എൽഡിഎഫിന്റെ കോട്ട പൊളിച്ച് പാട്ടും പാടി ജയിച്ച പെൺകരുത്ത്; ആലത്തൂരിന്റെ സ്വന്തം രമ്യാ ഹരിദാസ്..!!
പോരാടി തന്നെയാണ് കേരളത്തിൽ ഓരോ സീറ്റും കോണ്ഗ്രസ്സ് സഖ്യം സ്വന്തമാക്കിയത്, കാരണം, എല്ലാവരും നിൽക്കാൻ മടിച്ച മണ്ഡലത്തിൽ ആണ് കെ മുരളീധരൻ ഞാൻ നിൽക്കാം എന്നുള്ള നിശ്ചയ ദാർഢ്യതോടെ എത്തി വിജയം കൊയ്തത്, കഴിഞ്ഞ തവണ തോൽവി ഏറ്റുവാങ്ങിയ ഡീൻസ് ഇടുക്കിയിൽ നേടിയ വിജയവും മധുര പ്രതികാരം തന്നെയെന്ന് പറയാം.
എന്നാൽ, ഇവർക്ക് എല്ലാം മുകളിൽ തന്നെയാണ് ആലത്തൂരിൽ പെങ്ങളൂട്ടി രമ്യ ഹരിദാസ് നേടിയ വിജയം. ഒരുകണക്കിന് പറഞ്ഞാൽ പാട്ടും പാടിയ വിജയം തന്നെ, രമ്യയുടെ വിജയത്തിൽ അജിത് സരസ് എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. കുറിപ്പ് ഇങ്ങനെ,
ഇത്തവണത്തെ ലോക്സഭാ ഇലക്ഷനിൽ കേരളത്തിലെ ഏറ്റവും തിളക്കമുള്ള വിജയം, ഭൂരിപക്ഷത്തിൻറെ കണക്കിൽ വയനാട്ടിൽ രാഹുൽ ഗാന്ധിയുടേയോ, കഴിഞ്ഞവർഷത്തെ തോൽവിയുടെ ഓർമ്മകളെ നിശ്ചയ ധാർഷ്ട്യത്തോടെ പോരാടിത്തോൽപ്പിച്ച് ഇടുക്കിയിൽ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിലേയ്ക്ക് നടന്നുകയറിയ ഡീനിൻറേതോ, വടകരയിലെ വെല്ലുവിളി നെഞ്ചുവിരിച്ചു നേരിട്ട മുരളീധരൻറേയോ, കേരളമാകെ വീശിയടിച്ച UDF കാറ്റിൽ കടപുഴകാതെ ഇടതുപക്ഷത്തിനുവേണ്ടി ഒരേയൊരു ആശ്വാസവിജയം കൊണ്ടുവന്ന ആരിഫിൻറേതോ അല്ല അത് തീർച്ചയായും ആലത്തൂരിലെ രമ്യ ഹരിദാസിൻറേതാകുന്നു
കേവലമൊരു പഞ്ചായത്തുതിരഞ്ഞെടുപ്പിൻറെ അനുഭവസമ്പത്തുമായി LDF ൻറെ ഉറച്ചകോട്ടയായ ആലത്തൂരേയ്ക്ക് അയൽജില്ലയായ കോഴിക്കോട്ടുനിന്ന് അത്രത്തോളം നിശ്ചയ ധാർഷ്ട്യത്തോടേയും ആത്മവിശ്വാസത്തോടെയും രമ്യ പോരാടാനെത്തുമ്പോൾ കേവലമൊരു തമാശയായി മാത്രമാണ് കേരളത്തിലെ രാഷ്ട്രീയ സമൂഹം ആദ്യമത് നോക്കിക്കണ്ടത്. വെറുമൊരു നേർച്ചക്കോഴിയുടെ കുപ്പായം അവർ രമ്യയ്ക്ക് ചാർത്തിക്കൊടുക്കുകയും ചെയ്തു. അതിനവർക്ക് വ്യക്തമായ കാരണങ്ങളുമുണ്ടായിരുന്നു. ഏറെ ജനപ്രിയനും പാർലമെന്റിൽ ആലത്തൂരിൻറെ വലിയ ശബ്ദവുമായ പി.കെ. ബിജുവെന്ന മികച്ച പാർലമെന്റേറിയനു മുന്നിൽ രമ്യ മത്സരിക്കുന്നത് ഉസൈൻ ബോൾട്ടിനോടൊപ്പം മത്സരിക്കാനൊരുങ്ങുന്ന നാട്ടിലെ ഓണാഘോഷ ഓട്ടമത്സരത്തിലെ ഒന്നാമനെപ്പോലെ ഒരു വലിയ തമാശയായി മാത്രം കരുതി രാഷ്ട്രീയ ലോകം.
എന്നാൽ രാഹുൽ ഗാന്ധയുടെ യംഗ് ടാലൻറ് ഹണ്ടിലൂടെ തെരഞ്ഞെടുക്കപ്പെട്ട് ആലത്തൂരിലേയ്ക്ക് നിയോഗിക്കപ്പെട്ട ഈ പെൺകുട്ടിയുടെ നിശ്ചയധാർഷ്ട്യവും ആത്മവിശ്വാസവും വിജയതൃഷ്ണയും കഠിനാദ്ധ്വാനവും മനസ്സിലാക്കാൻ നമ്മളൊരുപാട് വൈകിപ്പോയി എന്നതാണ് സത്യം. അത്രത്തോളം ബോൾഡായിട്ടാണ് ലോക്സഭാ ഇലക്ഷൻ പോലൊരു വലിയ മത്സരവേദിയെ ഈ പെൺകുട്ടി നോക്കിക്കണ്ടത്.
സൗമ്യമായ പുഞ്ചിരിയും നാടൻപാട്ടുകളുമൊക്കെയായി നാട്ടുകാരിലേയ്ക്ക് പെട്ടെന്ന് ഇഴുകിച്ചേർന്ന രമ്യ ഒട്ടനവധി ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും കളിയാക്കലുകൾക്കും വളരെ വേഗം ഇരയായി. ആരാൻറെ കവിത സ്വന്തം പേരിലാക്കി തിത്തൈയ് പറഞ്ഞ ബുദ്ധിജീവി ജാഢകളുടെ തിരഞ്ഞെടുപ്പെന്നാൽ കേവലമൊരു പാട്ടു റിയാലിറ്റി ഷോയല്ല പോലുള്ള വിമർശനങ്ങളെ അതർഹിക്കുന്ന ലാഘവത്തിൽ പുഞ്ചിരിയോടെ നേരിട്ട രമ്യ, തൻറെ സ്ത്രീത്വത്തിലേയ്ക്ക് പോയിൻറു ചെയ്യപ്പെട്ട ആരോപണങ്ങളെ അതുന്നയിച്ച ആളുടെ വലിപ്പച്ചെറുപ്പങ്ങൾ നോക്കാതെ ധൈര്യമായിത്തന്നെ നിയമപരമായി നേരിടാനുറയ്ക്കുകയും ചെയ്യ്തതുവഴി ആധുനിക ധീരവനിതായുവത്വത്തിൻറെ ശക്തമായ വക്താവാകുകയും ചെയ്തു, അവസാനം പ്രചാരണം അവസാനിക്കുമ്പോൾ ശക്തമായ ഒരു പോരാട്ടത്തിൻറെ കാഹളമൂതിക്കൊണ്ടാണ് രമ്യ ആലത്തൂരിനെ പോളിംഗ് ബൂത്തിലേയ്ക്കയയ്ച്ചത്.
വോട്ടെണ്ണിത്തുടങ്ങുമ്പോൾ മുതൽ കയറിയുമിറങ്ങിയും മെല്ലെത്തുടങ്ങിയ രമ്യ പിന്നീട് പടിപടിയായി ലീഡുയർത്തി ലക്ഷങ്ങളിലെത്തി അവസാനം കേരളത്തിൽ ഒരു സ്ഥാനാർഥി ആദ്യ തെരഞ്ഞെടുപ്പിൽ നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷമായ ഒന്നരലക്ഷത്തിത്തിലധികം വോട്ടിൻറെ റിക്കാർഡോടെ വിജയിയായപ്പോൾ ഞെട്ടിയത്, ബിജുവോ ആലത്തൂരോ മാത്രമല്ല, രാഷ്ട്രീയ കേരളം കൂടിയാണ്.
നമ്മളിൽ പലർക്കും രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. എന്നിരുന്നാലും ഈ വിജയത്തെ അഭിനന്ദിക്കാതിരിക്കാനാകില്ല. കാരണം ഈ പെൺകുട്ടി മാറുന്ന സ്ത്രീത്വത്തിൻറെ പ്രതീകം മാത്രമല്ല, ശക്തമായ പോരാട്ടത്തിൻറ ഉദാഹരണം കൂടിയാണ്. അഭിനന്ദനങ്ങൾ പ്രിയപ്പെട്ട സഹോദരീ.
പ്രാരാബ്ദങ്ങളുടേയും സാഹചര്യങ്ങളുടേയും കടുത്ത വെല്ലുവിളികൾക്കിടയിലും, ചുണ്ടിലെ പാട്ടിലും സൗമ്യമായ പുഞ്ചിരിയിലും ധീരയായ ഒരു പോരാളിയുടെ മനസ്സും ശരീരവും സൂക്ഷിച്ചതിന്
അഭിനന്ദനങ്ങൾ, ഒരിക്കൽ കൂടി