“നിങ്ങൾ ഇതുവരെ എന്നോട് I love you എന്ന് പറഞ്ഞിട്ടുണ്ടോ കല്യാണം കഴിഞ്ഞു ഇത്ര കാലം ആയിട്ടും”
ഭാര്യയുടെ ആ ചോദ്യത്തെ പുച്ഛിച്ചു തള്ളിയാണ് ഇന്ന് രാവിലെ വീട്ടിൽ നിന്നും പണിക്കു പോയത്. ഈ പൊട്ടിക്കു ഇതെന്താ, ഒരുമാതിരി പൈങ്കിളി പ്രേമത്തിലെ പിള്ളാരെ പോലെ, പിള്ളേര് രണ്ടെണ്ണം മുറ്റത്ത് ഓടി നടക്കുമ്പോളാ അവളുടെ ഒരു I love you.
അവളുടെ ആ ചോദ്യം മനസ്സിൽ നിന്നും പോവാതെ ആവർത്തിച്ചു വിശകലനം ചെയ്തു കൊണ്ടിരുന്നു. ശരിയാണ്. അങ്ങനൊരു വാക്കും ഞങ്ങൾ തമ്മിൽ പറഞ്ഞിട്ടില്ല. പക്ഷേ ഞങ്ങളിലെ സ്നേഹത്തിനു ഒരു കുറവും ഉണ്ടായിട്ടില്ല. എന്ത് കൊണ്ടാണ് ഞങ്ങൾ അങ്ങനെ പറയാതെ ഇരുന്നത്.
പെട്ടെന്ന് ഉണ്ടായിരുന്ന കല്യാണം ആയിരുന്നു. പെണ്ണുകാണലിനു പോയപ്പോൾ അവളുടെ കണ്ണിലെ നോക്കിൻ മുനയിൽ മനസ്സ് കോർത്തു പോയി, വേഗം എല്ലാം ഉറപ്പിച്ചു. കല്യാണം നടത്തി. ഇന്നും ഓർക്കുന്നു. കല്യാണം കഴിഞ്ഞു എനിക്ക് കൊടും പനി പിടിപെട്ടു കുറച്ചു ദിവസം കിടപ്പിൽ ആയി. ഞങ്ങളിലെ പുതുമയും അപരിചിതത്തവും പോകാത്ത നിമിഷം. അവൾ എന്നെ കഞ്ഞികുടിപ്പിച്ചപോളും മരുന്നു കഴിപ്പിച്ചപ്പോളും അവളിലെ ചങ്കിന്റെ പിടച്ചിൽ എനിക്ക് നന്നായി കേൾക്കാമായിരുന്നു.
ഞാൻ മെല്ലെ മയങ്ങുമ്പോൾ അവൾ ഉറങ്ങാതെ ഇരുന്നു എന്റെ തലയിൽ തടവും. ആ തലോടലിലെ പ്രണയവും അവളുടെ കരുതലിന്റെ ആഴവും രുചിക്കാൻ ഞാൻ ഉറങ്ങാതെ ഉറങ്ങിയപോലെ കിടക്കും.
പിന്നീട് പ്രണയത്തിന്റെ തീവ്രമായ നാളുകൾ ആയിരുന്നു ഞങ്ങളുടെ ജീവിതം. പക്ഷേ ആ വാക്ക് ഞങ്ങൾ പറഞ്ഞില്ല, പറയാൻ മറന്നു പോയി. അവളുടെ ആദ്യ പ്രസവത്തിനു ഞാൻ അനുഭവിച്ച പേറ്റുനോവ് എനിക്കും ആശുപത്രി വരാന്തയിലെ ഉണങ്ങിപിടിച്ച ചുമരിനും മാത്രമേ അറിയാവൂ. അവൾ അറിയാതെ എത്രയോ രാവുകൾ ഉറക്കം ഇല്ലാതെ മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തും
പണിയുണ്ടെങ്കിൽ കുടുംബം വെളിച്ചം നിറഞ്ഞത്, അല്ലെങ്കിൽ കരിനിഴൽ വീണത് എന്ന് പറയുമ്പോലെ ആണ് ഓരോ ദിവസകൂലി പണിക്കാരന്റെയും കാര്യം. പക്ഷേ, ഞാൻ അങ്ങനൊരു അവസ്ഥ അവർക്ക് ഉണ്ടാക്കിയിട്ടില്ല, അവരോടു എന്റെ പ്രയാസങ്ങൾ പറഞ്ഞിട്ടില്ല, ആ പ്രയാസത്തിൽ ഒക്കെ ഒരു നനവുള്ള സുഖം ഞാൻ അറിഞ്ഞിരുന്നു, അവർക്ക് വേണ്ടി ആണെല്ലോ ഓർക്കുമ്പോൾ.
ഇന്ന് ഒരു കാര്യം ഞാൻ തീരുമാനിച്ചു, രാവിലെ അവളുടെ വാക്കുകളെ പുച്ഛിച്ചു തള്ളിയെങ്കിലും ആ വാക്ക് ഞാൻ ഇന്ന് അവളോട് പറയും. പാവം ആണവൾ. ഒരുപാട് ആഗ്രഹം കാണും എന്നിൽ നിന്നും വെറുതെ അത് കേൾക്കാൻ.
വൈകിട്ട് പണി കഴിഞ്ഞു വീട്ടിലേക്കു എത്തി. മഴ പെയ്തൊഴിഞ്ഞ ഈറൻ സന്ധ്യയിലെ ആദ്രത നേരിയ ഇരുട്ടിനെ ചുംബിച്ചുണർത്തുന്നു.
എടിയേ പിള്ളേർ എവിടെ ?
അവർ മുറിയിലിരുന്ന് കളിക്കുന്നുണ്ട് ചേട്ടാ
നീ വേഗം ആ പാത്രം താഴെ വെച്ചിട്ട് നടുമുറ്റകോണിലെ നെല്ലറയിലേക്ക് വാ
അവൾ എന്നെ പകച്ചൊന്നു നോക്കി ഒരു ചെറു ചിരിയോടെ, ഞങ്ങളിലെ പല രാത്രിയിലേയും പ്രണയം അറിഞ്ഞ നാല് ചുമരുകൾ.
അവളേയും കൂട്ടി ഞാൻ അവിടേക്ക് ചെന്നു. ജാലകം പാതി തുറന്നിട്ടു. നേരിയ മഴക്കാറ്റ് അരിച്ചു കയറുന്നുണ്ട്. ഇരുട്ടിൽ വിഴുങ്ങിയ മുറിയിലെ അരണ്ട വെളിച്ചത്തിൽ അവളുടെ രണ്ട് ഉണ്ടക്കണ്ണുകൾ തിളങ്ങുന്നുണ്ട്. അവളേ ജനലിനോട് ചേർത്തു അവളുടെ മുടിയിഴയിലെ മറയത്ത് ഞാൻ നിന്നു.
എടിയേ ഞാൻ ഇന്ന് അത് നിന്നോട് പറയാൻ പോകുവാണ്.
എന്താണ് ചേട്ടാ ?
നീ രാവിലെ പറഞ്ഞില്ലേ, ആ വാക്ക് ഞാൻ നിന്നോട് പറഞ്ഞിട്ടില്ല എന്ന്
അവളുടെ നോക്കിന്റെ കൂർമത കൂടി വന്നു. പക്ഷേ എനികത്തു അവളോട് പറയാൻ പറ്റുന്നില്ല.
എടിയേ നീ ആ വാക്ക് എന്നോട് പറഞ്ഞിട്ടുണ്ടോ ?
അത്, ഞാൻ പറഞ്ഞിട്ടില്ല ചേട്ടാ, എന്തേ
നമ്മൾ രണ്ടാളും പരസ്പരം അങ്ങനെയൊന്നും പറഞ്ഞിട്ടില്ല അല്ലേ, ശരിക്കും നമ്മൾ എന്താ അങ്ങനെ പറയാഞ്ഞത് ഇത്രയും കാലം ആയിട്ടും ”
അവൾ ഒന്നും മിണ്ടാതെ എന്റെ അരികത്തു നിന്നു. അവൾ എന്റെ വായ അവളുടെ കയ്യ് കൊണ്ടു പൊത്തി പിടിച്ചു. ശരിയാണ്. ഞങ്ങൾ അത് പരസ്പരം പറയരുത്, അതിലാണ് ഞങ്ങളിലെ സ്നേഹം. പറയാൻ ഉള്ളതല്ല, അറിയാൻ ഉള്ളതാണ് സ്നേഹം, അത് ഞങ്ങൾ ഓരോ നിമിഷവും അറിഞ്ഞു കൊണ്ടിരിക്കുന്നു.
” നിനക്ക് ഓർമ്മയുണ്ടോ, കല്യാണം കഴിഞ്ഞു എനിക്ക് പനി വന്നു കിടന്ന നാളുകൾ, ശരിക്കും ആ പനിച്ചൂടിനെ നിന്നോടൊപ്പം പ്രണയിക്കുവായിരുന്നു ഞാൻ. നീ വന്നതിന് ശേഷം എനിക്ക് വന്ന ഓരോ അസുഖങ്ങളെയും ഞാൻ അത്രയധികം ഇഷ്ട്ടപ്പെട്ടു. ”
“നാറിയിട്ടു പാടില്ല, നിങ്ങളു പോയി കുളിച്ചിട്ടു വാ, വെല്ലതും കഴിക്കണ്ടേ, റൊമാൻസിക്കൊണ്ടിരുന്നാൽ വയറു നിറയില്ല. ”
അവൾ എന്റെ കയ്യ് തട്ടി മാറ്റി എന്റെ മൂക്കിൽ പിടിച്ചൊന്നു തിരുമ്മി അടുക്കളയിലേക്ക് നടന്നു. അവളിലെ ഒരു സുഗന്ധം ഉണ്ട്, എന്റെ വിയർപ്പിൽ ഒട്ടുമ്പോൾ ഉള്ള ഒരു നനവുള്ള സ്പർശം, അതിനെ ആവാഹിച്ചു ഞാൻ ആ ഇരുട്ടിൽ നിന്നു.
രചന – ഷിബു കൊല്ലം
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…