ഇത് കുഞ്ഞു നൈഗയുടെയും വൈകയുടെയും ആരെയും കണ്ണീരിൽ ആഴ്ത്തുന്ന ജീവിത കഥയാണ്.
2011 ൽ ഒരു സ്റ്റുഡന്റ് വിസയിലൂടെയാണ് ന്യൂസിലാന്റ് ജീവിതം ആരംഭിക്കുന്നത്. കൂട്ടിനു ഞങ്ങളോടൊപ്പം ഒരു വയസ്സുള്ള മകളുമുണ്ടായിരുന്നു. അന്ന് ആ കോളേജിൽ പഠിക്കാൻ വന്ന കുഞ്ഞുങ്ങളുള്ള മലയാളി ദമ്പതികളിൽ, കുട്ടിയെ കൂടെ ചേർത്തത് ഞങ്ങൾ മാത്രമാണ്. അതിനെ നേരിട്ടും മറഞ്ഞുമൊക്കെ വിമർശിച്ചവർ ഉണ്ട്. എന്ത് ന്യായീകരണങ്ങൾ നിരത്തിയാലും, കുഞ്ഞിനെ മാറ്റിനിർത്തിക്കൊണ്ടുള്ള ഒരു പറിച്ചുനടൽ വേണ്ട എന്ന് ആദ്യമേ ഞങ്ങൾ ഒന്നിച്ചു തീരുമാനമെടുത്തിരുന്നു.
അങ്ങനെ ജീവിതം കടന്നു പോകുന്നതിനിടയിലാണ് രണ്ട് ഇരട്ടക്കുട്ടികളുമായി ഞങ്ങളുടെ തൊട്ടടുത്ത സ്ട്രീറ്റിൽ ഒരു മലയാളി കുടുംബം വന്നിട്ടുണ്ടെന്ന് അറിഞ്ഞത്. കുഞ്ഞുങ്ങളുമായി വന്നെന്ന് കേട്ടതു കൊണ്ടാകണം, അപ്പോൾ തന്നെ അവരെ കാണണമെന്ന് തോന്നി. നേരെ അവരുടെ വീട് ലക്ഷ്യമാക്കി വണ്ടി തിരിച്ചു. ഞങ്ങൾ ചെല്ലുമ്പോൾ കൊണ്ടു വന്ന പെട്ടികളിൽ നിന്നു സാധനങ്ങൾ ഒക്കെ എടുത്തു വക്കുന്ന തിരക്കിലായിരുന്നു സനുവും ഭാര്യയും. പുതിയൊരു രാജ്യത്തിലേക്ക് വന്നിറങ്ങിയതിന്റെ സ്വാഭാവികമായ അങ്കലാപ്പു രണ്ടു പേരുടെയും മുഖത്തുണ്ട്. ഇരട്ടക്കുട്ടികളായ വൈഗയും നൈഗയും. പ്രായത്തിൽ, ഞങ്ങളുടെ മകളേക്കാൾ ആറുമാസം മൂത്തത്.
അന്നു മുതൽ ഞങ്ങളുടെ രണ്ടു കുടുംബങ്ങളും വളരെ അടുത്തബന്ധം പുലർത്തിയിരുന്നു. ഞങ്ങൾ അവിടെ താമസിക്കുന്ന സമയത്തുള്ള വൈഗയുടെയും, നൈഗയുടെയും പിറന്നാളാഘോഷങ്ങളും, അതു കഴിഞ്ഞു വന്ന ഞങ്ങളുടെ മോളുടെ പിറന്നാളും, എപ്പോഴുമുള്ള പോക്കും വരവുകളും, ഒന്നിച്ചു ഒരേ ജോലി ചെയ്തിരുന്ന ഞങ്ങളുടെ ഗൃഹനാഥന്മാരും ഒക്കെ നല്ല നല്ല ഓർമകളാണ്. പഠിത്തമൊക്കെ കഴിഞ്ഞ്, ജോലിയുടെ ഭാഗമായി വളരെ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് മാറിയെങ്കിലും ഫോണിലൂടെ പഴയ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.
കുറച്ച് വർഷങ്ങൾ കടന്നുപോയി. അങ്ങനെയിരിക്കെയാണ് ഒരു ദിവസം വൈഗയ്ക്ക് പെട്ടെന്ന് പനി കൂടി ആശുപത്രിയിലായെന്ന വിവരം ഞെട്ടലോടെ അറിയുന്നത്. ശരിക്കും പറഞ്ഞാൽ സനുവിന്റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളെ മാത്രമല്ല, ആ കുടുംബവുമായി യാതൊരു പരിചയം പോലുമില്ലാതിരുന്ന മലയാളികളെ വരെ ഉലച്ചു കളഞ്ഞ ഒരു വാർത്തയായിരുന്നു അത്. ഒരു രാത്രിയിൽ, പനിയുടെ രൂപത്തിൽ വന്ന വില്ലൻ അവരുടെ ജീവിതത്തിന്റെ തന്നെ താളം തെറ്റിച്ചു . ന്യുമോണിയ മസ്തിഷ്‌കത്തെ ഗുരുതരമായി ബാധിച്ചു ആറുവയസ്സുകാരിയായ കുഞ്ഞുവൈഗ രണ്ടാഴ്ചയോളം വെന്റിലേറ്ററിൽ കിടന്നു. വൈഗ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന കാര്യത്തിൽ ഡോക്ടർമാർക്കു പോലും പ്രതീക്ഷ ഇല്ലായിരുന്നു.
അതിനാൽ തന്നെ പ്രതീക്ഷ കൈവിട്ടു കൊള്ളാൻ മൂന്നു തവണ വൈഗയെ പരിചരിച്ച ഡോക്ടർമാർ അവരോടു പറഞ്ഞു. എന്നാൽ ഈ സമയമെല്ലാം നൈഗ തന്റെ സഹോദരിക്കു വേണ്ടി പ്രാർത്ഥനകളോടെ, പ്രതീക്ഷകളോടെ കൂട്ടിരുന്നു. രണ്ട് പ്രധാന സർജറികളിലൂടെ വൈഗയ്ക്ക് മുടി നഷ്ടപ്പെട്ടപ്പോൾ, അവൾക്ക് ഒപ്പം ചേർന്ന് നിൽക്കാനായി നൈഗ തന്റെ മുടി മുറിച്ച് കാൻസർ രോഗികൾക്ക് നൽകി.
ഈ ദിനങ്ങളിലൊക്കെ ഈ കുടുംബം കടന്നുപോയ സഹനവും കഷ്ടപ്പാടുമൊക്കെ വാക്കുകൾക്ക് അതീതമാണ്. വൈഗയുടെ മാതാപിതാക്കളും സഹോദരിയും ജോലിയും സ്കൂളും ഒക്കെ ഉപേക്ഷിച്ച് പ്രതീക്ഷ കൈവെടിയാതെ പ്രാർത്ഥനകളിൽ മുഴുകി അവളുടെ തിരിച്ചുവരവും കാത്ത് ആ ബെഡ്ഡിനരികിൽ തന്നെ അവരുടെ ജീവിതം തള്ളി നീക്കി.
വിധിയെ തോൽപ്പിച്ചുകൊണ്ട് വൈഗ പതിയെ ജീവിതത്തിലേക്ക് തിരിച്ചു നടന്നു. രണ്ടുമാസം ആശുപത്രിയിലും, തുടർന്നുള്ള രണ്ട് മാസം റിഹാബിലിറ്റേഷൻ സെന്ററിലും ചെലവഴിച്ച വൈഗയ്ക്ക് ഏറ്റവും കൂടുതൽ കരുത്തും പ്രചോദനവും ആയത് വെറും രണ്ട് മിനിട്ട് മാത്രം വ്യത്യാസത്തിൽ തന്നോടൊപ്പം ഈ ലോകത്തേക്ക് എത്തിയ നൈഗയുടെ സാമീപ്യവും സ്നേഹത്തോടെയുള്ള കരുതലും ആയിരുന്നു. “മിറാക്കിൾ ബേബി” എന്ന് ഡോക്ടർമാർ പോലും വിശേഷിപ്പിച്ച വൈഗ, ഈ കുഞ്ഞു പ്രായത്തിൽ അനുഭവിച്ച വേദനകളെക്കുറിച്ചും, ഈ ഒരു പ്രതിസന്ധി ഘട്ടത്തിൽ തന്റെ കുടുംബത്തോടൊപ്പം നേരിട്ടും അല്ലാതെയും താങ്ങായും തണലായും നിന്ന എല്ലാ സൻമനസ്സുകൾക്കും സ്നേഹ സൂചകമായും, വൈഗയെ തിരിച്ചു നൽകിയ തങ്ങളുടെ വിശ്വാസത്തിനും പ്രാർത്ഥനകൾക്കും നന്ദിയർപ്പിച്ചും നൈഗ മനം നിറഞ്ഞ് പാടിയ ഒരു ഗാനമാണിത്.
ഈ കുഞ്ഞുങ്ങളോടുള്ള നിങ്ങളുടെ സ്നേഹം, ഈ ഒരു ഗാനം ശ്രവിച്ചു ക്കൊണ്ട്, അത് പരമാവധി ആളുകളിലേക്ക് എത്തിച്ചുകൊണ്ട് രേഖപ്പെടുത്തണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…
രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര…
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…