അങ്ങനെ ബൈക്കിൽ ആദ്യമായി സാരി ഗാർഡ് പിടിപ്പിച്ചു. നോക്കി നിന്നവരുടെ മുഖത്ത് അർത്ഥമെഴുതിയ ചിരികൾ കാണാം
“എഡേ ലവന്റെ കല്യാണം ആയോടെ, ഏയ്, എവിടുന്നോ വായിനോക്കി ഒരു പെണ്ണിനെ വളച്ചിട്ടുണ്ട് തോന്നുന്നു. ശീലമില്ലാത്ത പലതും കാണുന്നു ”
പലരും പരസ്പരം എന്നെ നോക്കി പറഞ്ഞു കൊണ്ടിരുന്നു. ബൈക്കിൽ ഒരു സാരി ഗാർഡ് പിടിപ്പിക്കുന്നത് ഇത്ര വലിയ കുറ്റം ആണോ,, അല്ല, അവരേം പറഞ്ഞിട്ട് കാര്യമില്ല,, ഇത്ര കാലം ബൈക്ക് ഓടിച്ചിട്ടും ഇത് ആദ്യ സംഭവം അല്ലേ, ആർക്കായാലും സംശയങ്ങൾ തോന്നും.
നാട്ടുകാർ ചോദ്യം ചോദിക്കാൻ വിധിക്കപ്പെട്ടവർ, അവർക്ക് ഉത്തരം നൽകാതെ ചോദ്യം തള്ളി പുച്ഛിച്ചു കടന്നു പോവുക എന്നത് നമ്മളുടെ കടമ.
ബൈക്കിൽ കയറി സ്റ്റാൻഡ് തട്ടി സ്റ്റാർട്ട് ചെയ്തു മുൻപിലേക്ക് എടുത്തു നീങ്ങി. വൈകുന്നേര സമയം ആയത് കൊണ്ട് ക്ഷേത്രങ്ങളിലേക്ക് പോകുന്ന നിറയെ പെൺകുട്ടികളെ റോഡിൽ കാണാം. ക്ഷേത്രത്തിലും ഞായാറാഴ്ച്ച കുർബാനയ്ക്കും പോകുന്ന പെൺകുട്ടികൾക്ക് അല്ലെങ്കിലും ഒരു പ്രത്യേക ഭംഗി ആണ്. അവരുടെ സൗന്ദര്യം ഒക്കെ ആടെ ആസ്വദിച്ചു മുന്നിലേക്ക് ഗിയർ കൂട്ടി കുതിച്ചു. ബൈക്കിൽ പോകുമ്പോൾ എല്ലാരും കാണേ ഒരു അഭ്യാസം കാണിച്ചാൽ കാണുന്നവർ ഒക്കെ മനസ്സിൽ “വൗ ” എന്നു പറയുമെന്ന എന്നെ പോലെ ഒരുപറ്റം ബൈക്ക് സഞ്ചാരികൾ ആയ ചെറുപ്പക്കാരുടെ വിചാരം. സത്യമെന്തെന്നാൽ “വൗ അല്ല, നല്ല തെറി ആയിരിക്കും അവർ വിളിക്കുക.”
ബൈക്ക് സ്റ്റാൻഡിൽ വെച്ചിട്ട് വീട്ടിലേക്ക് ഓടി കയറി. നേരെ അടുക്കളയിലേക്ക്.
“‘അമ്മ എന്ത് ചെയ്യുവാ?”
“നിനക്ക് കണ്ടൂടെ അച്ചങ്ങാപയർ അരിയുന്നു തോരന് ”
“അമ്മയോട് ഞാൻ ഇന്നലെ പറഞ്ഞ കാര്യം മറന്നോ”
“സിനിമയ്ക്ക് പോകുന്ന കാര്യം അല്ലേ, നീ അത് നേരംപോക്ക് പറഞ്ഞത് ആണെന്ന് എനിക്ക് അറിയാടാ ”
“എന്റെ അമ്മേ, ഞാൻ നേരം പോക്ക് പറഞ്ഞത് അല്ല, ദേ വേണേൽ ഉമ്മറത്ത് പോയി നോക്ക്, ഞാൻ ബൈക്കിൽ സാരി ഗാർഡ് വരെ വെച്ചു”
ബൈക്കിലോ, നമ്മളോ, യ്യോ എനിക്ക് പേടിയാ, നീ കൂട്ടുകാരെ വിളിച്ചോണ്ട് പോയിക്കോ
അതൊക്കെ എന്നും പോകുന്നത് അല്ലെ, ഇന്ന് അമ്മയെ ഞാൻ സിനിമയ്ക്ക് കൊണ്ടുപോകും. എന്റെ ഓർമ്മയിൽ അമ്മ തീയറ്ററിൽ പോയി കണ്ടിട്ടില്ല. അമ്മയ്ക്ക് ആഗ്രഹം ഉണ്ടെന്നു എനിക്ക് അറിയാം
ആഗ്രഹം ഒക്കെ ഉണ്ട്, ന്നാലും
ന്നാലും ഒന്നുമില്ല, അമ്മ വേഗം പോയി ഒരുങ്ങിയെ
അങ്ങനെ അമ്മയെ ഉന്തിതള്ളി ഒരുക്കാൻ വിട്ടു.
എടാ ആ കോഴികൂട് ഒന്നു അടക്കണേ കോഴി എല്ലാം കയറിയോ നോക്കിയിട്ട്
അതൊക്കെ ഞാൻ ചെയ്തോളാ, വേഗം ഒരുങ്ങാൻ നോക്ക്
അമ്മ പോകാൻ തയ്യാർ ആയിട്ട് ഇറങ്ങി വന്നു.
അല്ല അമ്മേ, ഇതേതാ സാരി. ഞാൻ കണ്ടിട്ടില്ലെല്ലോ
ഇത് അഞ്ച് കൊല്ലം മുൻപുള്ള ഓണത്തിന്റെ ആണ്.
അല്ല, ഇത് ഞാൻ അമ്മ ഉടുത്ത് കണ്ടിട്ടില്ലല്ലോ. അഞ്ച് കൊല്ലം മുൻപ് ഞാൻ വാങ്ങിയ ഷർട്ടിന്റെ നിറം പോലും എനിക്ക് ഓർമ്മയില്ല.
നിന്നെ പോലെ ആണോ ഞാൻ, എന്റെ കല്യാണ സാരി വരെ ഭദ്രമായി കയ്യിൽ ഇപ്പോഴും ഉണ്ട്
ഷോ കേഴ്സിൽ വെട്ടി തിളങ്ങിയ ചായ കപ്പും സോസറും അത് കേട്ട് പുച്ഛ ഭാവത്തിൽ ഇരിപ്പുണ്ട്.
എടാ ഞാൻ പൊട്ട് ഇട്ടില്ല, ഒന്നു നിൽക്ക് ദേ വരുന്നു.
അലമാര കണ്ണാടിയിൽ അവസാന പശയുടെ ഒട്ടിപ്പിൽ ഞെളിഞ്ഞിരുന്ന പൊട്ട് നെറ്റിയിൽ ഒട്ടിച്ചു അമ്മ വേഗം ഇറങ്ങി.
അമ്മേ കയറിയോ?
കയ്യ് പിടിക്കുന്ന സുന എവിടെ ?
ദേ ആ വശത്ത്
എടാ വിടല്ലേ, ഞാൻ ഇരുന്നില്ല
ഇരുന്നോ?
നിക്ക്, സാരി തുമ്പ് പിടിച്ചു വെക്കട്ടെ
അമ്മേ, ഇരുന്നോ ?
ഇരുന്നു, പയ്യെ പോയാൽ മതി.
ഞാൻ ബൈക്ക് എടുത്ത് എവിടെ പോയാലും രണ്ട് കണ്ണുകൾ ഉമ്മറ വാതിലിൽ എപ്പോഴും ഉണ്ടാകാറുണ്ട് എന്റെ ബൈക്ക് നോക്കിൻ മുനയുടെ ദൂരം മറയും വരെ. ബൈക്കിന്റെ ശബ്ദം തിരികെ കേൾക്കുമ്പോൾ മാത്രം നെടു വീർപ്പിടുന്ന ഒരു മനസ്സ്. അത് ഇന്ന് ഉമ്മറ പടിയിൽ ഇല്ല.
ചരിത്രത്തിൽ ആദ്യമായി ഞാൻ മെല്ലെ ബൈക്ക് ഓടിച്ചു അങ്ങനെ തീയേറ്ററിൽ എത്തി. നല്ല തിരക്കുണ്ട്.
തീയേറ്റർ ആകെ മാറി പോയി
അതിനു അമ്മ മുൻപ് ഇവിടെ വന്നിട്ടുണ്ടോ?
പിന്നേ, കോട്ടയം കുഞ്ഞച്ചൻ കാണാൻ, അന്ന് നിനക്ക് ഏഴ് മാസം പ്രായമേ ഉണ്ടായിരുന്നോളൂ,
ഇന്നത്തെ പോലെ അല്ല അന്നൊക്കെ ഒരു സിനിമ കാണുക എന്ന് പറഞ്ഞാൽ അതൊരു ഉത്സവം ആയിരുന്നു
ആഹാ അടിപൊളി, ഞാൻ പോയി ടിക്കറ്റ് എടുത്തിട്ട് വരാം
ഞങ്ങൾ അകത്ത് കയറി. സിനിമ തുടങ്ങി
എടാ, കോഴിക്കൂട് നീ ശരിക്ക് അടച്ചായിരുന്നോ?
ഓ, അതൊക്കെ അടച്ചു അമ്മ മിണ്ടാതിരുന്നു സിനിമ കാണു
സ്ക്രീനിലേക്ക് നോക്കുമ്പോൾ അമ്മയുടെ മുഖത്തെ ആകാംഷ ഇരുട്ടിൽ കലർന്ന സ്ക്രീനിലെ വെട്ടത്തിൽ നന്നായി എനിക്ക് കാണാമായിരുന്നു, അമ്മയുടെ മുഖത്ത് എന്ത് സന്തോഷം ആണിപ്പോൾ
സിനിമ കാൽ ഭാഗം ആയപ്പോൾ അമ്മ എന്റെ ചെവിയിൽ വളരെ സ്വകാര്യമായി എന്തോ പറയാൻ വന്നു.
“അമ്മേ, കേൾക്കുന്നില്ല, ഉറക്കെ പറ”
“എടാ, വാതിൽ പൂട്ടിയായിരുന്നോ എന്നൊരു സംശയം, നീ കണ്ടായിരുന്നോ ഞാൻ പൂട്ടുന്നത് ”
“പൂട്ടിയെല്ലോ, ഞാൻ കണ്ടതാണ്”
അമ്മ ഇവിടെ ആണെങ്കിലും അമ്മയുടെ മനസ്സ് വീട്ടിൽ തന്നെ ആണ്. അത് എപ്പോഴും അങ്ങനെ തന്നെ ആണ്. അടുക്കള പടിയുടെ വരമ്പു വരെ ആയിരുന്നു അമ്മയുടെ ലോകം. ഞങ്ങളും ആ വീടും മാത്രമായ ലോകം. ഒരുപക്ഷേ, എത്രയോ അമ്മമാരെ പോലെ എന്റെ അമ്മയും ആഗ്രഹിച്ചിട്ടുണ്ടാവും ചിറകടിച്ചു വാനോളം പറന്നു കയറാൻ. എല്ലാം ഉള്ളിൽ ഒതുക്കി നമ്മളിൽ സന്തോഷം മാത്രം തന്നു അവർ ജീവിക്കുന്നു. അടുക്കളയിലെ ഓരോ പാത്രങ്ങൾക്ക് പോലും ജീവൻ ഉണ്ടെന്നു അമ്മ പറയാറുണ്ടായിരുന്നു. അവരോട് ഒക്കെ അമ്മ സംസാരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.
അമ്മ പണം ഇട്ടു വെക്കുന്ന ഒരു അരി പാത്രം ഉണ്ട്. അതിൽ നിന്നും എത്ര കുറഞ്ഞാലും ഒരു ചോദ്യം വരില്ല. അച്ഛനോട് ഒരു രൂപ ചോദിക്കണമെങ്കിൽ തന്നെ അമ്മയുടെ ദൂത് വേണം. പതിനൊന്നു മണിക്ക് അരി വേവുമ്പോൾ കഞ്ഞി വെള്ളം ഒരു ഗ്ലാസ്സിൽ ഒഴിച്ചു കുടിക്കുന്നത് കാണാം, ഒപ്പം കൂട്ടിന് കാർത്തു എന്നു പേരുള്ള ഒരു പൂച്ചയും. ചെറിയ ചെറിയ പിടിവാശികളും കുശുമ്പും ഒക്കെ അടുക്കളയുടെ ഓരോ ചുമർഞരമ്പുകളിലും ഉണ്ടായിരുന്നു.
എടാ, നീ ശരിക്കും കണ്ടിരുന്നോ ഞാൻ വാതിൽ പൂട്ടുന്നത് ?
എന്റെ അമ്മേ, ഈ സിനിമ ഒന്ന് കാണാൻ സമ്മതിക്കുമോ
നീ തന്നെ പറയണം, നിനക്കു ഏഴാം മാസം ഉള്ളപ്പോൾ കോട്ടയം കുഞ്ഞച്ചനു വന്നിട്ട് നീ കരഞ്ഞു അലറി കൂവിയിട്ട് നിന്നെയും കൊണ്ടു ഞാൻ തീയേറ്ററിന്റെ പുറത്തു പോയി നിന്നു പടം പകുതിക്ക് കളഞ്ഞിട്ട്, പിന്നെ വർഷങ്ങൾ കഴിഞ്ഞു ദൂരദർശനിൽ ആണ് ഞാൻ ബാക്കി കണ്ടത്
വാതിൽ പൂട്ടി, കോഴിക്കൂട് അടച്ചു, പോരെ
കോഴി എല്ലാം കയറിയോ നോക്കിയിരുന്നോ
അമ്മ ഒന്നു മിണ്ടാതിരുന്നു പടം കണ്ടേ
“ബാലമോൾക്ക് എന്തോ ആപത്ത് വരുന്നു എന്ന് എന്റെ മനസ്സ് പറയുന്നു”
ഏത് ബാലമോൾ?
കറുത്തമുത്ത് സീരിയലിലെ
“അടിപൊളി, സിനിമ കാണുന്നതിന്റെ ഇടയിലാണോ അമ്മെ സീരിയൽ കാര്യം ”
സിനിമ കഴിഞ്ഞു ഞങ്ങൾ തീയേറ്ററിൽ നിന്നും പുറത്തേക്ക് ഇറങ്ങി
“മഴക്കോള് ഉണ്ടെന്നു തോന്നുന്നു, ആകാശത്ത് നക്ഷത്രങ്ങൾ ഇല്ല, തുണി ടെറസ്സിൽ കിടക്കുവാ, ശോ, അത് എടുത്തിടാൻ മറന്നു, നമ്മക്ക് വേഗം പോകാം ”
സിനിമ കഴിഞ്ഞിട്ടും വീടിനെ ഓർത്തുള്ള അമ്മയുടെ വേവലാതി കഴിഞ്ഞില്ല. ഇനി വീട് എത്തിയാലെ അത് മാറുക ഉള്ളൂ. ഞങ്ങൾ ബൈക്കിലേക്ക് കയറി മുന്നിലേക്ക് യാത്ര തുടങ്ങി.
“എടാ, തുണി മഴ പെയ്ത് നനഞ്ഞാലും സാരമില്ല, നീ പതിയെ പോയാൽ മതി”
“മഴ ഒന്നും പെയ്യില്ല അമ്മെ”
“നിനക്ക് അങ്ങനെ പറയാം. പുതിയ സ്റ്റിഫ് ആൻഡ് ഷൈൻ മുക്കി ഇട്ടു ഉണങ്ങിയ തുണികൾ ആണ്. അങ്ങനെ ഇപ്പോൾ മഴ പെയ്യണ്ട ”
ഞങ്ങളെ തഴുകി നല്ല തണുത്ത കാറ്റ് കടന്നു പോകുന്നുണ്ട്. പുറമേ ഇങ്ങനൊക്കെ കാണിക്കുന്നുണ്ടേലും ആ മനസ്സ് എത്രത്തോളം ആഹ്ലാദിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം, ബൈക്കിലേക്ക് കയറുമ്പോൾ അമ്മയുടെ കണ്ണിലെ നനവ് എനിക്ക് കാണാമായിരുന്നു.
സ്വന്തം സന്തോഷത്തിന്റെ പിന്നാലെ കുതിച്ചു പായുമ്പോൾ നമ്മളൊക്കെ ആ സ്നേഹം പലപ്പോഴും അറിയാൻ ശ്രമിക്കാതെ പോകുന്നു, എങ്കിലും ഒരു ശരിയായ വിശ്വാസം ആണ് ഒരാൾ ഈ ലോകത്ത് നമ്മൾക്ക് വേണ്ടി കാത്തിരിക്കും എന്ന്, സ്വന്തം അമ്മ. ശരിക്കും ഈ അമ്മമാർ എത്ര പാവങ്ങൾ ആണ്. ഒരിക്കലും നമ്മൾക്ക് അളന്നു മുറിച്ചു കണക്ക് എടുക്കാൻ പറ്റാത്ത സ്നേഹമാണ് അവരുടെ ഉള്ളം, അമ്മമാരുടെ മനസ്സിന്റെ ലോകം ചെറുതാണ്, ആ ചെറിയ ലോകത്ത് മക്കളുടെ സ്ഥാനം വാക്കുകൾക്ക് എഴുതി തീർക്കാൻ കഴിയാത്ത അത്രേം വിസ്തീർണം ആണ്. രാത്രി താമസിച്ചു വന്നാൽ വാതിൽ തുറക്കില്ല വെളിയിൽ കിടന്നോണം എന്നു പറയുകയും, ഉറക്കം ഒഴിച്ചു അത്താഴവുമായി കാത്തിരിക്കുന്ന സ്നേഹകടൽ ആണ് ഓരോ അമ്മമാരും, അമ്മയോളം നമ്മേ സ്നേഹിക്കാൻ ആർക്കാണ് ഈ ഭൂമിയിൽ കഴിയുക.
ഞങ്ങൾ അങ്ങനെ വീടെത്തി. അമ്മ ഇറങ്ങി. മുഖത്തെ ആ വേവലാതി മാറിയിട്ടുണ്ട്. മെല്ലെ നടന്നു വാതിലിനു അരികിൽ എത്തി താക്കോൽ ഇട്ട് പൂട്ട് തുറന്നു.
“ഞാൻ അമ്മയോട് അപ്പോഴേ പറഞ്ഞത് അല്ലേ, വാതിൽ അമ്മ പൂട്ടിയിരുന്നു എന്ന്. ഇപ്പോൾ സംശയം മാറിയില്ലേ.”
“എടാ എനിക്ക് അറിയാം ഞാൻ പൂട്ടിയെന്നു, പൂട്ടി സുരക്ഷിതം എന്നു മനസ്സിൽ ഉറപ്പിച്ചിട്ടല്ലേ ഞാൻ ഇവിടെ നിന്നും ഇറങ്ങിയത്. ന്നാലും
രചന : ഷിബു കൊല്ലം
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…