്ചു. കിട്ടുന്നില്ല.. അവളുടെ മൊബൈൽ സ്വിച്ച് ഓഫ് ആണ് … എന്റെ ഉള്ളിൽ ആതി വർദ്ധിച്ചു.. അവൾക്കും കുഞ്ഞിനും എന്താ സംഭവിച്ചത്, അവർ ഇപ്പോൾ എവിടെ ആണ് എന്നൊന്നും അറിയാതെ ഉരുകി ഞാൻ… വാതിൽ തുറന്നു മുറ്റത്തേക്ക് വന്നു റോഡിലേക്ക് ഇറങ്ങി നിന്നു… അവളുടെ മൊബൈലിൽ നിർത്താതെ വിളിച്ചു കൊണ്ടിരുന്നു…. പക്ഷേ, കിട്ടുന്നില്ല…….

അൽപ്പ നേരം റോഡിന്റെ വക്കിൽ തന്നെ നിന്നിട്ട് തിരിച്ചു നടന്നു പോയി വാതിൽ പൂട്ടി. അയലത്തെ വീട്ടിലേക്ക് ചെന്നു ആളെ വിളിച്ചു . അയലത്തെ വീട്ടിലെ അമ്മ ഇറങ്ങി വന്നു .

“അമ്മേ, മനോജ് എവിടെ ആണ്, അവന്റെ ബൈക്ക് ഒന്ന് വേണം”

“ഇല്ല മോനെ, അവൻ അവളുമായി അവളുടെ വീട്ടിലേക്ക് പോയി….. ”

ഞാൻ തിരികെ എന്റെ വീട്ടുമുറ്റത്തേക്ക് വന്നു.. അവളെ വിളിച്ചു കൊണ്ടിരുന്നു. ..കിട്ടുന്നില്ല… വീണ്ടും റോഡിലേക്ക് ഇറങ്ങി മുൻപോട്ട് നടന്നു… എന്റെ നടത്തയുടെ വേഗം കൂടി ,ഒപ്പം നെഞ്ചിടിപ്പും….
കുറച്ചു ദൂരം ഞാൻ നടന്നപ്പോൾ എന്റെ നേരെ ഇരുട്ടിനെ കീറി മുറിച്ചു ഒരു മഞ്ഞ വെളിച്ചം താളം തല്ലി വരുന്നു…. എന്റെ ആകാംഷ കൂടി…. അത് അവൾ ആയിരിക്കും… ഞാൻ റോഡിൽ അരികിലേക്ക് മാറി നിന്നു. ഒരു ഓട്ടോ എന്റെ മുന്നിലൂടെ കടന്നു പോയി.. അതിൽ അവരല്ല, വേറെ ഏതോ യാത്രക്കാർ ആണ്……
എന്റെ ഉള്ളിലെ പിടപ്പ് വീണ്ടും കൂടി… മുന്നിലേക്ക് നടക്കാൻ എന്റെ കാലുകൾക്ക് ആകുന്നില്ല, വഴി വക്കിലെ ഒരു കല്ലിന്മേൽ ഞാൻ കുഴഞ്ഞു ഇരുന്നു….. ഫോൺ എടുത്ത് അവളെ വിളിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു……. ആ ഇരുത്ത അര മണിക്കൂർ മുറിഞ്ഞപ്പോൾ ആണ് ഒരു ആംബുലൻസ് ശബ്ദം അടുത്തത് വരുന്നത് ആയി എന്റെ കാതുകളിൽ അറിഞ്ഞത്. അതിന്റെ ശബ്ദം കൂടി കൂടി വരുന്നു……….. എന്റെ ഹൃദയം പച്ചയ്ക്ക് കത്തുന്നപോലെ, പിടപ്പിന്റെ വേഗത കൂടി…. വെളിച്ചം എന്റെ അരികിലേക്ക് നീങ്ങി വരുന്നു വേഗത്തിൽ.
ആംബുലൻസ് എന്റെ അടുക്കൽ എത്താറായി.എന്റെ വീടിനെ ലക്ഷ്യം വെച്ചാണോ അത് വരുന്നത്….
ആംബുലൻസ് എന്റെ മുന്നിലൂടെ വേഗത്തിൽ കടന്നു പോയി. ഞാൻ അതിന്റെ പിന്നിൽ തിരിഞ്ഞ് ഓടാൻ തുടങ്ങുമ്പോൾ ആണ് എന്റെ പിന്നിൽ ഒരു ഹോൺ അടി ശബ്ദം കേട്ടത്.. ഞാൻ തിരിഞ്ഞു നോക്കി… ഒരു ഓട്ടോ എന്റെ അരുകിൽ വന്നു നിന്നു… അതിൽ അവളും കുട്ടിയുമാണ്… എന്റെ നാവിലെ ശബ്ദം ഇടറുന്ന പോലെ… എന്റെ കണ്ണുകൾ നനഞ്ഞു ഒഴുകി…..

” ചേട്ടൻ ഇവിടെ എന്ത് ചെയ്യുവാ ഈ സമയത്തു,ഓട്ടോ ഇടക്ക് കേടായി, അതാ വൈകിയേ, വാ കയറൂ, വീട്ടിലേക്ക് പോകാം… ”

ഞാൻ ഓട്ടോയിലേക്ക് കയറി. കുഞ്ഞിനെ എടുത്ത് എന്റെ മടിയിൽ വെച്ചു. അവളുടെ കയ്യ് ചേർത്തു പിടിച്ചു… വീട്ടുവാതിൽക്കൽ ഓട്ടോ നിന്നു.. ഞങ്ങൾ ഇറങ്ങി വീടിന്റെ ഉള്ളിലേക്ക് കയറി….. എന്റെ വിറയൽ അപ്പോഴും മാറിയിട്ടില്ല….

“നിന്റെ മൊബൈൽ എന്ത് പറ്റി,,,..”

“ചേട്ടാ, അതിന്റെ ചാർജ് തീർന്നു ,ബാറ്ററി കൊള്ളില്ല ഒന്ന് മാറി വാങ്ങാൻ എത്രയായി പറയുന്നു…. ,ചേട്ടന് എന്ത് പറ്റി…. ”

“ഹേയ്… ഒന്നുമില്ല… നീ കുഞ്ഞിനെ കിടത്തിയിട്ട് വാ, കഴിക്കാം….. ”

സമയം അല്പം കഴിഞ്ഞു ഞങ്ങൾ തീൻ മേശയിലേക്ക് അടുത്തിരുന്നു……..

“ചേട്ടൻ എന്താ ഇതുവരെ കഴിക്കാഞ്ഞത്…..? എന്നെ നോക്കി ഇരിക്കേണ്ട കാര്യം ഉണ്ടായിരുന്നോ…”

അവളുടെ കുത്തിയുള്ള ചോദ്യത്തിന് ഞാൻ ശ്രദ്ധ കൊടുത്തില്ല, അവൾ ഒരു കള്ള ചിരിയോടെ എന്റെ താടി പൊക്കി നോക്കി…
“എന്തേ, ചേട്ടന് മറുപടി ഇല്ലേ…. ”

ഞാനും മെല്ലെ ഒന്നു ചിരിച്ചു….

ഭക്ഷണം കഴിഞ്ഞു ഞങ്ങൾ കിടന്നു..അവൾ അവളുടെ തല എന്റെ നെഞ്ചിലേക്ക് വെച്ചു….

“ചേട്ടൻ ഇന്ന് എന്നെ കുറേ തവണ വിളിക്കാൻ നോക്കിയോ…”

ഞാൻ മെല്ലെ മൂളി…..

” ഞാൻ വിളിക്കുന്ന പോലെ മുപ്പത് തവണ ഒക്കെ വിളിച്ചോ…. ”

“ഓ പിന്നേ, നിന്നെപ്പോലെ എനിക്ക് വട്ടല്ലേ ,ഞാൻ ഒന്നോ രണ്ടോ തവണ വിളിച്ചു നോക്കി, അത്രേ ഉള്ളൂ…… ”

അവൾ എന്റെ നെഞ്ചിലെ രോമത്തിൽ വലിച്ചു പിടിച്ചു.
“എന്റെ ചേട്ടാ,ഞാൻ നിങ്ങളുടെ സ്നേഹം അറിയുന്നത് ദേ നിങ്ങളുടെ ഈ അളിഞ്ഞ വായിൽ നിന്നും അല്ല,നിങ്ങടെ ഈ നെഞ്ചിലെ ചൂടുള്ള പിടപ്പ് ഉണ്ടല്ലോ, അതിൽ നിന്നും ആണ് ….. ”

അവളെ ഞാൻ ചേർത്തു പിടിച്ചു പറഞ്ഞു…..

“ഞാൻ നിന്നെ ഡിവോഴ്സ് ചെയ്യും നാളെ തന്നെ..നോക്കിക്കോ…”

“എന്തിനാ നാളെ തന്നെ, ഇപ്പോൾ തന്നെ ചെയ്തോ….. കല്യാണം കഴിഞ്ഞ ദിവസം മുതൽ പറയുവല്ലേ….. ബാക്കി ഉള്ളവൾ എങ്കിലും രക്ഷപെട്ടേനെ… ”

“നീ ഇപ്പോൾ അങ്ങനെ രക്ഷപെടേണ്ട…… ”

ഒരു ചിരി ചിരിച്ചു അവളെ ഒന്നൂടെ മുറുകെ പിടിച്ചു……..

പരാതിയും പരിഭവവും പിണക്കങ്ങളും എല്ലാം ഉണ്ടാവും…….. അത് ഞങ്ങളുടെ സ്നേഹത്തിന്റെ കുറവ് കൊണ്ടല്ല…. കൂടുതൽ കൊണ്ടാണ്…..ഞങ്ങൾ ഇങ്ങനെ ആണ്….
വാക്കിൽ പറയുമ്പോൾ അല്ല, ഹൃദയങ്ങൾ തമ്മിൽ കോർത്തു കെട്ടുമ്പോൾ ആണ് സ്നേഹം മനസ്സിൽ അറിയുക……
________________________
രചന :- ഷിബു കൊല്ലം

You might also like