കട്ടിലിൽ ചുരുണ്ടുകൂടി കിടന്ന അവളുടെ ബ്രാ അവൾ കാണാതെ മെല്ലെ എടുത്ത് അലമാരയിലെ തുണികൾക്കിടയിലേക്ക് ചുരുട്ടി ഒളിപ്പിച്ചു വെച്ചു. മേശമേൽ ചുവന്നകറ ഇരുൾനിഴലിച്ച ചായ ഗ്ലാസ്സ് എടുത്ത് അടുക്കളയിൽ കൊണ്ടുപോയി വെള്ളം നിറച്ചുവെച്ചു. വീടാകെ പൊടിപിടിച്ചു തൂങ്ങിയിരുന്നു. മാറാല ചുമർകോണുകളിൽ കൂട്ടിൽ നിന്നും തുറന്നു വിട്ട പക്ഷിയെ പോലെ സ്വതന്ത്രമായി ചിറകടിച്ചിരുന്നു.
ഒതുക്കി വെപ്പിനിടയിൽ ബാൽക്കണിയിലെ കസേരമേൽ ആകാശം നോക്കി ഇരിക്കുന്ന അവളെ ഇടക്കിടക്ക് ഞാൻ നോക്കുന്നുണ്ടായിരുന്നു. മരുന്നുകളുടെ മുഷിഞ്ഞ ഗന്ധം ചുമരുകളിൽ അടർന്നു പോകാത്തവണ്ണം അദൃശ്യമായി ഒട്ടിപിടിച്ചിരുന്നു. ഗുളികകളുടെ ഒഴിഞ്ഞ വെള്ളി സ്ട്രിപ്‌സ് മേശമേൽ കുന്നുകൂടി കിടപ്പുണ്ട്. നീണ്ട ആശുപത്രിവാസത്തിന് ശേഷമുള്ള മടങ്ങി വരവ്.
ഗ്ലാസ്സിൽ വെള്ളം എടുത്ത് ഗുളികയുമായി അവൾക്കരുകിൽ എത്തി, യാന്ത്രികമായി അവൾ കയ്യ് നീട്ടി വെച്ചിരുന്നു, ഗുളിക അവളുടെ കയ്യിലേക്ക് കൊടുത്തു മെല്ലെ വെള്ളം കുടിപ്പിച്ചു.അവളുടെ കണ്ണുകളുടെ വരമ്പുകളിൽ നനവ് കുതിർന്നിരുന്നു. അവളുടെ കണ്ണുകളെ വിരൽ കൊണ്ട് മെല്ലെ തടവി ഞാൻ അവളുടെ താടി മെല്ലെ ഉയർത്തി എന്റെ കണ്ണിലേക്ക് അടുപ്പിച്ചു
” ദൈവം നിന്നെ എനിക്ക് തിരിച്ചു തന്നില്ലേ സന്തോഷിക്കുകയല്ലേ വേണ്ടത് ”
ഇളന്നു കിടന്ന അവളുടെ ടീ ഷർട്ടിൽ മെല്ലെ കയ്യ് വെച്ചു അവൾ എന്റെ കയ്യിൽ അവളുടെ കയ്യ് അമർത്തി പറഞ്ഞു
” ഈ മുലയില്ലാത്തവളുടെ കൂടെ നിങ്ങൾക്ക് ഇനി ജീവിക്കണോ, ചേട്ടന് മറ്റൊരു പെണ്ണിനെ നോക്കികൂടെ എന്നെ കളഞ്ഞിട്ട് ”
അവളുടെ കവിളിൽ വിരൽ കൊണ്ടൊരു ചുംബനം നൽകി ചോദിച്ചു
” വിട്ട് കൊടുക്കാൻ ആണോ നീ എന്നെ ഇങ്ങനെ മുറുകെ പിടിച്ചിരിക്കുന്നത്? ”
അവൾ കയ്യ് ഒന്നൂടെ അമർത്തി പിടിച്ചു, അവളുടെ നെറ്റിയിൽ മെല്ലെ തടവി ഞാൻ മെല്ലെ മുറിയിലേക്ക് തിരികെ നടന്നു. എന്റെ കണ്ണുകൾ നിറയുന്നുണ്ട്, സന്തോഷമാണോ സന്താപമാണോ ചോദിച്ചാൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യവുമായി.
സ്തനാർബുദത്തിന്റെ കൊടിയ അഗ്നിയിൽ നീറി അലറി കരഞ്ഞ അവളുടെ മുഖം മാത്രം ആയിരുന്നു മനസ്സിൽ, ആഘോഷതിമർപ്പിന്റെ ജീവിതാന്തരീക്ഷത്തിൽ അപ്രതീക്ഷതമായി വന്നു കേറിയ വിപത്ത്. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു തല്ലികെടുത്തിയ രാവ്പകലുകൾ. അവളുടെ ദുർവിധി ഓർത്ത് വാതിൽ മറയത്ത് കരഞ്ഞു തീർത്ത നിമിഷങ്ങൾ.
ഇന്നവൾ ആ വേദനയിൽ നിന്നും മോചിത ആയിരിക്കുകയാണ്.
നീണ്ടകാല ചികിത്സയിക്കൊടുവിൽ മാറിടം മുറിക്കപ്പെട്ടു ജീവിതത്തിലേക്ക് അവൾ തിരികെ വന്നിരിക്കുന്നു. പക്ഷെ ഇപ്പോഴും അവളുടെ ഉള്ളിൽ കത്തി തീർന്ന കനലുകൾ അവിടിവിടായി, വരികൾ മുഴുവിപ്പിക്കാനാവാതെ ചുരുട്ടി എറിഞ്ഞ അക്ഷരതുണ്ടുകൾ പോലെ ചിന്തകൾ ഒന്നിലും ഒരു പരിഹാരമായി എത്തിചേരുന്നില്ല.
അടുക്കളയിൽ ചൂടാറിതുടങ്ങിയ വെള്ളം മെല്ലെ എടുത്ത് ശുചിമുറിയിലേക്ക് കൊണ്ട് വെച്ചു. ബാൽക്കണിയിലേക്ക് തിരികെ വന്നു അവളെ മെല്ലെ ചേർത്ത് പിടിച്ചു എണീല്പിച്ചു. അവളെ തോളിൽ പിടിച്ചു ശുചിമുറിയിലേക്ക് കൊണ്ടുപോയി.
അവിടെ കരുതിയിരുന്ന സ്റ്റൂളിലേക്ക് അവളെ കയ്യ് പിടിച്ചു ഇരുത്തി. കുപ്പിയിൽ നിന്നും എണ്ണ എന്റെ കയ്യ് വെള്ളയിൽ എടുത്ത് അവളുടെ തലയുടെ നെറുകയിൽ മെല്ലെ തേച്ചു കൊണ്ടിരുന്നു, എണ്ണയുടെ ഈർപ്പ വഴുപ്പ് അഴിഞ്ഞു കിടന്ന അവളുടെ മുടിയിഴകളിലൂടെ ഊർന്നു ഇറങ്ങുന്നുണ്ടായിരുന്നു.
അവളെ വിവസ്ത്രയാക്കി അവളുടെ തുണികൾ ശുചിമുറിയുടെ മൂലയിൽ ഉണ്ടായിരുന്ന ബക്കറ്റിലേക്ക് ഇട്ടു. അവളുടെ തല വഴി മഗ്ഗിൽ വെള്ളം കോരി ഒഴിക്കുമ്പോൾ വെള്ളത്തോടൊപ്പം അവളുടെ കണ്ണുനീരും അടർന്നു കൊണ്ടിരുന്നു
” ചേട്ടാ, എനിക്കിപ്പോ അസുഖം മാറിയില്ലേ, എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്”
” ആര് പറഞ്ഞു കഷ്ടപാടാണെന്നു, ഞാൻ തന്നെ അല്ലേ ഇത്ര ദിവസവും ഇതൊക്കെ ചെയ്ത് തന്നത്,,ഇതൊന്നും സാരമില്ലെടോ, എന്റെ കർത്തവ്യം അല്ലെ”
രണ്ട് കയ്യ്കൊണ്ട് അവളുടെ കവിളുകൾ ചേർത്ത് പിടിച്ചു കണ്ണുകളിലേക്ക് ഞാൻ നോക്കി
” ചേട്ടാ, നാളെ നമ്മൾക്കൊരു കുഞ്ഞുണ്ടായാൽ ആ കുഞ്ഞിന് ഒരു തുള്ളി പാല് ചുരത്താൻ പോലും ഭാഗ്യമില്ലാത്തവൾ ആണ് ഞാൻ, ഇതിനേക്കാൾ ഏറെ ഞാൻ മരിക്കുന്നത് അല്ലായിരുന്നോ നല്ലത്”
” അങ്ങനെ ഒന്നും പറയരുത് നീ, നിന്നെ എനിക്ക് തിരിച്ചു കിട്ടുക, അത് മാത്രമായിരുന്നു എന്റെ ചിന്ത, നീ എന്റെ കൂടെ എന്നും വേണമെടോ
നിനക്കിപ്പോൾ സന്തോഷായില്ലേ, ആണായിട്ട് ജീവിക്കണം എന്ന് നീ എപ്പോഴും പറയാറില്ലായിരുന്നോ ”
” ചേട്ടന് തോന്നുന്നുണ്ടോ, മുല മുറിച്ചാൽ പെണ്ണ് പെണ്ണാവില്ല എന്ന്? ”
“ഒരിക്കലും ഇല്ല, ഞാൻ ആ പറഞ്ഞത് അതൊരു കളിയായി കൂട്ടിക്കോ, നിന്റെ പെണ്ണത്തം എന്നോളം ആർക്കാണ് അറിയുക”
” ചേട്ടാ, ആണായിട്ട് ജനിച്ചിരുന്നെങ്കിൽ എന്ന് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്ന ഒന്നാണ്, പക്ഷേ, സത്യമെന്തെന്നാൽ അവൾക്ക് ഒരു ദിവസം പോലും പെണ്ണാവാതെ ജീവിക്കാൻ കഴിയില്ല, പെണ്ണ് ആണിനെപ്പോലെ ആകാൻ നോക്കുന്നിടത്തല്ല , പെണ്ണ് പെണ്ണായിട്ട് അവളുടെ കഴിവുകളിൽ ഉയർച്ച നേടുന്നിടത്താണ് യഥാർത്ഥ ഫെമിനിസം”
” നീ ഇപ്പോൾ വിപ്ലവകാരി ആയോ ”
” ഒരിക്കലും അല്ല ചേട്ടാ, ഇതുവരെ അനുഭവിച്ച വേദനയേക്കാൾ ഭയമുണ്ട് മുൻപോട്ട് ജീവിക്കാൻ, എന്നെപോലെ ഒരു ഭാഗ്യംകെട്ടവളെ ഇനിയും സ്നേഹിച്ചാൽ ഒരുപക്ഷേ ചേട്ടന്റെ ഉറ്റവർ ചേട്ടനെ ഒറ്റപ്പെടുത്തും. സമൂഹം എന്നെ മുല ഇല്ലാത്തവൾ എന്ന നോട്ടതോടെ മാത്രമേ നോക്കൂ, ഒരുപക്ഷേ പരിഹാസം, അതുമല്ലെങ്കിൽ സഹതാപം.”
അവളുടെ രണ്ട് കയ്യ് കളിലും മുറുകെ പിടിച്ചു.
“ഈ ലോകം മുഴുവൻ എന്തും പറഞ്ഞോട്ടെ, ആരൊക്കെ വേണേൽ പരിഹസിച്ചോട്ടെ, ഒറ്റപ്പെടുത്തിക്കോട്ടെ. ഞാൻ ഉണ്ട്. ഞാനുണ്ടാവും നിനക്ക് എന്നും, എന്റെ ചങ്കിലെ അവസാന തുടിപ്പ് നിൽക്കും വരെ. അല്ല, അതിനപ്പുറവും ഞാൻ തുടിക്കും നിനക്ക് വേണ്ടി. നമ്മൾക്ക് നമ്മൾ മതിയെടോ, എന്താ അങ്ങനെ അല്ലെ”
ചുണ്ടിൽ വന്ന ചെറു പുഞ്ചിരി മെല്ലെ മാഞ്ഞു എന്റെ കഴുത്ത് അവളുടെ തോളിലേക്ക് ഇട്ട് ബക്കറ്റിൽ അലക്കാൻ കിടന്ന വസ്ത്രങ്ങളെ നോക്കി അവൾ തുടർന്നു.
” എന്തിനാടോ ചേട്ടാ ഇങ്ങനെ കഷ്ടപ്പെടുന്നത്, എന്നെ കളഞ്ഞിട്ട് വേറെ ഒരു നല്ല പെണ്ണിനെ കെട്ടി സുഖമായി ജീവിച്ചൂടെ ഇനിയെങ്കിലും, എത്രകാലമായി ഞാൻ കാരണം”
അവൾക്ക് തിരികെ മറുപടി നൽകാതെ അവളുടെ തോളിൽ നിന്നും നൂർന്ന് മെല്ലെ അവളുടെ കയ്യിൽ ഒരു നുള്ള് കൊടുത്തു. അവളുടെ ചുണ്ടിൽ മെല്ലെ സന്തോഷത്തിന്റെ ഒരു പുഞ്ചിരി വിടർന്നു. എന്റെ കയ്യൽ അവളുടെ ഈറൻ കയ്യ് തൊട്ട് ഒരു ചെറു നുള്ളുതന്നു.
തിരിച്ചുവരവിന്റെ പുത്തൻ നാമ്പുകൾ പ്രത്യാശയോടെ ഞങ്ങൾ ഇരുവരുടെയും മേലാകെ പരന്നു കൊണ്ടിരുന്നു.
നൂറ് നുള്ളുമ്മകൾ
രചന – ഷിബു കൊല്ലം
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…