ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത് സതീശന്റെ മോൻ തേച്ച മൂന്ന് പെണ്കുട്ടികളും, അവർ പാടിയ പാരഡി പാട്ടും, പിന്നീട് താൻ ആണ് സതീശന്റെ മോൻ എന്ന അവകാശ വാദവുമായി എത്തിയ വീഡിയോയും ഒക്കെയാണ്. പെണ്കുട്ടികളെ പിന്തുണച്ചതും അസഭ്യ വർഷങ്ങൾ നടത്തിയും രണ്ട് ഭാഗത്തും ആളുകൾ അണിനിറന്നപ്പോൾ സംഭവം അങ്ങു കൊഴുത്തു. വൈറൽ ആയി എന്നു തന്നെ പറയാം.
ഇപ്പോഴിതാ സതീശന്റെ മോൻ തേച്ചത് എന്റെ മകളെ ആയിരുന്നു എങ്കിൽ, സുരേഷ് സി പിള്ളയുടെ കുറിപ്പാണ് വൈറൽ ആകുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
‘സതീശന്റെ മോൻ’ പറ്റിച്ചത് എന്റെ മോളെ എങ്കിൽ..
ഇന്ന് മനസ്സു നിറയെ ആ മൂന്നു സ്കൂൾ കുട്ടികൾ ആയിരുന്നു.
ഏതോ ഒരു പ്രൈവറ്റ് ഗ്രൂപ്പിൽ ഷെയർ ചെയ്തു മലയാളികൾ ലോകം മുഴുവൻ ചർച്ച ചെയ്ത ആ വീഡിയോ, നിങ്ങളും കണ്ടു കാണും.
ആ കുട്ടികളുടെ മനസ്സിലെ ആധിയും, നാണക്കേടും, കുറ്റബോധവും എല്ലാം മനസ്സുലച്ചു.
ആ കുട്ടികൾ കാട്ടിയത് Naivety (“having or showing a lack of experience, understanding or sophistication, often in a context where one neglects pragmatism”) ആണ് എന്ന് നിസ്സംശയം പറയാം.
Naive എന്നാൽ “ഒരു വസ്തുവിന്റെ ഉപയോഗ രീതിയെ ക്കുറിച്ചു ചെറിയ അളവിലുള്ള ജ്ഞാനംപോലുമില്ലാതെ അതുപയോഗിക്കാന് ആഗ്രഹിക്കുന്ന വ്യക്തി” എന്നാണ് അർത്ഥം.
അതായത് ഇലക്ട്രോണിക് മീഡിയയും, സോഷ്യൽ മീഡിയയും എങ്ങിനെയാണ് സ്വകാര്യത കാത്തു സൂക്ഷിച്ചു ഉപയോഗിക്കേണ്ടത് എന്നറിയാത്ത പതിനഞ്ചോ, പതിനാറോ വയസ്സുള്ള കുട്ടികൾ. കൂട്ടുകാരിയെ പ്രണയിതാവ് പറ്റിച്ച രോഷത്തിൽ ചെയ്ത വീഡിയോ. അസഭ്യം പറഞ്ഞത് മാറ്റി നിർത്തിയാൽ, ചതിവു പറ്റിയതിൽ പെട്ടെന്നുള്ള വികാര വിക്ഷോഭ പ്രകടനം ആയേ കാണാൻ കഴിയൂ.
ഇത് കൂട്ടുകാരുടെ കയ്യിൽ നിന്നും ലീക്ക് ചെയ്യുമെന്നോ, ലോകം മുഴുവൻ കാണുമെന്നോ ഒന്നും അവർ ചിന്തിച്ചിട്ടുണ്ടാവില്ല. ആ കുട്ടികളെ സ്കൂളിൽ നിന്നും പുറത്താക്കി എന്നും വായിച്ചു.
എഴുപതുകളിലും, എൺപതുകളിലും, തൊണ്ണൂറുകളിലും ഒക്കെ ഇതേപോലെ ‘ടിക് ടോക്’ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ഇതേപോലെ മണ്ടത്തരങ്ങൾ കാട്ടി പഠനം നിർത്തി വീട്ടിൽ ഇരിക്കേണ്ടവർ ആയിരിക്കും ഞാൻ ഉൾപ്പെടെ നിങ്ങളിൽ പലരും.
ഇങ്ങനെ ഒരു വീഡിയോ ലീക്ക് ചെയ്ത വാർത്ത അറിഞ്ഞാൽ അച്ഛനോ, അമ്മയോ ആയ നമ്മൾ എന്ത് ചെയ്യണം? ആലോചിച്ചിട്ടുണ്ടോ?
ആദ്യം ചെയ്യേണ്ടത് മോൻ അല്ലെങ്കിൽ മോൾ കടും കൈകൾ (ആത്മഹത്യ , നാടുവിടൽ) ഒന്നും ചെയ്യാതെ വീട്ടിൽ എത്തും എന്ന് ഉറപ്പാക്കുകയാണ്.
ഫോൺ ഉണ്ടെങ്കിൽ ഉടനെ വിളിച്ചു ‘മോൾ എവിടെയാണ്, അച്ഛൻ/ അമ്മ അങ്ങോട്ടേയ്ക്ക് വരട്ടെ, നമുക്ക് ഒരുമിച്ചു നേരിടാം, നീ ധൈര്യമായിരിക്കൂ എന്ന് പറയാം.”
“നീ ഞങ്ങൾക്ക് മാനക്കേടുണ്ടാക്കി, കുടുംബം നശിപ്പിച്ചു, തുടങ്ങിയ രീതിയിൽ ഉള്ള വഴക്കോ, ശാപവാക്കുകളോ ഒന്നും പറയാനുള്ള സമയം അല്ല ഇത്.”
അവർ മാനസികമായി തകർന്നിരിക്കുകയാണ്, അതിന്റെ കൂടെ മാതാപിതാക്കളുടെ കുറ്റപ്പെടുത്തൽ കൂടി സഹിക്കാനുള്ള ത്രാണി ഉണ്ടാവില്ല. ‘
സാരമില്ല, മോളെ തെറ്റ് എല്ലാവര്ക്കും പറ്റും, അച്ഛൻ/ ‘അമ്മ കൂടെ ഉണ്ടാവും, മറ്റ് ആരു പറയുന്നതും നീ കേൾക്കേണ്ട” എന്ന് പറയാം.
“ഇന്ന് നീ ആഹാരം ഒക്കെ കഴിച്ചിട്ട് ഉറങ്ങൂ, ബാക്കി കാര്യങ്ങൾ നമുക്കെല്ലാം കൂടി, ഒരുമിച്ചു നേരിടാം എന്നു പറഞ്ഞു ആശ്വസിപ്പിക്കാം.
കുട്ടികൾക്ക് ഇതേപോലെയുള്ള വിഷമഘട്ടങ്ങൾ തരണം ചെയ്യാൻ ഒരു വിദഗ്ദനായ കൗൺസിലറുടെ സഹായം വേണ്ടിവരും. അവർ പറയുന്ന പോലെ ബാക്കി ജീവിതം മുൻപോട്ടു പോകാം.
ബന്ധുക്കളും, നാട്ടുകാരും ഒക്കെ എന്തും പറയട്ടെ, ഇത് നിങ്ങളെ ബാധിക്കുന്നില്ല എന്ന രീതിയിൽ മുൻപോട്ട് പോകുക. പഠനത്തിൽ സഹായിക്കുക, പുതിയ ബന്ധങ്ങൾ കെട്ടിപ്പടുക്കുവാൻ അവരെ പ്രാപ്തരാക്കുക.
ടീൻ ഏജ് കുട്ടികളോട് സോഷ്യൽ മീഡിയയെ ക്കുറിച്ചു പറഞ്ഞു കൊടുക്കാൻ വായിച്ചറിഞ്ഞ കുറെ കാര്യങ്ങൾ കൂടി
സ്വകര്യ വീഡിയോകൾ ഏറ്റവും അടുത്ത സുഹൃത്തിനു പോലും (അല്ലെങ്കിൽ സുഹൃത്തുക്കളുടെ ഗ്രൂപ്പിൽ പോലും) ഷെയർ ചെയ്യാതെ ശ്രദ്ധിക്കണം. നമ്മുടെ കയ്യിൽ നിന്നും പോയാൽ അത് എവിടെയൊക്കെ എത്തും എന്ന് നമുക്ക് ഒരിക്കലും പറയാൻ കഴിയില്ല.
നിങ്ങളുടെ സ്കൂൾ അധികൃതരോ, മാതാപിതാക്കളോ, ഭാവി തൊഴിൽ ദാതാക്കളോ കണ്ടാൽ അനൗചിത്യം എന്ന് തോന്നുന്ന കാര്യങ്ങൾ കഴിവതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാതെ ഇരിക്കുക.
നിങ്ങളുടെ പാസ്സ്വേർഡ് ഒരിക്കലും സുഹൃത്തുക്കളും ആയി ഷെയർ ചെയ്യരുത്.
നിങ്ങളുടെ എഴുത്തുകൾ, വീഡിയോയകൾ, ഫോട്ടോകൾ ഇവ ഒരിക്കൽ പോസ്റ്റ് ചെയ്താൽ പിന്നെ ഇവ സ്ഥായി (permanent) ആയി കണക്കാക്കണം. ഒരു പക്ഷെ നിങ്ങൾ ഡിലീറ്റ് ചെയ്താലും മറ്റു പലരും അത് സേവ് ചെയ്തു സൂക്ഷിച്ചിട്ടുണ്ടാവും. നിങ്ങൾ അറിയാത്ത പല സ്ഥലങ്ങളിലും അത് എത്തിപ്പെട്ടിട്ടുണ്ടാവും.
വികാര വിക്ഷോഭങ്ങൾ പ്രകടിപ്പിക്കാനുള്ള സ്ഥലം അല്ല സാമൂഹ്യ മാധ്യമങ്ങൾ. ചിലപ്പോൾ ഇവയൊക്കെ ദൂരവ്യാപകമായ ഭവിഷ്യത്തുകൾ ഉണ്ടാക്കാം.
സോഷ്യൽ മീഡിയ എന്നാൽ അത് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്നതാണ്. നിങ്ങൾ ‘ഫ്രണ്ട് ഒൺളി’ ആയി എന്തെങ്കിലും ഷെയർ ചെയ്താലും, നിങ്ങളുടെ സുഹൃത്തുക്കൾക്ക് അത് കോപ്പി ചെയ്തു പബ്ലിക്ക് ആയി പ്രചരിപ്പിക്കാൻ പറ്റും.
ഓൺലൈൻ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ അടുത്തറിയുന്നവരേയും, വിശ്വസ്ഥരേയും മാത്രം തിരഞ്ഞെടുക്കാൻ ശ്രമിക്കുക.
എന്ത് പോസ്റ്റ് ചെയ്യണം എന്നതിനേക്കാൾ കൂടുതൽ ആലോചിക്കേണ്ടത്, എന്തൊക്കെ പോസ്റ്റ് ചെയ്യരുത് എന്നതാണ്.
അമേരിക്കൻ എഴുത്തുകാരി Amy Jo Martin പറഞ്ഞത് കൂടി എഴുതി നിർത്താം “Just as we teach our children how to ride a bike, we need to teach them how to navigate social media and make the right moves that will help them. The physical world is similar to the virtual world in many cases. It’s about being aware. We can prevent many debacles if we’re educated.”
അതായത് കുട്ടികളെ സൈക്കിൾ ഓടിക്കാൻ പഠിപ്പിക്കുന്ന പോലെ തന്നെ, അവരെ സാമൂഹ്യ മാധ്യമങ്ങളിൽ എങ്ങിനെ ഗതിനിയന്ത്രണം നടത്തണം എന്ന് പഠിപ്പിക്കണം. ഭൗതിക ലോകവും സാങ്കല്പികലോകവും പല കാര്യത്തിലും ഒരേ പോലെയാണ്. രണ്ടിടത്തും ജാഗ്രതയുള്ളവരായിരിക്കുക എന്നത് പ്രധാനമാണ്. സാമൂഹ്യ മാധ്യമങ്ങളെ നന്നായി അറിഞ്ഞുപയോഗിച്ചാൽ പല പതനങ്ങളിൽ നിന്നും ഒഴിവാകാൻ പറ്റും.”
എഴുതിയത് സുരേഷ് സി പിള്ള
കൂടുതൽ വായനയ്ക്ക്
Safko L. The social media bible: tactics, tools, and strategies for business success. John Wiley & Sons; 2010 Oct 1.
Ramsay M. Social media etiquette: A guide and checklist to the benefits and perils of social marketing. Journal of Database Marketing & Customer Strategy Management. 2010 Sep 1;17(3-4):257-61.
Bernhardt JM, Alber J, Gold RS. A social media primer for professionals: digital dos and don’ts. Health promotion practice. 2014 Mar;15(2):168-72.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…