കല്ലട ബസിൽ യുവാക്കൾക്ക് നേരിടേണ്ടി വന്ന ക്രൂര മർദനത്തിന് ശേഷം ഞെട്ടിയ്ക്കുന്ന നിരവധി വെളിപ്പെടുത്തലുകൾ ആണ് ദിനംപ്രതി വന്ന് കൊണ്ടിരിക്കുന്നത്. കല്ലട സ്ലീപ്പർ ബസിൽ യാത്ര ചെയ്ത യുവതിയുടെ മദ്യപിച്ച് എത്തിയ കല്ലട സ്റ്റാഫ് നടത്തിയ മോശം പെരുമാറ്റത്തിന് എതിരെ യുവതി സോഷ്യൽ മീഡിയയിൽ എഴുതിയ കുറിച്ച് ഇങ്ങനെ,
സുകന്യ കൃഷ്ണയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം,
ഒരു കേരള – ബാംഗ്ലൂർ യാത്രാവിലാപം
ഏകദേശം ഒരു വർഷത്തിന് മേലെയായി ഈ സംഭവം നടന്നിട്ട്. ഒരു പരീക്ഷയുടെ ആവശ്യങ്ങൾക്കായി ബാംഗളൂരിൽ നിന്നും തിരുവനന്തപുരം വരെ എനിക്ക് യാത്ര ചെയ്യേണ്ടി വന്നു. തിരികെ വരുവാൻ ടിക്കറ്റ് ബുക്ക് ചെയ്തത് നിർഭാഗ്യവശാൽ കല്ലട ബസ്സിലാണ്. യാത്രയുടെ തലേ ദിവസമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.
രാത്രിയാത്ര ആയതിനാലും അടുത്തദിവസം ജോലിക്ക് പോകേണ്ടതിനാലും യാത്രാസൗകര്യം കണക്കിലെടുത്തും ഒരു സ്ലീപ്പർ ടിക്കറ്റ് എടുത്തു. സിംഗിൾ സ്ലീപ്പർ എല്ലാം ബുക്ക് ചെയ്യപ്പെട്ടിരുന്നതിനാൽ ബസ്സിന്റെ പിൻസീറ്റിന്റെ ഭാഗത്തായി ഒരു ഡബിൾ സ്ലീപ്പർ അപ്പർ ബർത്ത് ആയിരുന്നു എനിക്ക് ലഭിച്ചത്.
എന്റെ ബർത്തിനൊപ്പമുള്ള ബർത്ത് മറ്റു സ്ത്രീകൾക്ക് ബുക്ക് ചെയ്യുവാനും സാധിക്കും. പക്ഷേ, ബസ് യാത്ര തുടങ്ങും വരെ ആ ബർത്ത് ആരും ബുക്ക് ചെയ്തിരുന്നില്ല എന്ന് ബുക്കിംഗ് ആപ്പിൾ നിന്നും മനസ്സിലാക്കുവാൻ സാധിച്ചു.
ബസ് യാത്ര തുടങ്ങി അധികം വൈകാതെ തന്നെ ഞാൻ ഉറങ്ങാൻ കിടന്നു. ഒരുപാട് അലഞ്ഞ ഒരു ദിവസമായിരുന്നതിനാൽ നല്ല ക്ഷീണവുമുണ്ടായിരുന്നു. അതിനാൽ തന്നെ പെട്ടെന്ന് ഉറങ്ങിപ്പോയി.
ഉറക്കത്തിനിടയിൽ ആരോ എന്നെ തട്ടിയുണർത്തി. പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു. ഉറങ്ങാൻ കിടക്കും മുൻപ് ഞാൻ മൂടിയ കർട്ടനുകൾ തുറന്നിരിക്കുന്നു. കണ്ടാൽ തന്നെ പേടി തോന്നുന്ന ഒരു മനുഷ്യൻ എന്റെ മുന്നിൽ, സ്ലീപ്പറിന്റെ കോണികൾ പകുതി കയറി നിൽക്കുകയാണ് അയാൾ.
ആരാണ്? എന്താണ് വേണ്ടത്? എന്നൊക്കെ ഞാൻ ഒറ്റശ്വാസത്തിൽ ചോദിച്ചു. അയാളുടെ മറുപടി ഇങ്ങനെയായിരുന്നു. “ഞാൻ ഈ ബസ്സിലെ സ്റ്റാഫ് ആണ്. എന്റെ ഷിഫ്റ്റ് കഴിഞ്ഞു. ബാക്കി സീറ്റുകൾ എല്ലാം ഫുൾ ആണ്. എനിക്കൊന്നുറങ്ങണം, കൊച്ച് അങ്ങോട്ട് നീങ്ങി കിടക്കൂ”
അയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു, അയാൾ എന്നോട് സംസാരിക്കുമ്പോൾ തന്നെ മദ്യത്തിന്റെ സ്മെൽ വല്ലാതെ വരുന്നുണ്ടായിരുന്നു. സകല ധൈര്യവും എടുത്ത് ഞാൻ അയാളോട് “പറ്റില്ല” എന്ന് പറഞ്ഞു.
അയാൾ എന്നോട് കുറേ തർക്കിച്ചു. ഒടുവിൽ മുൻവശത്തെ സീറ്റുകളിൽ നിന്ന് ഒന്ന് രണ്ട് ചേട്ടന്മാർ വന്നു കാര്യം തിരക്കി. നടന്ന സംഭവം ഞാൻ അവരോട് പറഞ്ഞു. പ്രശ്നം വഷളാകും എന്ന് മനസ്സിലാക്കിയതിനാലാകണം അയാൾ ഡ്രൈവറുടെ ഭാഗത്തേക്ക് നടന്നു പോയി.
പക്ഷേ, ആ രാത്രി പിന്നീട് എനിക്ക് ഉറങ്ങുവാൻ സാധിച്ചില്ല. ആകെപ്പാടെ ഒരു പേടിയായി. അയാൾ പിന്നെയും വരുമോ എന്നായി ചിന്ത. അപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത ആപ്പിന്റെ കസ്റ്റമർ കെയറിൽ വിളിച്ചു. അടിയന്തിര സഹായം ആവശ്യപ്പെട്ടപ്പോൾ അവരുടെ മറുപടിയും വിചിത്രമായിരുന്നു. “നാളെ ബാംഗളൂരിൽ എത്തിയശേഷം വിശദമായ ഒരു ഇമെയിൽ അവർക്ക് അയച്ചാൽ, അവർ അന്വേഷിക്കാം.” എന്നായിരുന്നു അവരുടെ മറുപടി.
ഒന്ന് രണ്ട് അടുത്ത സുഹൃത്തുക്കളെ വിളിച്ച് കാര്യങ്ങൾ വിശദമായി സംസാരിച്ചു. എന്റെ ലൈവ് ലൊക്കേഷനും ബസ്സിന്റെ വിവരങ്ങളും അവരുമായി പങ്കുവെച്ചു. കല്ലടയുടെ കസ്റ്റമർ കെയർ നമ്പറുകളിൽ വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല.
ഒടുവിൽ ബാംഗളൂരിൽ വന്ന് ഇറങ്ങിയതും, മടിവാള പോലീസ് സ്റ്റേഷനിൽ എത്തി വണ്ടി നമ്പറും മറ്റു വിവരങ്ങളും അടക്കം പരാതി നൽകിയെങ്കിലും, അവർ എന്നെ പിന്തിരിപ്പിച്ച് അയച്ചു. മറ്റൊരു സംസ്ഥാനത്തിന്റെ പരിധിയിൽ നടന്ന സംഭവത്തിൽ അവർക്ക് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുവാൻ സാധിക്കില്ല എന്നും, സംഭവം നടന്നപ്പോൾ തന്നെ വണ്ടിയിൽ നിന്നും ഇറങ്ങി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു വേണ്ടതെന്നൊക്കെ പറഞ്ഞ് കുറേ ഉപദേശവും നൽകിയിരുന്നു. എന്റെ പരാതി സ്വീകരിക്കണം എന്ന് ഞാൻ വാശി പിടിച്ചു. ഒടുവിൽ എന്റെ പരാതി വാങ്ങിയെങ്കിലും, കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെങ്കിലും ഇതേക്കുറിച്ച് അന്വേഷിക്കാം എന്നായിരുന്നു പോലീസുകാരുടെ മറുപടി. പക്ഷേ, നാളിതുവരെ യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ല, യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ടിക്കറ്റ് ബുക്ക് ചെയ്ത ആപ്പിന് അയച്ച കംപ്ലയിന്റ് മെയിലിനു ഇന്നുവരെ ഒരു മറുപടിയും വന്നിട്ടില്ല. ശാപമോക്ഷവും കാത്ത് ഇന്നും ആ ഇമെയിൽ അവരുടെ ഇൻബോക്സിൽ കിടക്കുന്നുണ്ടാകും.
കല്ലട വിഷയം ചർച്ചയായപ്പോൾ ഒരു വിഭാഗം ആളുകൾ “നമ്മുടെ ആനവണ്ടി ഇല്ലേ?” എന്നൊക്കെ ചോദിച്ചു വരുന്നത് കാണുവാൻ ഇടയായി. എപ്പോഴെങ്കിലും ഒരു KSRTC കൗണ്ടറിൽ പോയാൽ മതി, ആ ചോദ്യത്തിൽ നിന്നും ‘നമ്മുടെ’ എന്ന പദം ഒഴിവാക്കുവാൻ.
പല തവണ ഞാനും അന്വേഷണങ്ങൾക്കായും ടിക്കറ്റ് ബുക്ക് ചെയ്യുവാനും ഒക്കെയായും കേരള സ്റ്റേറ്റ് RTCയുടെ കൗണ്ടറുകളിൽ എത്തിയിട്ടുണ്ട്. ഇന്നുവരെ, ഒരു തവണ പോലും ഞാൻ ചോദിച്ച ഒരു ചോദ്യത്തിനും കൃത്യമായ ഒരു മറുപടി അവരിൽ നിന്നും ലഭിച്ചിട്ടില്ല. പിന്നെ സ്റ്റാർട്ടിംഗ് പോയിന്റിൽ തന്നെ രണ്ട് മണിക്കൂർ ഒക്കെ വൈകി എത്തുന്ന വേറെ ഒരു വണ്ടി ഉണ്ടാകുമെന്നും തോന്നുന്നില്ല. കൗണ്ടറിൽ ഇരിക്കുന്നവരുടെ കുടുംബസ്വത്തിന്റെ വിഹിതം ചോദിച്ചു ചെല്ലുന്നവരെ പോലെയാണ് ആ കൂട്ടിൽ ഇരിക്കുന്ന ഏമാന്മാർ ജനങ്ങളെ കാണുന്നത്. പിന്നെ, ഇന്നുവരെ മുഖത്ത് നോക്കി സംസാരിക്കുന്ന ഒരുവനെയും ആ കൂടിനുള്ളിൽ കാണുവാനും സാധിച്ചിട്ടില്ല.
അതേ സമയം, കർണാടക സ്റ്റേറ്റ് RTCയുടെ കൗണ്ടറിൽ ഒന്ന് പോയി നോക്കണം. മര്യാദയോടെ മനുഷ്യരോട് എങ്ങനെ പെരുമാറണം എന്ന് അവർക്കറിയാം. കേരള സ്റ്റേറ്റിന്റെ കൗണ്ടറിൽ ഈ ഏമാന്മാരെ ഇടുന്നതിന് മുന്നേ, ഒരാഴ്ച എങ്കിലും കർണാടകയുടെ കൗണ്ടറിന് മുന്നിൽ ട്രെയിനിങ്ങിനായി ഇവരെ ഇരുത്തണം. കണ്ടുപഠിക്കട്ടെ.
മറ്റൊരു പ്രധാന പ്രശ്നം, യാത്രക്കിടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ സഹയാത്രികരുടെ സങ്കുചിത മനോഭാവമാണ്. ഇത്തരം പ്രശ്നങ്ങളിലൊക്കെ നമ്മളെന്തിന് തലയിടണം എന്ന് ചിന്തിച്ച് പ്രതികരിക്കാതെയിരിക്കും, ഉറക്കം നടിക്കും. ഇതൊക്കെ ആർക്കും എപ്പോൾ വേണേലും സംഭവിക്കാവുന്ന കാര്യങ്ങളാണ് എന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തു വരുന്ന സംഭവങ്ങൾ. നാളെയത് നിങ്ങൾക്കും സംഭവിച്ചേക്കാം, അതുകൊണ്ട് പ്രതികരിക്കേണ്ട സമയത്ത് കൃത്യമായി പ്രതികരിക്കൂ.
സുകന്യ കൃഷ്ണ
Kallada travels malayalam news
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…