കേരള ജനതയെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ഒരു ക്രൂര കൊലപാതകം കൂടി കേരള മണ്ണിൽ നടന്നിരിക്കുകയാണ്. മൂന്ന് മക്കളുടെ അമ്മയായ പോലീസ് ഉദ്യോഗസ്ഥ കൂടിയായ സൗമ്യയെ ആണ് മുൻ സഹപ്രവർത്തകൻ ആയ അജാസ് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് മണിക്കൂറുകൾ തികയും മുമ്പേ ഇരുവരും തമ്മിൽ അടുപ്പത്തിൽ ആയിരുന്നു എന്നും അതിന്റെ വൈരാഗ്യം ആണ് കൊലപാതകത്തിൽ കലാശിച്ചത് എന്നുമാണ് റിപ്പോർട്ടുകൾ എത്തിയത്. സത്യം എന്തെന്ന് തിരിച്ചറിയും മുമ്പേ ഇതുപോലെ ഉള്ള കഥകൾ ഇറക്കുന്ന മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയ സഹജീവികൾക്ക് എതിരെയും ആണ് സന്ദീപ് ദാസ് എഴുതിയ കുറിപ്പ് ഇങ്ങനെ,
പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം
മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ഒരു കൊലപാതകം മാവേലിക്കരയിൽ നടന്നിട്ടുണ്ട്. സിവിൽ പൊലീസ് ഒാഫീസറായ സൗമ്യയെ പൊതുസ്ഥലത്തുവെച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു ! ക്രൂരവും പൈശാചികവുമായ ഈ കൃത്യം നടപ്പിലാക്കിയത് അജാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് !
അതിനുപിന്നാലെ ചില മാദ്ധ്യമങ്ങൾ സൗമ്യയും അജാസും തമ്മിൽ ‘അടുപ്പത്തിലായിരുന്നു’ എന്നും കൊലപാതകത്തിൻ്റെ കാരണം വ്യക്തിവൈരാഗ്യമാണെന്നും എഴുതി. അതോടെ കൊലപാതകിയെ ന്യായീകരിക്കുന്ന കമൻ്റുകൾ യഥേഷ്ടം വന്നുതുടങ്ങി ! ”കാമം തീർക്കാൻ ഭർത്താവിനെ ചതിച്ച് അന്യന് കിടക്കവിരിച്ച് കൊടുത്ത ഇവൾ ഇത് അർഹിക്കുന്നു” എന്നാണ് ഒരാൾ എഴുതിയത് !
ഒരു പരിചയവുമില്ലാത്ത ആളുകളുടെ കിടപ്പറയിലെ കാര്യങ്ങൾ വരെ എത്ര ഉറപ്പോടെയാണ് പ്രവചിക്കുന്നത് ! ഇതാണ് ശരാശരി മലയാളിയുടെ മനോഭാവം. പെണ്ണിനെ പ്രതിസ്ഥാനത്തുനിർത്താൻ ഒരവസരം നോക്കിയിരിക്കുകയാണ് കപടസദാചാരവാദികൾ !
സ്ത്രീ – പുരുഷ ബന്ധത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാടുകൾ വളരെയേറെ സങ്കുചിതമാണ്. ആണിനും പെണ്ണിനും എല്ലാക്കാലത്തും സുഹൃത്തുക്കളായിരിക്കാൻ കഴിയില്ല എന്ന പിന്തിരിപ്പൻ സന്ദേശം പങ്കുവെയ്ക്കുന്ന സിനിമകൾ ഇവിടെ തകർത്തോടിയിട്ടുണ്ട്. അവനും അവളും സ്നേഹത്തോടെ പരസ്പരം പെരുമാറിയാൽ, അതിനെ ‘വഴിവിട്ട’ ബന്ധമായി വ്യാഖ്യാനിക്കുന്ന ജനങ്ങളാണ് ഇവിടെയുള്ളത്.
വിവാഹിതനായ ഒരു പുരുഷന് തൻ്റെ ഒാഫീസിലെ സഹപ്രവർത്തകയോടൊപ്പം സിനിമാ തിയേറ്ററിലും പാർക്കിലുമൊക്കെ ധൈര്യമായി പോകാൻ സാധിക്കുമോ? ഒരിക്കലുമില്ല. അങ്ങനെ ചെയ്യാൻ നമ്മുടെ ‘സംസ്കാരം’ അനുവദിക്കുന്നില്ല. കലർപ്പില്ലാത്ത സൗഹൃദമാണെങ്കിൽപ്പോലും സമൂഹം അതിൽ അവിഹിതം മാത്രമേ കാണുകയുള്ളൂ.
എൻ്റെയൊരു തോന്നൽ പറയാം. കൊലചെയ്യപ്പെട്ട സൗമ്യയും കൊലപാതകിയായ അജാസും സുഹൃത്തുക്കളായിരുന്നിരിക്കാം. പ്രണയമെന്ന് മറ്റുള്ളവർ തെറ്റിദ്ധരിക്കും വിധമുള്ള ഗാഢമായ സൗഹൃദം അവർക്കിടയിൽ ഉണ്ടായിരുന്നിരിക്കാം. അജാസ് ഒരു നല്ല മനുഷ്യനല്ലെന്ന് മനസ്സിലായപ്പോൾ സൗമ്യ അടുപ്പത്തിന് ഫുൾസ്റ്റോപ്പിട്ടതാകാം. അതല്ലെങ്കിൽ സൗമ്യയുടെ സൗഹൃദത്തെ അജാസ് പ്രണയമായി തെറ്റിദ്ധരിച്ചിട്ടുണ്ടാകാം.
അവർക്കിടയിൽ സംഭവിച്ചത് എന്തുതന്നെയാണെങ്കിലും, അത് പറയാൻ സൗമ്യ ജീവിച്ചിരിപ്പില്ല. സൗമ്യയുടെ വേർഷൻ കേൾക്കാനുള്ള അവസരം നമുക്കില്ല. അത് കേൾക്കാനായാൽ ഈ കഥയുടെ സ്വഭാവം തന്നെ മൊത്തത്തിൽ മാറിപ്പോയേക്കാം.
‘ദേവാസുരം’ എന്ന സിനിമ കണ്ട പ്രേക്ഷകരെല്ലാം മംഗലശ്ശേരി നീലകണ്ഠനെ നെഞ്ചിലേറ്റുകയും മുണ്ടയ്ക്കൽ ശേഖരനെ വെറുക്കുകയും ചെയ്തുവല്ലോ. സിനിമ നീലകണ്ഠൻ്റെ പക്ഷം പിടിച്ചതുകൊണ്ടാണ് അപ്രകാരം സംഭവിച്ചത്. അതേ കഥ ശേഖരൻ്റെ വീക്ഷണകോണിലൂടെ പറഞ്ഞാൽ നീലകണ്ഠനാണ് വില്ലനെന്ന് തോന്നും !
മനുഷ്യത്വത്തിൻ്റെ കണികപോലും ഇല്ലാത്ത അജാസ് എന്ന ക്രിമിനലിൻ്റെ പോയിൻ്റ് ഒാഫ് വ്യൂ മാത്രമാണ് നമുക്ക് ലഭ്യമായിട്ടുള്ളത്. നാം അത് വിഴുങ്ങേണ്ടതുണ്ടോ?
ഇനിയിപ്പോൾ സൗമ്യയും അജാസും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നുതന്നെ ഇരിക്കട്ടെ. എങ്ങനെയാണ് അത് കൊലപാതകത്തിനുള്ള ന്യായീകരണമാകുന്നത്? സ്വന്തം വീട്ടിലെ പെൺകുട്ടികൾക്ക് ഈ ഗതി വന്നാൽ ന്യായീകരണത്തൊഴിലാളികൾ ഈ രീതിയിൽത്തന്നെ പ്രതികരിക്കുമോ?
പ്രണയിനിയെ നിഷ്കരുണം വഞ്ചിച്ച എത്രയെത്ര പുരുഷൻമാരാണ് ഈ നാട്ടിൽ സുഖമായി ജീവിക്കുന്നത് ! അതിൻ്റെ പേരിൽ പെൺകുട്ടികൾ പെട്രോളുമെടുത്ത് ഇറങ്ങുന്നത് കണ്ടിട്ടുണ്ടോ?
ഉത്തരേന്ത്യയിലെ ആസിഡ് ആക്രമണങ്ങളുടെ വാർത്തകൾ വായിക്കുമ്പോൾ കേരളത്തിൽ ഇതൊന്നും സംഭവിക്കില്ല എന്ന് കരുതിയിരുന്നു. മലയാളികൾ വിദ്യാസമ്പന്നരാണല്ലോ ! പക്ഷേ മനുഷ്യനെ പച്ചയ്ക്ക് കത്തിക്കാൻ മലയാളികൾക്ക് ഒരു മടിയുമില്ല എന്ന കാര്യം പലവട്ടം തെളിഞ്ഞുകഴിഞ്ഞു.
വളരെയേറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണിത്. ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിനുവേണ്ടി നിയമിക്കപ്പെട്ട പൊലീസുകാരനാണ് ഇതുപോലൊരു കുറ്റം ചെയ്തത്. അതിൽ നിന്നുതന്നെ ഈ വിഷയത്തിൻ്റെ ഗൗരവം തിരിച്ചറിയാനാകും.
കൊലപാതകിയെ ന്യായീകരിക്കുന്ന രീതിയിൽ സംസാരിക്കാതിരിക്കുക എന്ന സാമാന്യ മര്യാദയാണ് ആദ്യം പാലിക്കേണ്ടത്. മറ്റൊരാൾക്കുകൂടി കുറ്റംചെയ്യാനുള്ള നിശബ്ദപ്രേരണയാണ് അത്തരം പ്രസ്താവനകൾ.
‘നോ’ പറയാനുള്ള അവകാശം സ്ത്രീകൾക്കുണ്ടെന്ന വസ്തുത പുരുഷൻമാർ പലപ്പോഴും മനസ്സിലാക്കാറില്ല. ഒരു പെൺകുട്ടിയോട് ഒരു പുരുഷന് ഇഷ്ടം തോന്നിയാൽ, അവൾ അയാളെ നിർബന്ധമായും വിവാഹം കഴിക്കണം എന്ന പിടിവാശി വെച്ചുപുലർത്തുന്നവരുണ്ട്. വിവാഹം കച്ചവടമായി മാറുന്ന നാടാണ്. അതുകൊണ്ടുതന്നെ പെൺകുട്ടികൾക്ക് മിക്കപ്പോഴും അഭിപ്രായസ്വാതന്ത്ര്യം ഉണ്ടാകാറില്ല.
നമ്മുടെ ആൺകുട്ടികളെ ചെറുപ്പം മുതൽ പഠിപ്പിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരു റിലേഷനിൽ സ്ത്രീയ്ക്കും പുരുഷനും തുല്യസ്ഥാനമാണ്. അവരിൽ ഒരാൾക്ക് ആ ബന്ധം തുടരാൻ താത്പര്യമില്ലെങ്കിൽ, അത് അവിടെവെച്ച് അവസാനിപ്പിക്കുക. അല്ലാതെ പുരുഷന് പ്രത്യേക പരിഗണനയൊന്നുമില്ല. അസന്തുഷ്ടിയോടെ ഒന്നിച്ചുനിന്നാലും തീവെച്ച് കൊന്നാലും ഇരുപക്ഷത്തും നഷ്ടങ്ങൾ മാത്രമേ സംഭവിക്കുകയുള്ളൂ.
മനഃശാസ്ത്രപരമായ ഒരു പ്രശ്നമാണിത്. പൂർണ്ണമായും തുടച്ചുനീക്കണമെങ്കിൽ കൂട്ടായ പരിശ്രമം ആവശ്യമാണ്. ആ ഉത്തരവാദിത്വത്തിൽനിന്ന് നമുക്കാർക്കും ഒളിച്ചോടാനാവില്ല.
എല്ലാം മറക്കാം.മരിച്ച സൗമ്യയ്ക്ക് ഭർത്താവും മൂന്നു കുട്ടികളുമുണ്ട്. ആ കുടുംബത്തിന് ഒറ്റനിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്.ഒരു കുടപോലുമില്ലാതെ അവർ പെരുമഴയത്ത് നിൽക്കുകയാണ്. അവരെ ഒാർത്തെങ്കിലും സൗമ്യയെ വെറുതെവിട്ടുകൂടേ?
Written by-Sandeep Das
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…