ജീവിതത്തിൽ വരുന്ന ഒറ്റപ്പെടലുകളിൽ ആശ്വാസങ്ങൾക്കായി പങ്കാളിയെ കണ്ടെത്തുന്നവർ ഒട്ടേറെയാണ്, ജീവിതം അടിപതറുമ്പോഴും ഒന്ന് പിടിച്ചു നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടി നിന്ന ഹൃദയം പകുത്ത് നൽകിയവനാൽ ചതിക്കപ്പെട്ടവർ നിരവധിയാണ്, പ്രണയം മൂത്ത് ഭ്രാന്താവുമ്പോൾ തനിക്ക് ലഭിക്കാത്തത് മറ്റാർക്കും വേണ്ട എന്നുള്ള ശാഠ്യത്തിൽ ജീവിതം തകർന്ന ഒട്ടേറെ വികൃത മുഖങ്ങൾ നമുക്ക് ഇടയിൽ തന്നെയുണ്ട്. അവരുടെ കഥ പറയുന്ന ചിത്രമായിരുന്നു പാർവതി നായികയായി എത്തിയ ഉയരെ.
എന്നാൽ, ജീവിതത്തിൽ അത്തരം സംഭവങ്ങളിൽ കൂടി കടന്ന് പോയ, പെണ്കുട്ടിയെ കുറിച്ച് ഷിംന അസ്സീസ് തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ച വരികൾ ഇങ്ങനെ,
ആസിഫ് അലിയുടെ ഗോവിന്ദ് എന്ന കഥാപാത്രം പല്ലവിയുടെ മുഖത്ത് ആസിഡ് കോരിയൊഴിച്ച ‘ഉയരെ’ വലിയ ചർച്ചയായല്ലോ. മുഖത്തേക്കാൾ കൂടുതൽ മസ്‌തിഷ്‌കത്തിൽ ആസിഡ് വീഴ്‌ത്തുന്നവർക്കിടയിൽ ഉരുകിച്ചാകുന്ന പല്ലവിമാരും ചിലപ്പോൾ പല്ലവൻമാരും നമുക്ക് ചുറ്റുമുണ്ട്. അറിയാമോ അവരെക്കുറിച്ച്? അങ്ങനെയൊരുവൾ പറഞ്ഞ് ആർത്ത് കരഞ്ഞൊരു കഥയാണിത്. അല്ല, ആ പെണ്ണിന്റെ ജീവിതം തന്നെയാണിത്.
ഭക്ഷണം ഇല്ലാണ്ട് ജീവിക്കാൻ പറ്റ്വോ? കുറച്ച് നേരമൊക്കെ പറ്റും. വെള്ളവും ഉറക്കവുമില്ലാതെ? അതും കുറച്ചൊക്കെ പറ്റും. ജനിച്ച നാൾ മുതൽ കുറ്റപ്പെടുത്തലും ശാപവാക്കുകളും അപമാനിക്കലും വിലകുറച്ച് കാണിക്കലും സഹിച്ച് ഇടക്ക് അറുക്കാനിട്ട പോത്തിന് ബൂസ്‌റ്റ് കലക്കി കൊടുക്കുന്നത് പോലെ ചിലത് കൊടുത്ത് അവളെ/അവനെ വളർത്തിയാലോ? അതും പോരാഞ്ഞ് അവളോ അവനോ വലുതായി പറന്ന് പോകരുതെന്ന മുൻവിധിയോടെ മുന്നിൽ വരുന്ന അവസരങ്ങൾ പിടിച്ച് വെച്ച് അധികാരസംരക്ഷണം നടത്തിയാലോ? എത്ര കാലം ജീവിക്കും?
സമ്പന്നകുടുംബത്തിൽ പിറന്ന പെൺകുട്ടി. നാട്ടിലെ ഏറ്റവും നല്ല സ്‌കൂളിൽ തന്നെ അവളെ ചേർത്ത് പഠിപ്പിച്ചു. ഓർമ്മ വെച്ച നാൾ മുതൽ ആ സ്‌കൂളിൽ ചേർത്തതിന്റെ മഹത്വവും എന്നിട്ടും അവൾ കാണിക്കുന്ന നന്ദികേടും അവൾ കേട്ട് തുടങ്ങി. ആറ് വയസ്സിൽ എന്ത് നന്ദികേടാണ് താൻ കാണിക്കുന്നതെന്നറിയാതെ അവൾ അന്ധാളിച്ചു. അവളെ ആ പിതാവ് വടി കൊണ്ട് തല്ലുമായിരുന്നില്ല. പക്ഷേ, കണക്ക് പറഞ്ഞും അവഹേളിച്ചും അവളുടെ മനസ്സിനെ പൊതിരെ തല്ലിക്കൊണ്ടിരുന്നു. സ്വാഭാവികമായും അവൾ പുസ്‌തകങ്ങളിലേക്കും പാട്ടുകളിലേക്കും ഉൾവലിഞ്ഞു. ഉള്ളിലെ ഒറ്റപ്പെടൽ ആരെയും അറിയിക്കാതിരിക്കാൻ നിർത്താതെ സംസാരിച്ചു, ചിരിച്ചു, മിടുക്കിയായി പഠിച്ചു. അല്ലെങ്കിലും ആർക്കും കാണിച്ച് കൊടുക്കാവുന്ന മുറിവുകൾ അവൾക്കില്ലായിരുന്നു. ‘നാർസിസ്‌റ്റിക് അബ്യൂസ്’ എന്ന് പറയുന്ന വലിയ വാക്കും അവൾക്കന്ന് അന്യമായിരുന്നു. അച്‌ഛനോട് മാനസിക അടിമത്തമുണ്ടായിരുന്ന അമ്മയും അവളുടെ പ്രായത്തിന്റെ വൈകാരിക ആവശ്യങ്ങൾ കണ്ടില്ല. തന്റെ അപകർഷതകളും തനിക്കേറ്റ കുറ്റപ്പെടുത്തലുകളും നാണക്കേടും സഹിച്ച് റിബലായി ആ പെണ്ണ് വളർന്നു. നല്ലതൊന്നും പറഞ്ഞില്ലെങ്കിലും ചികഞ്ഞെടുത്ത് വിമർശിക്കുന്നവർക്കിടയിൽ അവളല്ലാതെന്ത് ചെയ്യാനാണ്.
കൗമാരത്തിൽ അവൾക്കൊരു കൂട്ടുകാരനുണ്ടായി. പിന്നീട് അത് പറഞ്ഞായി പീഡനം. അവളെ വലിയ സ്‌കൂളിൽ വിട്ട് പഠിപ്പിച്ചു, അവൾക്കൊരു പ്രണയമുണ്ടായി എന്നത് സ്‌ഥിരം പല്ലവിയായി. അവളുടെ അച്‌ഛനും അമ്മയും പ്രണയവിവാഹിതരായിരുന്നു, എന്നിട്ടും.
വർഷങ്ങൾക്ക് ശേഷം ആ പ്രണയം തകർന്നു. അതിനും കുറ്റപ്പെടുത്തലുകളായിരുന്നു. എല്ലായെപ്പോഴും ശരി തന്റെ മറുപക്ഷത്ത് മാത്രമാകുന്നതിന്റെ ലോജിക്കും അവൾക്ക് മനസ്സിലായില്ല. കരഞ്ഞു തളർന്നപ്പോഴെല്ലാം താഴെ വീഴാതെ കൊണ്ടു നടക്കാൻ ഉറ്റ കൂട്ടുകാർ വരി നിന്നു, അവളുടെ ഏറ്റവും വലിയ സമ്പാദ്യം.
ആ ഷോക്കിൽ നിന്നും മോചിതയാകാനെന്നോണം അവൾ ഏറെ പേരിൽ അവളുടെ പങ്കാളിയെ തിരഞ്ഞു. വീണു കിടന്ന അവളെ ഉയർത്താൻ തക്ക ഒരുവനെ എവിടെയുമവൾ കണ്ടില്ല. ആയിടെ അവൾക്ക് വന്നൊരു കല്യാണാലോചനയിൽ അവൾ സമ്മതം മൂളി.
വിവാഹത്തിന്റെ ആദ്യനാളുകൾ നന്നായി തന്നെ പോയി. ആ കുടുംബം ഒരു തരത്തിലും അവളുടെ മനസ്സിന് യോജിക്കുന്നതായിരുന്നില്ല. പക്ഷേ അയാൾ അവളുടെ കൂടെ നിൽക്കുമെന്നവൾ കരുതി. അവിടെയും തെറ്റിയെന്ന് അവൾ മനസ്സിലാക്കാൻ മാസങ്ങളേ എടുത്തുള്ളൂ. കടിച്ചതിലും വലുതായിരുന്നു മാളത്തിൽ.
‘പഞ്ചപാവം’ ഇമേജുള്ള അയാളെ കൊടൂര സ്‌നേഹസമ്പന്നനായി എല്ലാവരും ധരിച്ചു. എന്നാൽ ലോകത്ത് ഒന്നിനോടും ഒരു വികാരവുമില്ലാത്ത അപകർഷതാബോധത്തിന്റെ മൂർത്തീഭാവമായ അയാൾ പതുക്കെ അവളുടെ മനസ്സിനോടും ശരീരത്തിനോടും തന്റെ ആത്മവിശ്വാസക്കുറവ് കാണിച്ച് തുടങ്ങി. ഒന്നിനോടും സഹകരിക്കാത്ത, അവളുടെ ചിരിയും സംസാരങ്ങളും ഫോൺ കോളിന്റെ നീളവും സുഹൃത്തുക്കളുടെ ജാതകവും വരെ തപ്പിയെടുക്കുന്നൊരാളായി അയാൾ മാറുന്നത് അവൾ ഭീതിയോടെ മനസ്സിലാക്കി തുടങ്ങി. അയാളുടെ അനിയനോട് ഫോണിൽ സംസാരിക്കുന്നതിന് പോലും അയാൾ അവളോട് ഷൗട്ട് ചെയ്‌തു.
ചെലവിന് പത്ത് പൈസ പോലും തരാത്ത അയാളുടെ കാര്യം വീട്ടിൽ പറയേണ്ടി വന്നു. വീണ്ടും അച്‌ഛന്റെ പ്‌രാകിപ്പറഞ്ഞ കാശ് വാങ്ങേണ്ടി വന്നു. ആ കമ്മിറ്റ്‌മെന്റിന്റെ പേരിൽ നാണം കെട്ട് അവർ പറയുന്ന പലതും ചെയ്യേണ്ടി വന്നു. ആത്മാഭിമാനം എന്നൊന്ന് ഇല്ലാതെ അവൾക്ക് ജീവിതം വെറുത്ത അവസ്‌ഥയായി. നന്നായി പഠിച്ച് ഡിഗ്രി നേടി വീട്ടിലിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ അതിനെയും അശ്ലീലം കൊണ്ടയാൾ പരിഹസിച്ചു. അതിനിടക്ക് കുട്ടികളായി, അവരുടെ ചിലവിന് പോലും വീട്ടിൽ തെണ്ടേണ്ട അവസ്‌ഥ. ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കാത്ത സുഖജന്മം ഭർത്താവ് എന്ന പൂജിതസ്‌ഥാനം വഹിച്ച് നിർഗുണനായി നടന്നു.
അവഗണിക്കപ്പെട്ട്, ഒരു സ്‌പർശം പോലും കിട്ടാതെ, ഒരു ചിരിയോ നല്ല വാക്കോ ഇല്ലാതെ അവൾ സഹിച്ച് ജീവിച്ചു. മടുത്തപ്പോൾ പി.ജി ക്ക് പഠിക്കാൻ പോയി. അതിന്റെ ഫീസ് കൊടുത്ത കണക്ക് പിതാവിൽ നിന്നും, ഭാര്യ പഠിക്കാൻ പോയതിന്റെ കുറ്റം അയാളിൽ നിന്നും കേട്ടുകൊണ്ടേയിരുന്നു. ഒന്നിനും സ്‌ഥിരതയില്ലാത്ത ആ രണ്ട് ആണുങ്ങൾക്കുമിടയിൽ സ്വന്തം നിലപാടുകൾ ഞെരിഞ്ഞമരാതെ ആ പെണ്ണ് കടിച്ചുപിടിച്ച് നിന്നു. തുടർച്ചയായി വൈകാരികാവശ്യങ്ങളും ചിരിയും സൗഹൃദങ്ങളും ഒളിച്ച് നേടേണ്ട ദുരവസ്‌ഥയിൽ സ്‌ഥിരമായി ആയിക്കഴിഞ്ഞിരുന്നു അവൾ. ഭർത്താവിന് ഓശാന പാടുന്ന വിവരക്കേടിന്റെ പര്യായങ്ങളായ ഏഷണിക്കാരായ സുഹൃത്തുക്കൾ കൂടിയായപ്പോൾ അവളുടെ ദുരന്തം പൂർത്തിയായി. അവളെപ്പോലെ മിടുക്കിയായ ഒരു പെണ്ണ് സുഹൃത്തിന്റെ ഭാര്യയാകുന്നത് സഹിക്കാനാവാത്ത കണ്ണുകടിയാണ് അവർക്കെന്ന് ഇന്നും അയാൾക്കറിയാഞ്ഞിട്ടാണോ അതോ തന്റെ കുറവുകൾ മറയ്‌ക്കാൻ അവളെ കഷ്‌ടപ്പെടുത്തുന്നതിനിടക്ക് അയാളത് പരിഗണിക്കാഞ്ഞിട്ടാണോ എന്നറിയില്ല. അല്ലെങ്കിലും അനുതാപം എന്നൊന്ന് അയാൾക്കും അയാളെപ്പോലുള്ളവർക്കും അന്യമാണല്ലോ.
അതിനിടയിലും അവൾ പിടിച്ച് നിന്നു. അവളുടെ കൂട്ടുകാരോടൊപ്പം ആശിച്ച ഉയരങ്ങൾ തേടാൻ വഴികൾ കണ്ടു പിടിച്ച് തുടങ്ങി. തനിക്ക് ജനിച്ച നാൾ മുതൽ ഇമോഷൽ സപ്പോർട്ട് നൽകാത്ത മകളെന്നു അച്ഛനും, ലോകത്തുള്ള സകല കാര്യവും നോക്കിയിട്ട് കുടുംബം നോക്കുന്നവളെന്ന ചീത്തപ്പേര് ആ ഭർത്താവും അവൾക്ക് ചാർത്തി. അവൾക്ക് കിട്ടേണ്ട സപ്പോർട്ട് ആ അച്‌ഛൻ ‘പലിശക്കണക്ക്’ പറഞ്ഞ് കൊടുത്തു. ഇമോഷൻ അപ്പോഴും അവൾക്ക് കിട്ടാക്കനിയായി തുടർന്നു.
അവൾ പഠിച്ച് ജോലി നേടി. മക്കൾക്ക് ചിലവിന് കൊടുക്കൽ അവളുടെ മാത്രം കടമയായി. തനിക്ക് കടമുണ്ട്, ജോലിപ്രശ്‌നങ്ങളുണ്ട് എന്നെല്ലാം സദാ അയാൾ പിറുപിറുത്തു. ജോലി കഴിഞ്ഞ് തളർന്ന് കിടക്കുന്നവളായിട്ടും തനിക്ക് ശരീരം തരാതെ ഉറങ്ങുന്നവളെ ശപിച്ചു. പകൽ പതിനൊന്ന് മണിക്ക് ജോലിക്ക് പോകാനും എന്നിട്ടും ഉച്ചയ്ക്ക് വന്ന് അയാളെപ്പോലെ മൂടിപ്പുതച്ചുറങ്ങാനും അവൾക്ക് സാധിക്കില്ലായിരുന്നു.
അച്‌ഛനെ ഇംപ്രസ് ചെയ്യിക്കാൻ വേണ്ടി പെരുമാറ്റത്തിൽ മാറ്റം വരുത്തി നോക്കി, അവൾ തോറ്റു. ഭർത്താവിന് ഇഷ്‌ടമുള്ളത് പാചകം ചെയ്‌ത് കൊടുത്തു. ഒരു നല്ല വാക്കും കേട്ടില്ല. എല്ലായിടത്തും തോൽവിയെന്ന് അവൾക്ക് സ്വയം തോന്നിത്തുടങ്ങി. എന്നിട്ടും കുട്ടികൾക്ക് വേണ്ടിയവൾ ചിരിച്ചു, കളിച്ചു. ഉള്ളിലെ മുറിവ് പഴുത്ത് ചീഞ്ഞ് വ്രണമായി. പുറത്തപ്പോഴും അവൾ സമൂഹത്തിൽ ബഹുമാനിതയായിരുന്നു, കാഴ്‌ചയിൽ സർവ്വസൗഭാഗ്യവതി. മറ്റുള്ളവരുടെ മുന്നിൽ വീട്ടുകാരെക്കുറിച്ച് നല്ലത് പറയുമ്പോഴെല്ലാം ഉള്ളിലെരിയുന്ന തീ അവൾ കണ്ടില്ലെന്ന് വെച്ചു. അസൂയാക്രമണങ്ങളും യഥേഷ്‌ടം അവൾ കടിച്ച് പിടിച്ച് സഹിച്ചുകൊണ്ടിരുന്നു. പല തവണ സൈക്യാട്രിസ്‌റ്റിനെ കണ്ട് ഡിപ്രഷന് ഗുളിക തിന്നു. അവൾ ചികിത്സയെടുക്കുന്നതിന് പേര് പോലും ‘അഹങ്കാരം’ എന്നായിരുന്നു ആ വീട്ടുകാർക്ക്.
വസന്തത്തെ പ്രണയിക്കാൻ കൊതിച്ചവൾ സഹാറ മരുഭൂമിയിൽ ചെന്ന് വീണത് പോലെയായി. അവളുടെ അവകാശങ്ങൾ നിഷ്‌കരുണം അവഗണിക്കപ്പെട്ടു. പലരും തങ്ങളുടെ പഠനവും നേരംപോക്കുകളും ചിരിയും ജോലിയും സൗഹൃദങ്ങളും വലിച്ചെറിഞ്ഞ് ഇത്തരം സ്വയംസ്‌നേഹപ്രസ്‌ഥാനങ്ങളെ സഹിക്കുന്നതിൽ നിന്നും വ്യത്യസ്‌തമായി അവളിലെ റിബൽ അവയെല്ലാം നിലനിർത്തി ബാക്കി വിഷമം സഹിച്ചു. അതിന്റെ പേരിൽ അവളെ വാശിക്കാരിയെന്നും തോന്നിവാസിയെന്നും രഹസ്യമായി വേശ്യയെന്നും അയാൾ സംബോധന ചെയ്‌തു.
എന്നിട്ടും കുട്ടികളെയോർത്ത് അവൾ അതെല്ലാം സഹിച്ചു. നാർസിസ്‌റ്റിക് അബ്യൂസ് അതിന്റെ എല്ലാ സീമകളും ലംഘിച്ച് തുടങ്ങിയിരുന്നു. ശാരീരികവും മാനസികവും സാമ്പത്തികവും വൈകാരികവുമായി അവൾ നോവറിഞ്ഞു. അവളുടെ ലോകം ചുരുക്കാൻ അയാൾ ആവത് ശ്രമിച്ച് കൊണ്ടുമിരുന്നു. അവളുടെ വ്യക്‌തിസ്വാതന്ത്ര്യം പഴങ്കഥയായി. കുട്ടികൾക്ക് വേണ്ടി രാവും പകലും കഷ്‌ടപ്പെടുന്നവളുടെ പ്രയോറിറ്റി മറ്റു പലരുമാണെന്ന് കേട്ട് അവൾ മടുത്തു. അയാളുടെ കുറ്റങ്ങളും കുറവുകളും അയാൾ ചെവി കൊണ്ടതേയില്ല. അയാളുമായുള്ള ഒരു സംസാരവും ഒരിക്കലും തീർപ്പിലെത്തിയില്ല. അയാളുടെ കുറവുകളെല്ലാം അവൾ കാരണമെന്നായി. ഇരട്ടത്താപ്പുകളുടെ രാജാവായി അയാൾ മാറി. നേരം കിട്ടുമ്പോഴെല്ലാം അവളുടെ കുറ്റങ്ങൾ അവളുടെ വീട്ടുകാരിലെത്തി. അവളുടെ ആൺസുഹൃത്തുക്കൾ അവന്റെ വാക്കിൽ അവളുടെ ‘കാമുകൻമാർ’ ആയി. ഒടുക്കം, അവളും രണ്ടും കൽപ്പിച്ച് ഫൈറ്റ് ചെയ്യാനുറച്ചു.
പലപ്പോഴും തനിക്ക് ഭ്രാന്ത് പിടിക്കുന്നതായി അവൾക്ക് തോന്നി. അയാളെ ഒഴിവാക്കിയാൽ അയാൾ പ്രതികാരം ചെയ്യുമെന്നവൾക്ക് തോന്നി. ആ തോന്നലിനെ ശരിവെക്കും വിധം അവൾ ഡിവോഴ്‌സ് ആവശ്യപ്പെട്ടപ്പോൾ അവളെക്കുറിച്ചയാൾ ഇല്ലാക്കഥകൾ മെനഞ്ഞ് നാട്ടിൽ പാട്ടാക്കി. പലപ്പോഴും സ്വയം തകർന്ന് പോകുന്നത് പോലെയവൾക്ക് തോന്നി, സ്വയം കുറ്റപ്പെടുത്തി, മാനസികപ്രശ്‌നങ്ങൾ ശാരീരികവേദനകളായി കണ്ടുതുടങ്ങി, സ്വയം ബഹുമാനം നഷ്‌ടപ്പെട്ടും സ്വന്തം ദുരവസ്‌ഥകൾ ഇല്ലെന്ന് സ്വയം വിശ്വസിപ്പിച്ചും അവൾ കഴിഞ്ഞ് കൂടി.
ഒടുവിൽ രണ്ടും കൽപ്പിച്ച് ഡിവോഴ്‌സ് വേണമെന്ന് നിർബന്ധം പിടിച്ചപ്പോൾ സ്വന്തം അച്‌ഛനും ഭർത്താവും അവളെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്നു. അവളും മക്കളും മാത്രമുള്ള ചെറിയ ലോകം, സഹനങ്ങളല്ലാതെ സന്തോഷം നൽകി ആ കുഞ്ഞുങ്ങളോടൊപ്പമൊരു ജീവിതം. അതിനുള്ള ധൈര്യം തേടിയാണവളെന്നെ കാണാൻ വന്നത്.
ചില മുറിവുകളെ മനുഷ്യന്റെ മനസ്സ് ‘മുറിവ്’ എന്ന് തിരിച്ചറിയുമ്പോഴേക്ക് തന്നെ ഏറെ വൈകും. പിടിച്ച് കയറാൻ ചിലപ്പോൾ കേൾക്കാനൊരാളാകും വേണ്ടി വരിക. അവളുടെ കാതായി ഇരുന്നു കൊടുത്തു. അവൾ പറഞ്ഞ പലതും കേട്ടപ്പോൾ അവൾ ഞാനായിരുന്നു, എന്നെപ്പോലെയും നിങ്ങളെപ്പോലെയും ഒരുവളായിരുന്നു. നമ്മളൊരിക്കലും തിരിച്ചറിയാത്ത മുറിവുള്ളൊരുവൾ.
എത്ര ചുരുക്കിയിട്ടും രണ്ട് മണിക്കൂറിലധികമെടുത്തു അവളിതെന്നോട് പറഞ്ഞ് തീർക്കാൻ. പിന്നെയും അരമണിക്കൂറെടുത്തു, കണ്ണീർനനവുള്ള മുഖം എന്റെ തോളിൽ നിന്നെടുക്കാൻ. മനസ്സിനോടൊപ്പം കാപ്പിയും ചിപ്സും എപ്പൊഴേ വെറുങ്ങലിച്ച് പോയിരുന്നു.
പോവുന്നതിനു മുൻപ് “ഷിംനത്ത എന്റെ കഥ ഫേസ്ബുക്കിൽ എഴുതാമോ” എന്ന് ചോദിച്ചു. അവൾക്കതെല്ലാം ലോകത്തോട് വിളിച്ച് പറയണമത്രെ. കഥ പറഞ്ഞ് നിർത്തുമ്പൊ നീ അവസാനം എന്ത് തീരുമാനിച്ചു എന്നെഴുതണമെന്ന് ചോദിച്ചപ്പോൾ അവളെന്നോട് പറഞ്ഞ വാചകം പറഞ്ഞ് തന്നെ നിർത്തട്ടെ, “ഞാനിനി മരിക്കില്ല ഇത്താ, മരിച്ചവളെപ്പോലെ ജീവിക്കുകേം ഇല്ല. ശരിക്കും ജീവിച്ച് കാണിച്ച് കൊടുക്കാൻ പോവ്വാണ്. എന്നെപ്പോലെ ഇതൊക്കെ നിശ്ശബ്ദമായി സഹിക്കുന്ന ഒരുപാട് പേരുണ്ടാവും ചുറ്റും, ഉറപ്പാണ്, അവരിൽ ഒരാളെങ്കിലും എന്റെ കഥ വായിച്ച് ധൈര്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരിച്ച് വരും എന്നും എനിക്കുറപ്പാണ്”
അവളുടെ ആഗ്രഹം ഇരട്ടിയിരട്ടിയായി നടക്കട്ടെ. നാർസിസ്‌റ്റിക് അബ്യൂസിനു നിശ്ശബ്ദരായി കീഴടങ്ങേണ്ടി വരുന്ന ഓരോ മനുഷ്യനും ഉയർത്തെഴുന്നേൽക്കട്ടെ, ജീവിക്കട്ടെ.
നിങ്ങൾ ഒറ്റയ്ക്കല്ല, നിങ്ങൾക്കൊരു പ്രശ്‌നമുണ്ടെന്ന് നിങ്ങൾ തിരിച്ചറിയും വരെ.
Dr. Shimna Azeez
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…