മുപ്പത് വർഷങ്ങൾക്ക് അപ്പുറവും ഇപ്പുറവും തീയറ്ററുകളിൽ കരഘോഷങ്ങൾ നിറക്കാൻ ലാലേട്ടനെ കഴിയൂ, പുതുമുഖ സംവിധായകൻ എന്ന നിലയിൽ ഞെട്ടിച്ച പൃഥ്വിരാജ്; ആരാധകന്റെ ലൂസിഫർ റീവ്യൂ..!!
മീശയും പിരിച്ചു മുണ്ടും മടക്കി കുത്തി മോഹൻലാൽ എത്തിയാൽ പിന്നെ അത് ഒന്നൊന്നര ഐറ്റം തന്നെ ആയിരിക്കും എന്ന് കഴിഞ്ഞ കേരളത്തിലെ കൊച്ചു കുട്ടികൾക്ക് വരെ അറിയാവുന്ന കാര്യമാണ്. കാലം വിൻസെന്റ് ഗോമസിൽ നിന്നും സ്റ്റീഫൻ നെടുമ്പള്ളി വരെ എത്തി നിൽക്കുമ്പോൾ, മാസ്സ് കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കാൻ മോഹന്ലാലിനോളം പോന്ന മറ്റൊരു നടനും മലയാളകരയിൽ ഉണ്ടോ എന്നുള്ള കാര്യം സംശയമാണ്.
ലൂസിഫർ കണ്ട ആരാധകന്റെ കുറിപ്പ് ഇങ്ങനെ,
ലൂസിഫർ, കിടിലൻ സിനിമ.
മോഹൻലാലിന്റെ ആക്ഷൻ/മാസ് സിനിമകൾ തിയേറ്ററിൽ നിന്ന് കാണുമ്പോൾ കിട്ടുന്ന ഫീൽ, അതൊന്ന് വേറെ തന്നെയാണ്, പ്രത്യേകിച്ച് ആദ്യ ദിവസത്തെ ഷോ. 1986 മുതൽ തന്നെ അത്തരം മോഹൻലാൽ സിനിമകൾ ആദ്യ ദിവസം തന്നെ തിയേറ്ററിൽ നിന്ന് കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. രാജാവിന്റെ മകൻ, ഇരുപതാം നൂറ്റാണ്ട്, ആര്യൻ, മൂന്നാംമുറ, ദൗത്യം, നാടുവാഴികൾ, അഭിമന്യു, ആറാം തമ്പുരാൻ, നരസിംഹം തുടങ്ങിയ മാസ് സിനിമകൾ എന്നിലെ ബാല്യത്തിനും കൗമാരത്തിനും യൗവ്വനത്തിനും നല്കിയ ആവേശവും രോമാഞ്ചവും ഞാൻ ഇന്ന് വീണ്ടും അനുഭവിച്ചു, പൃഥിരാജിന്റെ ലൂസഫറിലൂടെ
മോഹൻലാൽ എന്ന മലയാളത്തിലെ ഏറ്റവും മികച്ച നടനെ, അതിലുപരി മലയാളത്തിലെ ഏറ്റവും വലിയ താരത്തെ പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന രീതിയിൽ എങ്ങനെ അവതരിപ്പിക്കാമെന്നത് മിക്ക സംവിധായകർക്കും വ്യക്തതയില്ലാത്ത കാര്യമായിരുന്നു, പ്രത്യേകിച്ച് നരസിംഹത്തിന് ശേഷം, അവിടെയാണ് പൃഥിരാജ് എന്ന പുതുമുഖ സംവിധായകൻ പൂർണമായി വിജയിച്ചിരിക്കുന്നത്.
മൂന്ന് മണിക്കൂറോളം ദൈർഘ്യം ഉള്ള കഥ എത്ര മനോഹരമായിട്ടാണ് പൃഥിരാജും മുരളി ഗോപിയും സുജിത്ത് വാസുദേവും കൂടി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം പല രംഗങ്ങളെയും കൂടുതൽ ആവേശഭരിതമാക്കി.
സാധാരണ മാസ് സിനിമകളിലെ പോലെ നായക കഥാപാത്രത്തിന് മാത്രം വൺമാൻ ഷോ/പെർഫോം ചെയ്യാൻ അവസരം കൊടുക്കാതെ മറ്റു കഥാപാത്രങ്ങൾക്കും അവരുടേതായ ഇടം നല്കിയ മുരളി ഗോപിയുടെ തിരക്കഥ അഭിനന്ദനം അർഹിക്കുന്നു. നടീനടന്മാരിൽ വിവേക് ഒബ്റോയുടെ പെർഫോമൻസ് എടുത്ത് പറയേണ്ട ഒന്നാണ്.
മോഹൻലാൽ, ഇദ്ദേഹത്തെ കുറിച്ച് ഇനി ഞാൻ എന്ത് പറയാനാണ്, എന്ത് എഴുതാനാണ്. 1986 ൽ, എന്റെ പത്താം വയസിൽ തുടങ്ങിയ ഇഷ്ടമാണ്, 33 വർഷങ്ങൾക്കിപ്പുറവും ആ ഇഷ്ടം ഒരു തരി പോലും കുറയാതെ ഇപ്പോഴും മനസിൽ നില നില്ക്കുന്നു
മോഹൻലാലിന്റെ ആക്ഷൻ സിനിമകൾ കണ്ട് കൈയ്യടിച്ചിരുന്ന പണ്ടത്തെ ഞാൻ എന്ന ആ പയ്യന്റെ കൂടെ ഇന്ന് ലൂസിഫർ കാണാൻ, കൈയ്യടിക്കാൻ, എന്റെ രണ്ട് പയ്യന്മാരും കൂടി ഉണ്ടായിരുന്നു. പത്ത് മുപ്പത് വർഷങ്ങൾക്ക് മുമ്പ് ആ കൊച്ചു പയ്യനെ കൊണ്ട് കൈയ്യടിപ്പിക്കാനും ഇന്ന് ആ പയ്യന്റെ പയ്യന്മാരെ കൊണ്ട് കൈയ്യടിപ്പിക്കാനും, നിങ്ങൾക്കേ സാധിക്കു ലാലേട്ടാ
പൃഥിരാജ് എന്ന പുതുമുഖ സംവിധായകൻ ശരിക്കും ഞെട്ടിച്ച് കളഞ്ഞു ലൂസിഫറിൽ. എത്ര കൈയ്യടക്കത്തോടെയാണ്, മികവവോടെയാണ് പൃഥിരാജ് കഥ പറഞ്ഞിരിക്കുന്നത്. മോഹൻലാൽ എന്ന നടനെ/ താരത്തെ പൃഥിരാജ് കാണാൻ ആഗ്രഹിച്ചിരുന്നത് കേരളത്തിലെ ഭൂരിപക്ഷം പ്രേക്ഷകരും കാണാൻ ആഗ്രഹിച്ചിരുന്ന രീതിയിലായിരുന്നു എന്ന് ലൂസിഫർ തെളിയിച്ചിരിക്കുന്നു.
ലൂസിഫർ ബോക്സ് ഓഫിസിൽ പുലിമുരുകന്റെ കളക്ഷൻ റെക്കോർഡ് ബ്രേക്ക് ചെയ്യുമെന്ന് തന്നെയാണ് വിശ്വാസം.
ലൂസിഫർ എന്ന നല്ലൊരു മാസ് സിനിമ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകൻ പൃഥിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി, നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ, പിന്നെ ലൂസിഫറായി തകർത്താടിയ മോഹൻലാൽ എന്നിവരോട് നന്ദി പറഞ്ഞ് കൊണ്ട് നിർത്തു.
ഒരു കാര്യം കൂടി.
എം ടി യുടെ രണ്ടാമൂഴം സിനിമ ആക്കുകയാണെങ്കിൽ ഇനി സംവിധായകനായി വേറെ ആരെയും അന്വേഷിച്ച് പോകേണ്ടതില്ല, നമുക്ക് ഇവിടെ പൃഥിരാജ് ഉണ്ട്, അദ്ദേഹത്തിന്റെ കൈയ്യിൽ സുരക്ഷിതമായിരിക്കും രണ്ടാമൂഴവും ഭീമനും.
സഫീർ അഹമ്മദ്
#കട്ടMohanlal_fanboy
ലൂസിഫർ…. കിടിലൻ സിനിമ….മോഹൻലാലിന്റെ ആക്ഷൻ/മാസ് സിനിമകൾ തിയേറ്ററിൽ നിന്ന് കാണുമ്പോൾ കിട്ടുന്ന ഫീൽ, അതൊന്ന് വേറെ…
Posted by Safeer Ahamed on Thursday, 28 March 2019