ഇതാണ് മമ്മൂട്ടി; ഇങ്ങനെ പെരുമാറിയാൽ ആരും ഇഷ്ടപ്പെട്ടുപോവും: മോഹൻലാൽ ആരാധകന്റെ വൈറല്‍ കുറിപ്പ്..!!

മലയാള സിനിമയിൽ ഒരു നിത്യവിസ്മയമായി മമ്മൂട്ടി നിലനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ നാപ്പത് പിന്നിട്ടു, കാലങ്ങൾ കഴിയുമ്പോഴും മമ്മൂട്ടി എന്ന വികാരം ഓരോ സിനിമ പ്രേമിയിലും അലയടിക്കുമ്പോഴും അതുപോലെ തന്നെ, ജന ഹൃദയങ്ങളും കീഴടക്കുകയാണ്. പുൽവാല ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ വീട്ടിൽ മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ ആരാധകൻ എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,

മമ്മൂട്ടി എന്ന അതുല്യപ്രതിഭ ഒരുപാട് വർഷങ്ങളായി നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയെപ്പോലെ മമ്മൂട്ടി മാത്രമേയുള്ളൂ എന്ന് തോന്നിപ്പിച്ച പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. വസന്തകുമാർ എന്ന ധീരജവാൻ്റെ ഭവനം മമ്മൂട്ടി സന്ദർശിച്ചു എന്ന വാർത്ത വായിച്ചപ്പോൾ ആ തോന്നൽ ഒന്നുകൂടി ശക്തിപ്പെട്ടിരിക്കുന്നു.

പ്രധാനപ്പെട്ട പല ചടങ്ങുകളും സന്ദർശനങ്ങളും സിനിമാക്കാർ ഒഴിവാക്കാറുണ്ട്. പ്രത്യേകിച്ചും
സൂപ്പർതാരങ്ങൾ. സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്കുള്ള നെട്ടോട്ടമാണ് അവരുടെ ജീവിതം. കുറച്ചു സമയം മാറ്റിവെയ്ക്കാൻ നന്നേ പ്രയാസം. പക്ഷേ മനുഷ്യത്വം പ്രകടിപ്പിക്കേണ്ട ഒരു സന്ദർഭം വന്നുചേർന്നപ്പോൾ തിരക്കുകൾ നിറഞ്ഞ സ്വന്തം ജീവിതം മമ്മൂട്ടിയ്ക്കൊരു തടസ്സമായില്ല !

വസന്തകുമാറിൻ്റെ വീട് മമ്മൂട്ടി സന്ദർശിച്ച രീതിയാണ് ഏറ്റവും ശ്രദ്ധേയം. ആ വിവരം അദ്ദേഹം പരമാവധി രഹസ്യമാക്കി വെച്ചു. മുഖ്യധാരാ മാദ്ധ്യമങ്ങളൊന്നും ആ സമയത്ത് സ്ഥലത്തുണ്ടായില്ല. സന്ദർശനവുമായി ബന്ധപ്പെട്ട് ആകെ പുറത്തുവന്നത് ഒന്നോ രണ്ടോ ചിത്രങ്ങളും ഒരു ചെറിയ വീഡിയോയും മാത്രം(ഒരു വമ്പൻ താരം ഒരു സ്ഥലത്ത് വന്നുപോകുമ്പോൾ അത്രയെങ്കിലും തെളിവുകൾ ഉണ്ടാകുന്നത് സ്വാഭാവികം).

വേണമെങ്കിൽ എല്ലാ മാദ്ധ്യമങ്ങളെയും അറിയിച്ച് ആ സന്ദർശനം ഒരു മഹാസംഭവമാക്കി മാറ്റാമായിരുന്നു. അത്യാകർഷകമായ ധാരാളം ഫോട്ടോകൾ എടുപ്പിക്കാമായിരുന്നു. ആ ചിത്രങ്ങൾ എല്ലാക്കാലത്തും ആഘോഷിക്കപ്പെടുമായിരുന്നു. പക്ഷേ മമ്മൂട്ടി അതിനൊന്നും തുനിഞ്ഞില്ല എന്നതിൽ നിന്നുതന്നെ അദ്ദേഹത്തിൻ്റെ ഒൗന്നത്യം വ്യക്തമല്ലേ?

മമ്മൂട്ടി വസന്തകുമാറിൻ്റെ ഭാര്യയോടും മക്കളോടും സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.(വസന്തകുമാറിൻ്റെ ബന്ധുക്കൾ ആരെങ്കിലും മൊബൈലിൽ ഷൂട്ട് ചെയ്തതാവാം). അമിതമായ വികാരപ്രകടനങ്ങളൊന്നുമില്ലാതെ, തീർത്തും സാധാരണമായി സ്നേഹത്തോടെ സംസാരിക്കുന്ന മമ്മൂട്ടിയേയാണ് അതിൽ കണ്ടത്. ഒരു മരണവീട്ടിൽ കൈക്കൊള്ളേണ്ടത് അതുപോലൊരു സമീപനമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആശ്വസിപ്പിക്കാനെത്തുന്നവരും കരഞ്ഞാൽ മരിച്ചയാളുടെ പ്രിയപ്പെട്ടവരുടെ ദുഃഖം വർദ്ധിക്കുകയേയുള്ളൂ.

ഇതാണ് മമ്മൂട്ടി !ഇതുപോലൊയൊക്കെ പെരുമാറിയാൽ ആരായാലും ഇഷ്ടപ്പെട്ടുപോവും.

‘യാത്ര’ എന്ന തെലുങ്ക് സിനിമയുടെ വിജയാഘോഷ ചടങ്ങിലും മമ്മൂട്ടി മരണമടഞ്ഞ ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. പൊതുവെ ദന്തഗോപുരവാസികളാണ് സിനിമാതാരങ്ങൾ. പൊതുവിഷയങ്ങളിൽ അഭിപ്രായം പറയുന്നതൊക്കെ കുറവായിരിക്കും. അക്കൂട്ടത്തിൽ വ്യത്യസ്തനാണ് മമ്മൂട്ടി.

മമ്മൂട്ടിയോട് സംസാരിക്കുമ്പോൾ സൂക്ഷിക്കണം എന്ന് പറഞ്ഞത് സംവിധായകൻ ഷാജി കൈലാസാണ്. കാരണം സമൂഹത്തിലെ ഏറ്റവും പുതിയ സംഭവങ്ങളെക്കുറിച്ചുപോലും അദ്ദേഹം ബോധവാനായിരിക്കും.

ആറ്റുകാൽ ക്ഷേത്രത്തിലെ കലാപരിപാടികളുടെ ഉദ്ഘാടനത്തിന് മമ്മൂട്ടി എത്തിയിരുന്നു. പരസ്പരം സ്നേഹിച്ച് ജീവിക്കേണ്ട കാലമാണ് ഇത് എന്നാണ് അദ്ദേഹം ആ വേദിയിൽ പ്രസംഗിച്ചത്.

മമ്മൂട്ടിയുമായി ഉണ്ടായ ഒരു സംഭാഷണത്തെ ക്കുറിച്ച് ഇൗയിടെ ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയിരുന്നു. ”പണ്ട് ഞാൻ നിൻ്റെ വീട്ടിൽ വന്നാൽ അത് സൗഹൃദം. ഇന്ന് വന്നാൽ അത് മതസൗഹാർദ്ദം. അല്ലേടാ!? ” എന്ന് മമ്മൂട്ടി ചോദിച്ചുവെത്രേ.

കേരളീയസമൂഹത്തിൻ്റെ സ്പന്ദനങ്ങൾ മമ്മൂട്ടി വ്യക്തമായി തിരിച്ചറിയുന്നു എന്ന കാര്യമാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. മതമേതായാലും തീവ്രവാദികൾക്ക് കുറവൊന്നുമില്ല. സോഷ്യൽ മീഡിയയിലൂടെ അവർ വിഷം തുപ്പുന്നു. കാവി മുണ്ടുടുത്ത ഒരുവൻ വെള്ളതൊപ്പി ധരിച്ച ഒരാളോടൊപ്പം അറിയാതെ ഇരുന്നുപോയാൽ അതിൻ്റെ ഫോട്ടോയെടുത്ത് വലിയ സംഭവമായി പ്രചരിപ്പിക്കുന്ന കാലമാണിത്. മനുഷ്യർ കുറഞ്ഞുവരുന്നു. എല്ലാവരും ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും ആകുന്നു.

ഈ കെട്ടകാലത്തെ ക്കുറിച്ചോർത്ത് മമ്മൂട്ടി ദുഃഖിക്കുന്നുണ്ട് എന്നത് തീർച്ച. അതിനെ തന്നാലാവും വിധം ചെറുക്കാനുള്ള ശ്രമങ്ങളാണ് നാം കാണുന്നത്.

‘പുലിമുരുകൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ വൈശാഖിനോട് മമ്മൂട്ടി പറഞ്ഞു-

‘ ഫൈറ്റ് എന്നുകേട്ടാൽ അവന്(മോഹൻലാൽ) വലിയ ആവേശമാണ്. നീ സൂക്ഷിച്ച് ചെയ്യിക്കണം.’

മമ്മൂട്ടിയും മോഹൻലാലും തമ്മിൽ ആരോഗ്യപരമായ മത്സരങ്ങൾ എല്ലാക്കാലത്തുമുണ്ട്. ആരാധകർ പരസ്പരം കൊലവിളി നടത്താറുമുണ്ട്. എന്നാൽ അപരനെ നശിപ്പിച്ച് മുന്നേറണം എന്ന ആഗ്രഹം മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഇല്ല എന്നുതന്നെയാണ് തോന്നിയിട്ടുള്ളത്.

പാർവ്വതി എന്ന അഭിനേത്രിയ്ക്ക് അവസരങ്ങൾ കുറഞ്ഞത് മമ്മൂട്ടിയെ വിമർശിച്ചതുകൊണ്ടാണെന്ന് പറയപ്പെടുന്നുണ്ട്. ഇതേക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ സിനിമാക്കാർക്കേ സാധിക്കൂ. ഒരാളോട് വിരോധം തോന്നിയാൽ അയാളുടെ മുഖത്തുപോലും നോക്കാൻ മടിക്കുന്ന മനുഷ്യരെയാണ് സാധാരണ സിനിമയിൽ കണ്ടിട്ടുള്ളത്. പക്ഷേ പൊതുവേദിയിൽ വെച്ച് പാർവ്വതിയെ ചേർത്തുപിടിക്കാനും അവാർഡ് നൽകാനും അവരെ കൂവരുത് എന്ന് പറയാനും മമ്മൂട്ടി മടിച്ചിട്ടില്ല !

മമ്മൂട്ടി നിരാശപ്പെടുത്തിയ അവസരങ്ങളും ഉണ്ടായിട്ടുണ്ട്. ആ വലിയ നടൻ മോശം സിനിമകൾക്ക് തലവെച്ചുകൊടുക്കുന്നത് കാണുമ്പോൾ സങ്കടം തോന്നിയിട്ടുണ്ട്. വി­യോജിപ്പുതോന്നിയ നിലപാടുകളും അദ്ദേഹം എടുത്തിട്ടുണ്ട്. പക്ഷേ മനുഷ്യരാവുമ്പോൾ കുറ്റങ്ങളും കുറവുകളും സാധാരണമാണല്ലോ. അതിനെ അങ്ങനെ കാണാനാണ് ഇഷ്ടം.

‘യാത്ര’ എന്ന സിനിമയുടെ ആദ്യ സീൻ ചിത്രീകരിക്കുമ്പോൾ താൻ വല്ലാതെ ഭയപ്പെട്ടിരുന്നു എന്ന് മമ്മൂട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഭാഗ്യത്തിന് ആ രംഗം സിനിമയിൽ ഉൾപ്പെടുത്തിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു !

വളരെ അനായാസമായിട്ടാണ് ‘യാത്ര’ അഭിനയിച്ചുതീർത്തത് എന്ന് മമ്മൂട്ടി പറഞ്ഞിരുന്നുവെങ്കിൽ ആരെങ്കിലും അവിശ്വസിക്കുമായിരുന്നോ? അവിടെയും അദ്ദേഹം സത്യസന്ധനായി ! ഇത്രയേറെ അനുഭവസമ്പത്തുണ്ടായിട്ടും ഒരു പുതുമുഖനടൻ്റെ ആവേശമാണ് മമ്മൂട്ടിയ്ക്ക് സിനിമയോട്. നല്ല സംവിധായകരോടൊപ്പം പ്രവർത്തിച്ചാൽ മമ്മൂട്ടി ഇനിയും വിസ്മയിപ്പിക്കും എന്നതിൻ്റെ തെളിവുകളാണ് യാത്രയും പേരൻപും. തരംകിട്ടുമ്പോഴെല്ലാം മമ്മൂട്ടിയെ പരിഹസിച്ചിരുന്ന രാംഗോപാൽ വർമ്മയ്ക്കുവരെ അഭിനന്ദനം ചൊരിയേണ്ടി വന്നില്ലേ?

എൻ്റെ ഇഷ്ടനടൻ മോഹൻലാലാണ്. പക്ഷേ മമ്മൂട്ടിയുടെ വിഖ്യാതമായ പല സിനിമകളുടെയും ഡി.വി.ഡികൾ എൻ്റെ വീട്ടിലുണ്ട്. ഒരു വടക്കൻ വീരഗാഥ, അമരം, കൗരവർ, ന്യൂഡെൽഹി, ഭൂതക്കണ്ണാടി തുടങ്ങിയ സിനിമകൾ പല തവണ കണ്ടിട്ടുണ്ട്. ഒാരോ കാഴ്ച്ചയിലും പുതിയതെന്തെങ്കിലും കണ്ടുകിട്ടാറുമുണ്ട്.­സൂക്ഷ്മാഭിനയം കൊണ്ട് പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടി.!

മമ്മൂട്ടി എന്ന നടനെയും വ്യക്തിയേയും നമുക്ക് വേണം. ഇനിയും ഒരുപാട് കാലം.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

7 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

7 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago